
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ഖുര്‍ആന്‍ പറയുന്നു: ‘സത്യവിശ്വാസികളേ,നിങ്ങളുടെ മുമ്പുള്ളവരോട് കല്പിച്ചിരിക്കുന്നത് പോലെ തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കാന്‍ വേണ്ടിയത്രെ ഇത്. എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). ഞെരുങ്ങിക്കൊണ്ട് മാത്രം അതിന് സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവനുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്മ ചെയ്താല്‍ അതവന് ഗുണകരമാകുന്നു. നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക് ഉത്തമം. ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആര്‍ അവതരിക്കപ്പെട്ട മാസമാകുന്നു റമസാന്‍. അതുകൊണ്ട് നിങ്ങളില്‍ ആര് ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കാനും നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാനും വേണ്ടിയത്രെ (ഇങ്ങനെ കല്പിച്ചിട്ടുള്ളത്).” (അല്‍ബഖറ 183-185) വ്രതാനുഷ്ഠാനത്തെക്കുറിച്ചുള്ള വ്യക്തമായ ഇസ്ലാമിക കാഴ്ചപ്പാടാണ് ഈ ഖുര്‍ആന്‍ സൂക്തങ്ങളില്‍ വ്യക്തമാക്കുന്നത്. നോമ്പ് എന്നര്‍ത്ഥം വരുന്ന സ്വൗം, സ്വിയാം എന്നീ വാക്കുകളുടെ അടിസ്ഥാന ആശയം പരിവര്ജനം,സംയമനം എന്നൊക്കെയാണ്. ‘സ്വിയാം’ എന്ന വാക്കിന്റെ ഭാഷാര്‍ത്ഥം സമ്പൂര്‍ണമായ സംയമനം എന്നതാണ്. ഒരാള്‍ തന്റെ സംസാരവും ഭക്ഷണവും വര്ജിച്ചു. എന്നിട്ടയാള്‍ സംസാരിച്ചുമില്ല,ഭക്ഷിച്ചുമില്ല. എങ്കില്‍ ഭാഷാര്‍ത്ഥത്തില്‍ അവനെ ‘സ്വാഇം’ എന്നു വിളിക്കാം. ‘പരമകാരുണികന് ഞാന്‍ ‘സ്വൗമ്’ നേര്‍ന്നിരിക്കുന്നു (ഖുര്‍ആന്‍19:26) എന്ന ഖുര്‍ആന്‍ വാക്യത്തിലെ സ്വൗം ഭാഷാര്‍ത്ഥത്തില്‍ പ്രയുക്തമായതാണ്. അതായത് സംസാരം വര്‍ജിക്കാമെന്ന് ശപഥം ചെയ്തിരിക്കുന്നു.’ (കിതാബുല്‍ ഫിഖ്ഹി അലല്‍ മദാഹിബില്‍ അര്‍ബഅ 1:541). മര്‍യം ബീവിയുടെ മൗനവ്രതത്തെക്കുറിച്ചാണ് മേല്‍ ഖുര്‍ആന്‍ വാക്യത്തില്‍ ‘സ്വൗം’ എന്ന പ്രയോഗം വന്നിരിക്കുന്നത്. വിശുദ്ധ റമസാന്‍ വ്രതത്തിലൂടെ ‘സ്വൗം’ എന്ന പ്രയോഗത്തെ ജീവിതത്തില്‍ അര്ത്ഥവത്കരിച്ചാല് നോമ്പ് പരിപൂര്‍ണമാക്കാന്‍ വിശ്വാസിക്ക് സാധ്യമാകും. റമസാനിന്റെ ആത്യന്തിക ലക്ഷ്യവും ഇതുതന്നെയാണ്.