
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
അബുദാബി: റമസാനില്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ 10,000 ത്തിലധികം അവശ്യ പലചരക്ക് സാധനങ്ങള്‍ക്ക് 65 ശതമാനം വരെ കിഴിവ് ലഭിക്കുമെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. യുഎഇയിലെ ഉപഭോക്താക്കള്‍ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിന് ഇത് ഗുണകരമാവും. ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ക്ക് വിപുലമായ റമസാന്‍ കിഴിവുകള്‍ നല്‍കുന്നതിനായി മന്ത്രാലയം പ്രധാന റീട്ടെയിലര്‍മാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. കൂടാതെ ദിവസേനയുള്ള പുതിയ ഉല്പന്നങ്ങളുടെ ഇറക്കുമതി സ്ഥിരതയുള്ളതായി അധികൃതര്‍ ഉറപ്പാക്കിയിട്ടുണ്ട്. കുറഞ്ഞത് 15,000 ടണ്‍ പഴങ്ങളും പച്ചക്കറികളും ദുബൈയിലെ സെന്‍ട്രല്‍ മാര്‍ക്കറ്റായ അല്‍ അവീറില്‍ എത്തുന്നുണ്ട്. കൂടാതെ അബുദാബി വ്യാപാരികള്‍ പ്രതിദിനം 6,000 ടണ്‍ ഇറക്കുമതി ചെയ്യുന്നു. വിതരണക്ഷാമം തടയുന്നതിനും രാജ്യത്തുടനീളം മത്സരാധിഷ്ഠിത വിലനിര്‍ണ്ണയം നിലനിര്‍ത്തുന്നതിനുമാണ് ഈ നടപടികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. റമസാന്‍ മുന്നോടിയായി ഉപഭോക്തൃ സംരക്ഷണവും വിപണി സ്ഥിരതയും നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങള്‍ മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്.
ന്യായമായ വിലനിര്‍ണ്ണയം ഉറപ്പാക്കുന്നതിനും വിപണി ചൂഷണം തടയുന്നതിനും അവശ്യവസ്തുക്കളുടെ സ്ഥിരമായ വിതരണം നിലനിര്‍ത്തുന്നതിനുമുള്ള നിരവധി സംരംഭങ്ങള്‍ രൂപപ്പെടുത്തി. ആഗോളതലത്തില്‍ മികച്ച രീതികള്‍ക്ക് അനുസൃതമായി വിപണി നീതിയും വില സ്ഥിരതയും ഉറപ്പാക്കുന്നതിന് യുഎഇ ശക്തമായ ഒരു സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടര്‍ സുല്‍ത്താന്‍ അഹമ്മദ് ദര്‍വീഷ് പറഞ്ഞു. ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പുതിയ വിലനിര്‍ണ്ണയ നയം പ്രകാരം, പാചക എണ്ണ, മുട്ട, പാലുല്‍പ്പന്നങ്ങള്‍, അരി, പഞ്ചസാര, കോഴി, പയര്‍വര്‍ഗ്ഗങ്ങള്‍, റൊട്ടി, ഗോതമ്പ് തുടങ്ങിയ ഒമ്പത് പ്രധാന ഇനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതിയില്ലാതെ വില വര്‍ധിപ്പിക്കാന്‍ കഴിയില്ല. മറ്റ് ഉല്‍പ്പന്നങ്ങള്‍ വിപണി മത്സരത്തിന് വിധേയമാകുമ്പോള്‍ അന്യായമായ കുതിച്ചുചാട്ടം തടയുന്നതിന് വിലനിര്‍ണ്ണയം സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. 2024 ന്റെ തുടക്കം മുതല്‍ പ്രധാന റീട്ടെയിലര്‍മാരുമായും വിതരണക്കാരുമായും മന്ത്രാലയം 60ലധികം മീറ്റിംഗുകള്‍ നടത്തി. പുതുക്കിയ വിലനിര്‍ണ്ണയ നിയന്ത്രണങ്ങള്‍ പാലിക്കാനും വിതരണ ശൃംഖല സ്ഥിരത നിലനിര്‍ത്താനും നടപടികള്‍ സ്വീകരിച്ചു. വില നിയന്ത്രണം നിരീക്ഷിക്കാന്‍ ദേശീയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആരംഭിച്ചു. പ്രധാന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളിലും സഹകരണ സംഘങ്ങളിലും അവശ്യവസ്തുക്കളുടെ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ നിരീക്ഷിക്കാന്‍ അധികാരികളെ ഈ തത്സമയ ട്രാക്കിംഗ് സംവിധാനത്തിന് കഴിയും. കൂടാതെ, മന്ത്രാലയം രാജ്യവ്യാപകമായി മാര്‍ക്കറ്റ് പരിശോധനകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. റമസാനിലുടനീളം 420 പരിശോധനകള്‍ കൂടി നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ട്. വിലനിര്‍ണ്ണയ ക്രമക്കേടുകള്‍, വഞ്ചനാപരമായ പ്രമോഷനുകള്‍ അല്ലെങ്കില്‍ അന്യായമായ വ്യാപാര രീതികള്‍ എന്നിവ മന്ത്രാലയത്തിന്റെ ഹോട്ട്ലൈന്‍ 8001222 വഴിയുംപരാതിപ്പെടാം.