
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
റിയാദ്: സഊദി അറേബ്യയുടെ സ്ഥാപക ദിനം രാജ്യം വര്‍ണാഭമായി ആഘോഷിച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ പ്രവിശ്യകളില്‍ നടന്ന കലാ,സാംസ്കാരിക പരിപാടികള്‍ രാജ്യത്തിന്റെ മൂന്ന് നൂറ്റാണ്ട് കാലത്തെ മഹത്തായ ചരിത്രവും പാരമ്പര്യവും അനാവരണം ചെയ്തു. 21 മുതല്‍ 24 വരെ നടന്ന സ്ഥാപക ദിനാഘോഷത്തില്‍ സ്വദേശികള്‍ക്കൊപ്പം വിദേശികളും അണിനിരന്നു. ഇമാം മുഹമ്മദ് ബിന്‍ സഊദ് 1727ല്‍ (ഹിജ്റ വര്‍ഷം 1139) ദിരിയ്യ ആസ്ഥാനമായി സഊദ് രാഷ്ട്രം സ്ഥാപിച്ചതിന്റെ സ്മരണ പുതുക്കുന്ന ഈ ദിനത്തില്‍ തലസ്ഥാനമായ റിയാദില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. ഘോഷയാത്രകളും സംഗീത പരിപാടികളും വെടിക്കെട്ടും രാജ്യത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്ന പ്രത്യേക ഷോകളും ആഘോഷത്തിന് പൊലിമ പകര്‍ന്നു. വാരാന്ത്യ ദിനമായതിനാല്‍ സ്ഥാപകദിന അവധി ഞായറാഴ്ച കൂടി ലഭിച്ചതോടെ കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ സിറ്റി അടക്കമുള്ള ആഘോഷ കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. റിയാദിലെ നാഷണല്‍ മ്യൂസിയത്തില്‍ നടന്ന സാംസ്കാരിക ഘോഷയാത്ര സന്ദര്‍ശകര്‍ക്ക് രാജ്യത്തിന്റെ ചരിത്രപരവും നാഗരികവും സാംസ്കാരികവുമായ മുന്നേറ്റത്തിന്റെ സൂചകമായി മാറി. സഊദി രാഷ്ട്രത്തിന് അടിത്തറ പാകിയ ദിരിയ്യയെന്ന ചരിത്ര നഗരിയുടെ സ്ഥാപകനായ ഇതിഹാസ രാജകുമാരന് മണി അല്‍ മുറൈദിയുടെ കഥ വിവരിക്കുന്ന ഷാഡോ തിയേറ്റര്‍ പഠനാര്‍ഹമായി. വിദേശ നാണയങ്ങള്‍ ഉപയോഗിക്കുന്നത് മുതല്‍ പരമാധികാരവും സാമ്പത്തിക ഐക്യവും ഉള്‍ക്കൊള്ളുന്ന ഒരു ദേശീയ കറന്‍സി അവതരിപ്പിക്കുന്നത് വരെയുള്ള രാജ്യത്തിന്റെ കറന്‍സിയുടെ പരിണാമമാണ് ഇവിടെ ജനങ്ങളെ ആകര്‍ഷിച്ച മറ്റൊരു ഘടകം. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട കഴിവുകളിലൂടെ രൂപപ്പെടുത്തിയ പരമ്പരാഗത കരകൗശലവസ്തുക്കള്‍ കൗതുകം പകര്‍ന്നു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ അലങ്കരിക്കുകയും പ്രധാന പാതായോരങ്ങളില്‍ 8,000 പതാകകള്‍ ഉയര്‍ത്തുകയും ചെയ്തു. ബോളിവാര്‍ഡ് സിറ്റിയില്‍ നടന്ന ഇന്ററാക്ടീവ് കമ്മ്യൂണിറ്റി ആര്‍ട്ട് ഇന്സ്റ്റാളേഷന് പ്രോഗ്രാം രാജ്യത്തിന്റെ ഐക്യവും സാംസ്കാരിക ബന്ധവും ഊട്ടിയുറപ്പിക്കുന്ന മികച്ച പരിപാടിയായിരുന്നു. ജിദ്ദ,ദമാം തുടങ്ങി വിവിധ പ്രവിശ്യകളില്‍ നടന്ന മെമ്മറി ഓഫ് ദി ലാന്‍ഡ് ഈവന്റ് സന്ദര്‍ശകരെ രാജ്യത്തിന്റെ ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അല്‍ ഉലയില്‍ നടന്ന അല്‍ സ്രായ ഫെസ്റ്റിവല്‍ സന്ദര്‍ശിക്കാന്‍ നിരവധിയാളുകളാണ് കുടുംബ സമേതം എത്തിയത്. റിയാദില്‍ കിങ്ഡം ടവര്‍,ഫൈസലിയ ടവര്‍ കിങ്അബ്ദുല്ല ഫിനാന്‍ഷ്യല്‍ സിറ്റി അടക്കം വിവിധ ഭാഗങ്ങളില്‍ നടന്ന ലേസര്‍ ഷോകളും വെടിക്കെട്ട് പ്രകടനവും മനോഹരമായിരുന്നു. രാജ്യത്തെ പൗരാണിക കേന്ദ്രങ്ങളും കാര്യാലയങ്ങളും ഹരിതമയമായി. ആഘോഷ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ നടന്ന ഡ്രോണ്‍ ഷോ ആകാശകമായി.
സഊദി നാഷണല്‍ ഓര്‍ക്കസ്ട്രയുടെ നേതൃത്വത്തില്‍ കിങ് ഫഹദ് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന സംഗീത,ദൃശ്യ പരിപാടിയില്‍ നൃത്തചുവടുകളോടെയാണ് ജനം ആഘോഷത്തില്‍ പങ്കാളികളായത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാജ്യത്തെ ചരിത്രവും മഹിമയും ഉദ്ഘോഷിക്കുന്ന പരിപാടികള്‍ നടന്നു. സാംസ്കാരിക തനിമ വിളിച്ചോതുന്ന ഘോഷയാത്രകളും പരമ്പരാഗത വേഷമണിഞ്ഞുള്ള നൃത്ത,സംഗീത പരിപാടികളും സ്ഥാപക ദിനാഘോഷത്തെ വര്‍ണാഭമാക്കി. വ്യാപാര,വാണിജ്യ സ്ഥാപനങ്ങളും ആഘോഷ പരിപാടികളും വിലക്കിഴിവും പ്രഖ്യാപിച്ച് രാജ്യത്തിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിവിധ പ്രവിശ്യകളില്‍ നടന്ന സാംസ്കാരിക ഘോഷയാത്രകളും ഒത്തുക്കൂടലും വേറിട്ട അനുഭവമായി.