രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്നയിൽ ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കറിനെ തഴഞ്ഞു
ഗോളാകൃതിയിലുള്ള ഒരു വസ്തു അന്തരീക്ഷത്തിലൂടെ അതിവേഗത്തിൽ കറങ്ങിത്തിരിഞ്ഞു സഞ്ചരിക്കുമ്പോൾ അതിൻ്റെ ദിശ നേർരേഖയിൽ നിന്നു മാറുന്നതെന്തു കൊണ്ട്?
മാഗ്നസ് പ്രഭാവം കൊണ്ട് ലമീൻ യമാൽ ഇങ്ങനെ ഉത്തരമെഴുതി പഠിച്ചിട്ട് അധിക കാലമായിട്ടില്ല. കൂടെ പഠിച്ചവരെല്ലാം ഫിസിക്സിലെ ഈ തിയറി മാത്രം പഠിച്ചപ്പോൾ പതിനാറുകാരൻ യമാൽ അതിൻ്റെ ‘പ്രാക്ടിക്കൽ’ ഇന്നലെ പരീക്ഷിച്ചു ഫ്രാൻസ് ടീമിൻ്റെ ഗോൾ പോസ്റ്റിൽ! മ്യൂണിക്കിലെ അലിയാൻസ് അരീനയിൽ യൂറോ കപ്പ് സെമിഫൈനലിൻ്റെ 21–ാം മിനിറ്റിൽ, പെനൽറ്റി ഏരിയയ്ക്കു തൊട്ടുപുറത്തു നിന്ന് യമാൽ കാലു കൊണ്ടു കറക്കിത്തിരിച്ചു വിട്ട പന്ത് ഫ്രഞ്ച് ഗോൾപോസ്റ്റിലേക്കു ചാഞ്ഞിറങ്ങിയപ്പോൾ യമാലിന്റെ അധ്യാപകരും കൂട്ടുകാരും മാത്രമല്ല, ലോകം മുഴുവൻ കയ്യടിച്ചു. ആ പന്തിൽ ഒരു താരോദയത്തിന്റെ കാലൊപ്പുണ്ടായിരുന്നു!
ജർമനിയുടെ ജമാൽ മുസിയാളയും ഇംഗ്ലണ്ടിന്റെ ജൂഡ് ബെലിങ്ങാമും തുർക്കിയുടെ അർദ ഗുലറും സ്പെയിനിന്റെ തന്നെ നിക്കോ വില്യംസുമെല്ലാം വരവറിയിച്ച യൂറോയെ ഈ വണ്ടർ ഗോളോടെ ഒറ്റയ്ക്കു സ്വന്തമാക്കിയിരിക്കുകയാണ് അവരെക്കാൾ മൂന്നോ നാലോ വയസ്സിനു ഇളയ യമാൽ. എന്നാൽ യമാലിന്റെ യൂറോ ഈ ഗോളിലൊതുങ്ങുന്നതുമല്ല. ഒരു പരൽ മീനിനെപ്പോലെ മൈതാനത്തിന്റെ വലതു പാർശ്വത്തിൽ പാഞ്ഞു കളിച്ച യമാലാണ് ടൂർണമെന്റിൽ സ്പെയിനിൻ്റെ കുതിപ്പിൽ വലിയ പങ്കുവഹിച്ചവരിൽ ഒരാൾ. ഒറ്റ ഗോളേ നേടിയുള്ളുവെങ്കിലും 3 ഗോൾ അസിസ്റ്റുകളുമായി ആ പട്ടികയിൽ ഒന്നാമനാണ് യമാൽ.