
തെരുവ് കച്ചവടക്കാരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി… അതിനു മുന്നോടിയായി ആരാധകര്‍ക്കായി ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന് വിക്ടറി റാലി’ എന്ന പേരില്‍ വാഷിംങ്ടണില്‍ കൂറ്റന്‍ റാലിയും ഒരുക്കി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പരിപാടിയിലേയ്ക്ക് ട്രംപ് ആരാധകര്‍ ഒഴുകിയെത്തി. അതിശൈത്യം മൈനസ് 6 ഡിഗ്രിയിലെത്തിയതിനാല്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ പൂര്‍ണമായും ക്യാപിറ്റോളിലെ റോട്ടന്‍ഡ ഹാളിലായിരിക്കും നടക്കുക. സ്ഥാനാരോഹണത്തിന് ശേഷമുള്ള പരേഡും ഹാളില്‍ തന്നെയായിരിക്കും. എന്നാല്‍ ട്രംപ് അധികാരമേല്‍ക്കുന്ന ജനുവരിയിലെ മൂന്നാം തിങ്കളാഴ്ച്ചയ്ക്ക് ഏറെ സവിശേഷതകളുണ്ട്. മാത്രമല്ല, എന്തെല്ലാം പ്രഖ്യാപനങ്ങളാവും ട്രംപ് നടപ്പിലാക്കാന്‍ പോവുന്നത് എന്ന് കൂടി ഉറ്റുനോക്കുകയാണ് ലോകം.
ജനുവരിയിലെ മൂന്നാം തിങ്കളാഴ്ചയായ ഇതേ ദിവസമാണ് മാര്ട്ടിന് ലൂഥര്‍ കിങ് ജൂനിയറിന്റെ ജന്മദിനം അമേരിക്ക ആചരിക്കുന്നത്. 1993ല്‍ 42-ാമത് യു.എസ് പ്രസിഡന്റായി ബില്‍ ക്ലിന്റണും 2009ല്‍ ബറാക് ഒബാമയും സത്യപ്രതിജ്ഞ ചെയ്തത് ജനുവരിയിലെ മൂന്നാം തിങ്കളാഴ്ചയായിരുന്നു. ട്രംപിന്റെ സത്യപ്രതിജ്ഞ തുടങ്ങുക ബൈബിളില്‍ കൈവച്ച് 35 വാക്കുകളുള്ള സത്യവാചകം ചൊല്ലിയാണ്. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സ് വാചകം ചൊല്ലിക്കൊടുക്കും. 1955ല്‍ അമ്മ സമ്മാനിച്ച ബൈബിള്‍, 1861ല്‍ ഏബ്രഹാം ലിങ്കണ് സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിള്‍ എന്നിവയില്‍ തൊട്ടാകും ട്രംപിന്റെ സത്യപ്രതിജ്ഞ. ലിങ്കന്റെ ബൈബിള്‍ ആദ്യ സ്ഥാനാരോഹണത്തിലും ട്രംപ് ഉപയോഗിച്ചിരുന്നു.
2017ല്‍ അധികാരത്തിലേറിയപ്പോള്‍ വെറും 17 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ ‘അമേരിക്ക ഒന്നാമത്’ (America First) എന്ന അജണ്ടയില്‍ ഊന്നിയാണ് ട്രംപ് സംസാരിച്ചത്. ‘അമേരിക്കയെ വീണ്ടും മഹത്തമാക്കാം’ (Make America Great Again) എന്ന മുദ്രവാക്യത്തില്‍ ഊന്നിയാണ് ട്രംപ് ഇത്തവണ എത്തുന്നത്. അതിനാല്‍ ട്രംപ് നല്കിയ പ്രചാരണ വാഗ്ദാനങ്ങളില്‍ ചിലത് ആദ്യ ദിവസം നിറവേറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ ആരംഭിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. അതിര്‍ത്തി അടച്ചിടുമെന്നും അനധികൃത കുടിയേറ്റം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അധികാരാരോഹണത്തിന് മുമ്പ് നടന്ന റാലിയിലും കുടിയേറ്റത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ തന്റെ പ്രഖ്യാപനം ട്രംപ് വിക്ടറി വേദിയിലും ആവര്‍ത്തിച്ചു.
‘ഇത് അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ്. നമ്മുടെ രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലിയ രാഷ്ട്രീയ വിജയമാണ് ഞങ്ങള്‍ നേടിയത്. നാളെ മുതല്‍, ചരിത്രപരമായ ശക്തിയോടെ പ്രവര്‍ത്തിക്കുകയും രാജ്യം നേരിടുന്ന ഓരോ പ്രതിസന്ധിയും പരിഹരിക്കുകയും ചെയ്യു’മെന്നായിരുന്നു വിക്ടറി റാലിയിലെ ട്രംപിന്റെ വാക്കുകള്‍.
തിരഞ്ഞെടുപ്പിന് മുമ്പും അതിനു ശേഷവും ട്രംപ് നടത്തിയ വെല്ലുവിളികളും ഏറെ നിര്‍ണായകമായ മറ്റ് തീരുമാനങ്ങളിലും ഇനി എന്ത് നടപടികളാണ് എടുക്കാന്‍ പോവുന്നത് എന്നാണ് ലോകം കാത്തിരിക്കുന്നത്. മെക്സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന എല്ലാത്തിനും 25ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞതിനാല്‍ താരിഫ് പുതുക്കിയേക്കാനുള്ള സാധ്യതയുമുണ്ട്. റഷ്യ-യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. നാറ്റോയില്‍ പ്രവേശിക്കാനുള്ള യുക്രെയ്നിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കാനും ട്രംപിന് കഴിയും.
കാനഡയെ 51-ാമത്തെ അമേരിക്കന്‍ സംസ്ഥാനമാക്കാന്‍ സാമ്പത്തികശക്തി ഉപയോഗിക്കാമെന്ന് നിര്‍ദേശിച്ചും ട്രംപ് രംഗത്തെത്തിയിരുന്നു. കൂടാതെ, പനാമ കനാലും ഗ്രീന്‍ലാന്‍ഡും തിരിച്ചെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പും നല്കി. അമേരിക്കന്‍ ഉല്പന്നങ്ങള്ക്ക് ഉയര്‍ന്ന ടാക്സ് ഈടാക്കിയാല്‍ ഇന്ത്യ, ബ്രസീല്‍, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങളിലെ ഉല്പന്നങ്ങള്ക്കും അതേ നികുതി അമേരിക്കയും ഈടാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മാത്രമല്ല, ഇന്ധനവും എണ്ണയുമെല്ലാം അമേരിക്കയില്‍ നിന്ന് വാങ്ങണമെന്നും അല്ലെങ്കില്‍ ഉയര്‍ന്ന താരിഫുകള്‍ ഈടാക്കുമെന്നും യൂറോപ്യന്‍ യൂണിയനോടും ട്രംപ് ഭീഷണിമുഴക്കി. കൂടാതെ, ഡോളറിനെതിരെ നീങ്ങിയാല്‍ ബ്രിക്സ് രാജ്യങ്ങള്‍ക്ക് 100 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.
അമേരിക്കയുടെ കരുത്ത് അമേരിക്കയുടെ നേട്ടത്തിനായി ഉപയോഗിക്കുക, എന്നും ട്രംപിന്റെ നിലപാട് അതായിരുന്നു. ഇത്തവണയും അതിന് മാറ്റമില്ലെന്ന സൂചനകളാണ് അധികാരമേല്‍ക്കും മുമ്പും ട്രംപ് നല്‍കിയത്. വാക്കുകള്‍ കൊണ്ടുള്ള സമ്മര്‍ദത്തിനും ഭീഷണിക്കുമപ്പുറം പറഞ്ഞത് നടപ്പാക്കാന്‍ ട്രംപ് മുന്നിട്ടിറങ്ങുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്….