ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേക സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ
ബാധ്യതകളെ വിലവെക്കാതെ,ഉത്തരവാദിത്ത ബോധമില്ലാതെ അലസമായി പെരുമാറുന്നതിനെയാണ് അവഗണന എന്നു പറയുന്നത്. ബാധ്യതകള്‍ അവഗണിക്കുന്നത് അല്ലാഹു നിഷിദ്ധമാക്കിയതാണ്. വിശ്വസിച്ചേല്‍പ്പിക്കപ്പെട്ട സൂക്ഷിപ്പുബാധ്യതകള്(അമാനത്തുകള്‍) അവയുടെ ഉടമകള്‍ക്കു തിരിച്ചുകൊടുക്കാന്‍ അല്ലാഹു കല്പ്പിക്കുന്നു.(സൂറത്തുന്നിസാഅ് 58). അവഗണനയും അശ്രദ്ധയും ഏതൊരു കാര്യത്തെ മോശമാക്കുകയേ ചെയ്യുകയുള്ളൂ. ഒരു മണിക്കൂറിലെ അലംഭാവം ഒരു വര്‍ഷത്തെ അധ്വാനത്തെ തന്നെ നശിപ്പിച്ചുകളയും. മക്കള്‍ സൗഭാഗ്യ കുസുമങ്ങളാണ്. മക്കളുടെ കാര്യത്തില്‍ കാണിക്കുന്ന അലംഭാവവും അവഗണനയും അശ്രദ്ധയും അത്യന്തം അപകടകരമാണ്. മാതാപിതാക്കളുടെ സൂക്ഷിപ്പുബാധ്യതകളാണ് മക്കള്‍. മക്കളെ നന്മകള് ശീലമാക്കി പഠിച്ചു വളര്‍ന്നാല്‍ അവര്‍ ഇഹലോകത്തും പരലോകത്തും വിജയശ്രീലാളിതരാകും. ആ സൗഭാഗ്യത്തിലും അതിന്റെ പ്രതിഫലത്തിലും മാതാപിതാക്കള്‍ പങ്കാളികളായിരിക്കും. പകരം,അവര്‍ തിന്മയില് വളര്‍ന്നാല്‍ പരാജിതരായ അവരുടെ പാപഭാരം മാതാപിതാക്കളുടെ പിരടിയിലുമാകും.
പ്രധാനമായും മക്കളുടെ മതപഠനത്തിന്റെ കാര്യത്തില്‍ ഒരു അലംഭാവവും പാടില്ല. ആണ്-പെണ്മക്കള്ക്ക് ആരാധനാ കാര്യങ്ങള്‍ മുറപോലെ പഠിപ്പിക്കുകയും എല്ലാം അല്ലാഹു നിരീക്ഷിക്കുന്നുണ്ടെന്ന ബോധം വരുത്തുകയും വേണം. നമസ്കാരത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണം. അല്ലാഹു പറയുന്നു:സ്വന്തം കുടുംബത്തോട് താങ്കള്‍ നമസ്കരിക്കാന്‍ ശാസിക്കുക (സൂറത്തു ത്വാഹാ 132). മക്കളെ നമസ്കാരം പഠിപ്പിക്കാന്‍ നബി (സ്വ)യുടെ കല്പനയുമുണ്ട്. നമസ്കാരത്തില്‍ ഹൃദയ ശുദ്ധീകരണവും സ്വഭാവ സംസ്കരണവുമുണ്ട്.
മക്കളെ നമസ്കാരം പഠിപ്പിക്കുന്നതില്‍ അശ്രദ്ധ വരുത്തരുത്. സമയമായാല്‍ നമസ്കാരം ഓര്‍മപ്പെടുത്തണം. അംഗശുദ്ധി വരുത്തുന്നതിന്റെ കാര്യങ്ങള്‍ പഠിപ്പിക്കണം. ഓരോ നിര്‍വഹണങ്ങള്‍ കാണിച്ചുകൊടുക്കണം. നമസ്കാരിത്തിനായി കൂടെ കൂട്ടണം. അങ്ങനെ നമസ്കാരം നിലനിര്‍ത്തി ശീലിപ്പിക്കണം. നമസ്കാരം ഇരുലോകത്തും വിജയം ഉറപ്പുവരുത്തുന്ന ആരാധനാ കര്‍മമാണ്. ഉമറുബ്നു ഖത്വാബ് (റ) പറയുന്നു: എന്റെയടുത്ത് ഏറ്റവും ഗൗരവമേറിയ കാര്യമാണ് നമസ്ക്കാരം. ആരെങ്കിലും നമസ്കാരം മുറപോലെ നിലനിര്‍ത്തിയാല്‍ അവന് മതകാര്യം പാലിച്ചിരിക്കുന്നു. ആരെങ്കിലും നമസ്കാരം പാലിച്ചില്ലെങ്കില്‍ അവന് എല്ലാം പാഴാവുന്നതാണ്.
മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. വിശുദ്ധ ഖുര്‍ആന്‍ പഠനത്തിനും അറബി ഭാഷാപഠനത്തിനും പ്രാമുഖ്യം നല്‍കണം. അറബിക് ഭാഷാ സൗന്ദര്യത്തെ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് വാഴ്ത്തിപ്പറഞ്ഞിട്ടുണ്ട്.
മക്കളെ സമയം പാഴാക്കാതെ മുതലാക്കാന്‍ പഠിപ്പിക്കണം. ആയുസ് വൃഥാവിലാക്കാതെ ഉപകാരമുള്ളതാക്കാന് പ്രാപ്തരാക്കണം. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗ ആസക്തി മക്കളില്‍ ഉണ്ടാവാതെ നോക്കണം. സ്ക്രീനിങ് ഭ്രമം അവരില്‍ ദൂഷ്യങ്ങള്‍ വരുത്തും. കുടുംബക്കാരുമായുള്ള സമ്പര്‍ക്കം കുറുക്കുകയും സമൂഹത്തില്‍ അവര്‍ അന്തര്മുഖരായിത്തീരുകയും ചെയ്യും. മതബോധം അവരില്‍ ഉണ്ടാവുകയുമില്ല. മക്കളെ അവരുടെ ബുദ്ധിയെയും ശരീരത്തെയും ക്രിയാത്മകമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാക്കുണം. ഇന്നിനെ അവഗണിച്ചാല്‍ നാളെയാണ് നഷ്ടപ്പെടുക.
മക്കളെ നല്ല സൗഹൃദങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രാപ്തരാക്കണം. അക്കാര്യത്തില്‍ കുടുംബക്കാര്‍ക്കും ബാധ്യതയുണ്ട്. മക്കളെ തനിയെ സുഹൃത്തുക്കളെ കണ്ടെത്താന്‍ വിടരുത്. ചീത്ത കൂട്ടുകെട്ടുകളില്‍ നിന്ന് അവരെ വിദൂരത്താക്കണം. അവര്‍ മക്കളെ മോശ ചിന്തകളിലേക്കും മാരകമായ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിലേക്കും വഴിതെളിയിക്കും. ഒരാള്‍ അയാളുടെ കൂട്ടുകാരന്റെ ആദര്‍ശ പ്രകാരമായിരിക്കും. അതിനാല്‍ കൂട്ടുകൂടുന്നവരെക്കുറിച്ച് ആലോചിക്കണമെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത്.
മക്കളില്‍ നല്ല സ്വഭാവങ്ങള്‍ വാര്‍ത്തെടുക്കണം. മതബോധവും സാമൂഹ്യചിന്തയും ദേശസ്നേഹം ഉണ്ടാക്കിയെടുക്കണം. കുടുംബത്തോടുള്ള പ്രതിബദ്ധതയും വളര്‍ത്തണം.
മക്കളുടെ മാനസികാരോഗ്യവും ശ്രദ്ധിക്കണം. അവരോടും സ്നേഹ വാത്സല്യങ്ങള്‍ കാണിക്കണം. നബി(സ്വ) പൗത്രന്മാരായ ഹസന്,ഹുസൈന് എന്നിവരെ ചേര്‍ത്തുപ്പിടിച്ച് ‘അല്ലാഹുവേ,ഞാന്‍ ഇവരിരുവരെയും ഇഷ്ടപ്പെടുന്നു…ഇവരെ നീയും ഇഷ്ടപ്പെടുക’ എന്ന് പ്രാര്‍ത്ഥിക്കുമായിരുന്നു. മക്കളില്‍ ആത്മവിശ്വാസം വരുത്തണം. വീടകങ്ങളില്‍ സ്വാസ്ഥ്യം ഉറപ്പുവരുത്തണം. വീട്ടില്‍ സ്വസ്ഥത നഷ്ടപ്പെടുമ്പോഴാണ് അവര്‍ പുറത്തുള്ള ആശ്വാസങ്ങളില്‍ ആനന്ദം കണ്ടെത്തുന്നത്. മക്കളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ തന്നെ നേരിട്ട് ഇടപെടണം. അവരെ പൂര്‍ണമായും വീട്ടുവേലക്കാരെ ഏല്‍പ്പിക്കരുത്. അത് അവരില്‍ മാതാപിതാക്കളോടുള്ള ആത്മബന്ധം നഷ്ടപ്പെടുത്തും. ദുശ്ശീലങ്ങള്‍ അവരില്‍ പിടിമുറുക്കും. അതിന്റെയെല്ലാം ദോഷഭാരങ്ങള്‍ മാതാപിക്കള്‍ക്ക് തന്നെയായിരിക്കും. ഒരാള്‍ക്ക് അയാളുടെ ആശ്രിതര്‍ക്ക് വഴിപിഴക്കാന്‍ അവസരമുണ്ടാക്കുന്നത് തന്നെ വലിയ പാപമാണെന്നാണ് നബി വചനം.
പിതാവ് ആണ്മക്കള്ക്ക് നല്ല മാതൃകയാവണം. അവരില്‍ പൗരുഷം വാര്‍ത്തെടുക്കണം. പെണ്മക്കള്ക്ക് നല്ല സുഹൃത്തായി വര്‍ത്തിക്കണം. അവളില്‍ ബഹുമാനവും ഉത്തരവാദിത്ത ചിന്തയും ഉണ്ടാക്കണം. അവളെ നല്ലൊരു വാത്സല്യനിധിയായ സഹോദരിയും സ്നേഹനിധിയായ ഭാര്യയായും വളര്‍ത്തിയെടുക്കണം. മക്കളുടെ കാര്യം നമ്മള് ഏവരുടെയും കൂട്ടുത്തരവാദിത്തമാണ്. വീട്ടില്‍ ഏവരും ഉത്തരവാദിത്തമുള്ളവരെന്ന് നബി (സ്വ) തങ്ങള്‍ തന്നെ പറഞ്ഞതാണ്.