‘പ്ലാന്റ് ദി എമിറേറ്റ്സ്’ യുഎഇയിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും
അല്‍ഐന്‍ : യുഎഇ പരിസ്ഥിതി മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി രാജ്യത്തെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലേക്ക് 100,000 തൈകള്‍ വിതരണം ചെയ്യുന്നതിനുള്ള ‘പ്ലാന്റ് ദി എമിറേറ്റ്സ്’ പദ്ധതിക്ക് ഹരിതാഭമായ തുടക്കം. ദേശീയ കാര്‍ഷിക കേന്ദ്രവുമായി സഹകരിച്ച് കൃഷി,നടീല്‍, ഹരിതവത്കരണ സംരംഭങ്ങള്‍ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം വളര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സുസ്ഥിര കൃഷിയോടുള്ള യുഎഇയുടെ പ്രതിബദ്ധതയെ കൂടുതല്‍ പ്രതിഫലിപ്പിക്കുകയും കാര്‍ഷിക ഉത്പാദനത്തിലും ദേശീയ ഭക്ഷ്യസുരക്ഷയിലും സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയിലൂടെ പരിസ്ഥിതി-വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ ഉദ്ദേശിക്കുന്നത്. അല്‍ ഐനിലെ മുഹമ്മദ് ബിന്‍ ഖാലിദ് സ്കൂളില്‍ നടന്ന പരിപാടിയില്‍ ആദ്യഘട്ട ഈന്തപ്പന തൈകള്‍ വിതരണം ചെയ്തു.
യുഎഇയിലുടനീളമുള്ള പൊതുവിദ്യാലയങ്ങള്‍ക്ക് തുടക്കത്തില്‍ 15,000 വിത്തുകളാണ് വിതരണം ചെയ്തിട്ടുള്ളത്. ഖലീഫ സെന്റര്‍ ഫോര്‍ ജനിറ്റിക് എഞ്ചിനീയറിങ് ആന്റ് ബയോടെക്നോളജിയും ജെനാന്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയും വിത്തുകള്‍ നല്കി. വിവിധ സ്കൂളുകളില്‍ വിത്തുകള്‍ വിതരണം ചെയ്യുന്നതിനും തൈകള്‍ നടുന്നതിനും സന്നദ്ധപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിക്കൊണ്ട് പരിസ്ഥിതി ഫ്രണ്ട്സ് സൊസൈറ്റിയും പദ്ധതിയില്‍ പങ്കാളികളായുണ്ട്.
ശരിയായ വൃക്ഷത്തൈ നടീല്‍ രീതികള്‍,വൃക്ഷ സംരക്ഷണം,പരിപാലനം എന്നിവയെ കുറിച്ച് സ്കൂള്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വര്‍ക്ക് ഷോപ്പുകളും പരിശീലന സെഷനുകളും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. യുഎഇയിലെ പരിസ്ഥിതി സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിലും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിലും പ്രകൃതിദത്ത ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിലും വൃക്ഷങ്ങള്‍ വഹിക്കുന്ന പങ്കിനെ കുറിച്ച് വിദ്യാര്‍ഥികളില്‍ ബോധവത്കരണം നടത്തും.
ഹരിതവത്കരണം,നടീല്‍,സമൂഹത്തെ പ്രകൃതിയുമായി സമന്വയിപ്പിക്കല്‍ എന്നിവയുടെ സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള യുഎഇയുടെ കാഴ്ചപ്പാടിനെ ഇളം തലമുറകളിലും പ്രതിഫലിപ്പിക്കുന്ന പുതിയ പദ്ധതിയി യുഎഇയിലെ മുഴുവന്‍ സ്കൂളുകളെയും അവിടങ്ങളിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെ മനസകങ്ങളും ഹരിതാഭമാക്കി മാറ്റും.