
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
വ്യാപാരവത്കരിക്കപ്പെട്ട സമൂഹത്തിലും സ്ഥാപനവത്കരിക്കപ്പെട്ട സംഘടനകള്‍ക്കിടയിലും പ്രകടനപരതക്ക് അമിതസ്ഥാനമാണുള്ളത്. സമൂഹത്തില്‍ മൊത്തത്തില്‍ ബാധിച്ചിട്ടുള്ള ഈ പ്രവണത മതവിശ്വാസികള്‍ക്കിടയിലും പ്രകടമാണ്. പ്രകടനപരത പൊങ്ങച്ചത്തിന്റെ വകഭേദമാണ്. ആരാധനകളില്‍ പോലും അവയുടെ മൂല്യങ്ങള്‍ ചോര്‍ത്തിക്കളയും വിധം വ്യാപകമായ രീതിയില്‍ പ്രകടനപരത കടന്നുകൂടിയിരിക്കുന്നു. ഈ സ്വഭാവമുള്ള വിശ്വാസി നമസ്കരിക്കുന്നത് കാപട്യത്തിന്റെ ലക്ഷണമായാണ് ഖുര്‍ആന്‍ വിലയിരുത്തുന്നത്. പ്രകടനപരത പൈശാചികവും ആത്മാര്‍ത്ഥതയില്ലാത്തതുമാണ്. ഇവരുടെ നമസ്കാരവും ദാനധര്‍മങ്ങളും അത്തരത്തിലാ യിരിക്കും.
അല്ലാഹു പറയുന്നു: ‘ജനങ്ങളെ കാണിക്കാനായി തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിക്കുകയും അല്ലാഹുവിലോ അന്ത്യദിനത്തിലോ വിശ്വാസമില്ലാത്തവരുമാണവര്‍. പിശാചാണ് ഒരാളുടെ കൂട്ടുകാരനാകുന്നതെങ്കില് അവന് എത്ര ദുഷിച്ച കൂട്ടുകാരന്!’ (നിസാഅ്:38) സത്യമാര്‍ഗത്തിലേക്കുള്ള ധര്‍മസമരത്തെ പോലും പ്രകടനപരത സ്വാധീനിക്കാം. അതോടെ കര്‍മഫലം നിഷ്ഫലമാകും. ‘ഗര്‍വോടുകൂടിയും ജനങ്ങളെ കാണിക്കാന്‍ വേണ്ടിയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തടഞ്ഞുനിര്‍ത്താന്‍ വേണ്ടിയും തങ്ങളുടെ വീടുകളില്‍ നിന്ന് ഇറങ്ങിപ്പുറപ്പെട്ടവരെ പോലെ നിങ്ങളാകരുത്. അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.'(അന്‍ഫാല്‍: 47)
ഇസ്ലാം ഇത്രയും ഗൗരവത്തില്‍ കാണുകയും വിലയിരുത്തുകയും ചെയ്ത ഈ ദുസ്വഭാവത്തെ സമൂഹത്തിലെ വലിയൊരു വിഭാഗം അന്തസായി കാണുന്നു. കുടുംബത്തിലും രാഷ്ട്രീയ,സാമൂഹിക,സംഘടനകളിലും മറ്റും ലഭിക്കുന്ന അമിത പരിഗണനകള്‍ ഇത്തരക്കാരെ നശിപ്പിക്കും. അര്‍ഹതയുള്ളവരെ മാറ്റിനിര്‍ത്തി പ്രകടനപരതക്കാരെയും പൊങ്ങച്ചക്കാരെയും വേദികളിലും കൂട്ടായ്മകളിലും പ്രോത്സാഹിപ്പിക്കുന്ന മോശം സംസ്കാരമാണ് പലരും പിന്തുടരുന്നത്. പൊതുവേദികളിലും കുടുംബസദസുകളിലും വാക്ചാതുര്യത്താല് വലിഞ്ഞുകയറുന്ന പൊങ്ങച്ചക്കാര്‍ക്ക് സമൂഹം മാന്യത നല്കുന്ന സാഹചര്യവുമുണ്ട്.
വളരെ നിസാരമായി നമ്മള് സമീപിക്കുന്ന ഈ സ്വഭാവക്കാരെ ഇസ്ലാം വിലയിരുത്തുന്നത് ദൈവത്തില്‍ പങ്കുചേര്‍ക്കുന്നതിന് സമാനമാണ്. നബി (സ) പറയുന്നു: ‘ആരെങ്കിലും പ്രകടനപരതക്ക് വേണ്ടി നമസ്കരിച്ചാല്‍ അവന് (അല്ലാഹുവിനോട്) പങ്കുചേര്‍ത്തു (ശിര്‍ക്ക് ചെയ്തു). ആരെങ്കിലും പ്രകടനപരതക്ക് വേണ്ടി നോമ്പെടുത്താല്‍ അവന് പങ്കുചേര്‍ത്തു. ആരെങ്കിലും പ്രകടനപരതക്ക് വേണ്ടി ധര്‍മം ചെയ്താല്‍ അവന് പങ്കുചേര്‍ത്തു.” (അഹ്മദ്). പ്രകടനപരതക്ക് വേണ്ടി പാണ്ഡിത്യം ദുരുപയോഗപ്പെടുത്തിയ പണ്ഡിതനെയും ധനം വ്യയംചെയ്ത ഉദാരമതിയെയും അല്ലാഹു പരലോകത്തില്‍ പരസ്യവിചാരണ ചെയ്ത് അപമാനിച്ച് നരകത്തില്‍ തള്ളുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. പ്രവാചകന് (സ) ഒരിക്കല്‍ പറയുകയുണ്ടായി: ”തീര്‍ച്ചയായും ചെറിയ ശിര്‍ക്കാണ് ഞാന്‍ നിങ്ങളുടെ കാര്യത്തില്‍ കൂടുതലായി ഭയപ്പെടുന്നത്. അനുചരന്മാര് ചോദിച്ചു: പ്രവാചകരേ, എന്താണ് ചെറിയ ശിര്‍ക്ക്? നബി (സ) പറഞ്ഞു: പ്രകടനപരത.”(അഹ്മദ്)