
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
55 പുതിയ പള്ളികള്‍ നിര്‍മിക്കും
ദുബൈ: യുഎഇയിലെ ആദ്യ ത്രീഡി പ്രിന്റഡ് പള്ളി 2026 രണ്ടാം പാദത്തില്‍ തുറക്കുമെന്ന് ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. 2023 ജനുവരിയില്‍ ആദ്യമായി പ്രഖ്യാപിച്ച പള്ളിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ദുബൈയില്‍ 475 മില്യണ്‍ ദിര്‍ഹം ചെലവില്‍ 55 പുതിയ പള്ളികള്‍ നിര്‍മിക്കും. ആകെ 40,961 ആരാധകരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരിക്കും ഇത്. അതേസമയം ഭാവിയിലെ പള്ളി നിര്‍മ്മാണത്തിനായി 54 പുതിയ പ്ലോട്ടുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് ഡിപ്പാര്‍ട്ട്മെന്റിന്റെ പള്ളി കാര്യ വിഭാഗം അറിയിച്ചു. മസ്ജിദ് വിപുലീകരണ പദ്ധതികളുടെ ഭാഗമായി 172 മില്യണ്‍ ഡോളര്‍ ചെലവില്‍ 24 പുതിയ പള്ളികള്‍ നിര്‍മ്മിച്ചു. ആകെ 13,911 ആരാധകരെ ഉള്‍ക്കൊള്ളാന്‍ കഴിയും. അതേസമയം ദുബൈയിലെ ആദ്യത്തെ സ്വയംപര്യാപ്തമായ പള്ളി ഉദ്ഘാടനം ചെയ്തു. 18,150,000 ദിര്‍ഹം ചെലവില്‍ 499 ആരാധകരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഇത് പരിസ്ഥിതി സുസ്ഥിരത കൈവരിക്കുന്ന നിര്‍മിതിയാണ്. റമസാന്‍ മുന്നോടിയായി ദുബൈയില്‍ പുതിയ പള്ളികളുടെ ഉദ്ഘാടനം നടന്നു. ഇബ്രാഹിം അലി അല്‍ ഗെര്‍ഗാവി പള്ളി കഴിഞ്ഞ ആഴ്ച മിര്‍ദിഫില്‍ തുറന്നു. 2,226 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ പള്ളിയില്‍ 544 ആരാധകരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഇന്‍ഡോര്‍ പാര്‍ക്കിംഗ്, സമര്‍പ്പിത വുദു ഏരിയകള്‍, വൈവിധ്യമാര്‍ന്ന സമൂഹ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഉള്‍ക്കൊള്ളുന്ന സൗകര്യങ്ങള്‍ എന്നിവയുമുണ്ട്. അല്‍ ബര്‍ഷയില്‍ അല്‍റഹ്മാന്‍ പള്ളി ഞായറാഴ്ച ഐഎസിഎഡി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് ദര്‍വീഷ് അല്‍ മുഹൈരിയുടെയും ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ മര്വാന് അഹമ്മദ് ബിന്‍ ഗാലിറ്റയുടെയും സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തു. 1,275 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തൃതിയുള്ള ഈ പള്ളിയില്‍ 504 ആരാധകരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഇസ്ലാമിക സന്ദേശം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന് വെള്ളിയാഴ്ച പ്രഭാഷണങ്ങളുടെ ഇംഗ്ലീഷിലേക്കുള്ള വിവര്‍ത്തനം കൂടുതല്‍ പള്ളികളിലേക്ക് വ്യാപിപ്പിച്ചു. 70% പള്ളികളിലും വെള്ളിയാഴ്ച പ്രഭാഷണ വിവര്‍ത്തനങ്ങള്‍ ഇംഗ്ലീഷിലേക്ക് വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായും വെളിപ്പെടുത്തി. ദുബൈയിലെ പള്ളികളിലെ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 5% കുറവ് രേഖപ്പെടുത്തി. വായു ഗുണനിലവാരം അളക്കുന്നതിനുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചതിന്റെ ഫലമായി ഊര്‍ജ കാര്യക്ഷമത 20%മെച്ചപ്പെട്ടു.