
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അല്ലാഹു നിര്‍ബന്ധമാക്കിയ കാര്യങ്ങള്‍ ചെയ്യുന്നതാണ് അവന് ഏറ്റവും ഇഷ്ടകാര്യവും അവനിലേക്ക് അടുക്കാനുള്ള പ്രഥമപ്രധാനമായ മാര്‍ഗവുമെന്ന് അല്ലാഹു തന്നെ പറഞ്ഞത് നബി (സ്വ) ഉദ്ധരിച്ചിട്ടുണ്ട് (ഹദീസ് ബുഖാരി 6502). അത്തരത്തില്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട പഞ്ചസ്തംഭങ്ങളായ ഇസ്ലാം കാര്യങ്ങളില്‍പ്പെട്ടതാണ് സകാത്ത് അഥവാ ദാനധര്‍മം. ധനത്തില്‍ നിന്നുള്ള ധര്‍മം അതിനെ ശുദ്ധീകരിക്കും. അല്ലാഹു പറയുന്നു: അവരെ ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന സകാത്ത് അവരുടെ സമ്പത്തില്‍ നിന്ന് താങ്കള്‍ വാങ്ങുക (സൂറത്തുത്തൗബ 103). നബി (സ്വ) പറയുന്നു: നിങ്ങളുടെ ഇസ്്ലാം പൂര്‍ണമാവണമെങ്കില്‍ നിങ്ങളുടെ സമ്പത്തില്‍ നിന്ന് സകാത്ത് നിര്‍വഹിക്കേണ്ടിയിരിക്കുന്നു (ഹദീസ് മുഅ്ജമുല്‍ കബീര്‍ 06).
പരിശുദ്ധ ഖുര്‍ആനില്‍ ഇരുപത്തേഴ് സ്ഥലങ്ങളില്‍ നമസ്കാരം പരാര്മശിക്കുന്നതോടൊപ്പം സകാത്തിനെയും പറഞ്ഞിട്ടുണ്ട്. അല്ലാഹു പറയുന്നു: നിങ്ങള്‍ നമസ്കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുക (സൂറത്തു ബഖറ 110). യഥാവിധി സകാത്ത് നല്കിയാല് പലതുണ്ട് നേട്ടങ്ങള്‍. സകാത്ത് കൃതിമായി ദാനം ചെയ്യുന്നവന് ഈമാനിന്റെ മാധുര്യം നുകരാനാവുമെന്നാണ് നബി (സ്വ) പഠിപ്പിക്കുന്നത് (ഹദീസ് അബൂദാവൂദ് 1582). സകാത്ത് ദാനത്താല്‍ ഒരാളുടെ ധനം കുറയുകയല്ല, മറിച്ച് കൂടൂകയാണ്. അയാളുടെ ധനത്തിന് അല്ലാഹു അഭിവൃദ്ധിയും നല്കുമത്രെ. പ്രത്യുത അവന്റെ സംതൃപ്തി കാംക്ഷിച്ചു കൊടുത്താല്‍ അവര്‍ തന്നെയത്രെ ഇരട്ടിപ്പിക്കുന്നവര്‍ (സൂറത്തു റൂം 39).
ദാനധര്‍മം ചെയ്യുന്നവര്‍ക്ക് അല്ലാഹു ഇരട്ടിയായ പ്രതിഫലങ്ങള്‍ നല്‍കുകയും ധനത്തിന് നല്ല പകരങ്ങള്‍ നല്‍കുകയും ചെയ്യും. നബി (സ്വ) മൂന്നു കാര്യങ്ങള്‍ ശപഥം ചെയ്തുപറഞ്ഞു, അതിലൊന്ന് ദാനം നല്‍കിയത് കാരണത്താല്‍ ഒരാളുടെയും ധനം കുറഞ്ഞിട്ടില്ല എന്നതാണ് (ഹദീസ് തുര്‍മുദി 2478). പഴവര്‍ഗങ്ങള്‍,ഈത്തപ്പഴം,ആട്,മാട്,ഒട്ടകം എന്നിങ്ങനെ വിവിധങ്ങളായ ധനങ്ങളില്‍നിന്ന് യഥാവിധി സകാത്ത് നല്കുന്നവന്റെ നന്മകള് അല്ലാഹുവിങ്കല്‍ സുകൃതങ്ങളായി രേഖപ്പെടുത്തപ്പെടുന്നതായിരിക്കും. താന്‍ ഐഹിക ലോകത്തില്‍ അനുവര്‍ത്തിച്ച മുഴുവന്‍ സല്‍ക്കര്‍മങ്ങളും ഹാജറാക്കപ്പെട്ടതായി ഓരോ വ്യക്തിയും കണ്ടെത്തുന്ന നാള് സ്മരണീയമാണ് (സൂറത്തു ആലുഇംറാന് 30).
ജീവിത കാലത്ത് ധനത്തിന്റെ സകാത്ത് നല്കാത്തവന് മരണശേഷം സകാത്ത് നല്കി വീട്ടാന്‍ ഒരവസരം കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിക്കുമെന്ന് ഇബ്നു അബ്ബാസ്(റ) പറഞ്ഞിട്ടുണ്ട്. നിങ്ങളിലോരോരുത്തര്‍ക്കും മരണമാസന്നമാകും മുമ്പേ നാം തന്നതില്‍ നിന്ന് ചെലവഴിക്കുക. തത്സമയം അവന് ഇങ്ങനെ പരിഭവിച്ചേക്കാം ‘നാഥാ സമീപസ്ഥമായ ഒരവധി വരെ നീ എന്താണെന്നെ പിന്തിച്ചുതരാത്തത് , അങ്ങനെയെങ്കില്‍ ഞാന്‍ ദാനം ചെയ്യുകയും സജ്ജനങ്ങളിലുള്‍പ്പെടുകയും ചെയ്യാം’ (സൂറത്തു മുനാഫിഖൂന്‍ 10).
വര്‍ഷങ്ങളായി സകാത്ത് നല്‍കാതെ കുന്നുകൂട്ടിയവര്‍ ബാധ്യതകളെ അവഗണിക്കരുത്, നല്‍കാനുള്ള അവസരങ്ങളുണ്ട്. നിര്‍ബന്ധമായും നല്‍കണം. ബാധ്യതകള്‍ വീട്ടണം. നാളെത്തേക്ക് നീട്ടിവെക്കരുത്. അല്ലാഹു സകാത്തിന് നിബന്ധനകളും ചട്ടങ്ങളും വെച്ചിട്ടുണ്ട്. ഓരോ ധനവിഭാഗത്തില്‍ നിന്നും കണക്കെത്തി ഒരു ഹിജ്റ വര്ഷസമയം ആയാലാണ് സകാത്ത് നല്കല് ബാധ്യതയാവുന്നത്. അങ്ങനെയുള്ള ധനത്തിന് സകാത്ത് നല്കാത്തവര്ക്കിടയില് മറ ഉണ്ടായിരിക്കുന്നതാണ്. സമൂഹത്തിലെ സകാത്തിന് അര്‍ഹരായവരിലേക്കാണ് അത് വിതരണം ചെയ്യേണ്ടത്.