
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
കോട്ടയം: ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശ കേസില്‍ ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയ പിസി ജോര്‍ജിനെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്ക് റിമാന്റ്. ഇന്ന് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. വൈകിട്ട് ആറ് മണി വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അതിനു ശേഷം പാലാ സബ്ജയിലിലേക്ക് മാറ്റും. ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും നാടകീയമായി കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു. ഈരാറ്റുപേട്ട കോടതിയില്‍ അഭിഭാഷകനൊപ്പമാണ് പിസി ജോര്‍ജ് കീഴടങ്ങാന്‍ എത്തിയത്. അറസ്റ്റ് ചെയ്യാനുള്ള പോലീസിന്റെ നീക്കം മറി കടന്നാണ് കീഴടങ്ങല്‍. നേരത്തെ ഹൈക്കോടതി പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. അറസ്റ്റ് ചെയ്യാനായി ശനിയാഴ്ച പോലീസ് വീട്ടിലെത്തിയെങ്കിലും പി സി ജോര്‍ജ് വീട്ടിലില്ലാത്തതിനെ തുടര്‍ന്ന് മടങ്ങിയിരുന്നു. ചാനല്‍ ചര്‍ച്ചയിലെ പരമാര്‍ശത്തിനു പിന്നാലെ വിഷയം വിവാദമായതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ പിസി ജോര്‍ജ് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഈരാറ്റുപേട്ടയിലെ യൂത്ത് ലീഗ് പരാതി നല്‍കിയതോടെ പോലീസ് കേസെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയെങ്കിലും തള്ളി. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.