നിയമം പാലിച്ച 60 ഡ്രൈവര്‍മാര്‍ക്ക് അബുദാബി പൊലീസിന്റെ ആദരം
ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിച്ച് വാഹനമോടിച്ച ഡ്രൈവര്‍മാരെ അബുദാബി പൊലീസ് ആദരിച്ചു. അബുദാബി പൊലീസിന്റെ ട്രാഫിക് ആന്റ് സെക്യൂരിറ്റി പട്രോള്‍സ് ഡയരക്ടറേറ്റുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അല്‍ഐനിലെ ട്രാഫിക് ആന്റ് സെക്യൂരിറ്റി പട്രോള്‍സ് ഡിപ്പാര്ട്ട്മെ ന്റിന്റെ ഹാപ്പിനസ് പട്രോള്‍ വിഭാഗമാണ് 60 ഡ്രൈവര്‍മാരെ ആദരിച്ചത്. ഡ്രൈവര്‍മാര്‍ക്ക് സമ്മാനങ്ങളും നല്കി. സുരക്ഷിതമായി വാഹനമോടിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും മാതൃകയാകാനും അബുദാബി പൊലീസ് നിരന്തരം ശ്രമങ്ങള്‍ നടത്തുകയാണെന്ന് അല്‍ഐന്‍ ട്രാഫിക് അഫയേഴ്സ് ഡയ രക്ടറേറ്റ് ഡെപ്യൂട്ടി ഡയരക്ടര്‍ ബ്രിഗേഡിയര്‍ മതാര്‍ അബ്ദുല്ല അല്‍ മുഹൈരി വ്യക്തമാക്കി.ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്ന ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും സന്തോഷം കൈവരിക്കുന്നതിന് ഹാപ്പിനസ് പട്രോള്‍ പ്രചോദനവും സമ്മാനങ്ങളും നല്‍കുന്നുണ്ട്. അബുദാബി എമിറേറ്റിലെ റോഡുകള്‍ സുരക്ഷിതമായി നില നിര്‍ത്തുന്നതിനുള്ള ഡ്രൈവര്‍മാരുടെ പ്രതിബദ്ധതയെയും താല്പര്യത്തെയും അല്‍ഐന്‍ ട്രാഫിക് ആന്റ് സെക്യൂരിറ്റി പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ആക്ടിങ് ഡയരക്ടര്‍ കേണല്‍ ജാബര്‍ സയീദാന് അല്‍മന്‍സൂരി പ്രശംസിച്ചു. ഇത്തരം പ്രോത്സാഹന സംരംഭങ്ങള്‍ തുടര്‍ന്നും നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. സുസ്ഥിര ഗതാഗത വികസനം കൈവരിക്കുക,പ്രതിബദ്ധതയുള്ള ഡ്രൈവര്‍മാരെ പിന്തുണക്കുക, അപകടങ്ങള്‍ കുറക്കുക,ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നിവ പരമപ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഗതാഗത സുരക്ഷാ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിലും റോഡുകള്‍ കൂടുതല്‍ സുരക്ഷിതവുമാക്കുന്നതിന് അവബോധം നല്‍കുന്നതിലും അബുദാബി പൊലീസ് നടത്തുന്ന ശ്രമങ്ങളില്‍ ഡ്രൈവര്‍മാര്‍ സന്തോഷവും അഭിനന്ദനവും അറിയിച്ചു.