ഗസ്സയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ യുഎഇ സ്വാഗതം ചെയ്തു
അബുദാബി : ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിനെയും തടവുകാരെയും ബന്ദികളെയും മോചിപ്പിക്കുന്നതിനെയും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് സ്വാഗതം ചെയ്തു. വെടിനിര്‍ത്തല്‍ കരാറിന് കഠിനാധ്വാനം ചെയ്ത ഖത്തറിനെയും ഈജിപ്തിനെയും അമേരിക്കയെയും യുഎഇ അഭിനന്ദിച്ചു. കഷ്ടപ്പാടുകള്‍ക്ക് അറുതി വരുത്താനും കൂടുതല്‍ ജീവന് നഷ്ടപ്പെടാതിരിക്കാനും കരാറിലൂടെ സാധ്യമാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. ബന്ദികളുടെ വേദന അവസാനിപ്പിക്കുന്നതിനുള്ള എല്ലാ കരാറുകളും ഇരുരാജ്യങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകതയും ശൈഖ് അബ്ദുല്ല ഊന്നിപ്പറഞ്ഞു. 15 മാസത്തിലേറെയായി നിര്‍ണായകമായ ജീവിത സാഹചര്യങ്ങളിലൂടെയാണ് ഗസ്സ കടന്നുപോയത്. ആക്രമണങ്ങളില്‍ ബാക്കിയായി ജീവിച്ചിരിക്കുന്ന സാധാരണക്കാര്‍ക്ക് എല്ലാ മാര്‍ഗങ്ങളിലൂടെയും അടിയന്തിരമായ യുഎഇ മാനുഷിക സഹായം നല്‍കിവരികയാണ്. സുസ്ഥിരവും തടസമില്ലാത്തതുമായ സഹായ വിതരണത്തിന്റെ പ്രാധാന്യം ഈ സമയത്ത് വര്‍ധിക്കുകയാണ്.
മിഡില്‍ ഈസ്റ്റിലെ സമാധാന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തെ തുരങ്കം വയ്ക്കുന്ന നിയമവിരുദ്ധമായ നടപടികള്‍ അവസാനിപ്പിക്കുന്നതിനും സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കുന്നതിനും ലക്ഷ്യമിടുന്ന എല്ലാ ശ്രമങ്ങള്‍ക്കും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനം,നീതി,ഫലസ്തീന് ജനതയുടെ അവകാശങ്ങള്‍ സാക്ഷാത്കരണം എന്നിവയില്‍ യുഎഇയുടെ ഉറച്ച പ്രതിബദ്ധതയും പിന്തുണയും തുടര്‍ന്നും ഉണ്ടാകുമെന്നും ശൈഖ് അബ്ദുല്ല വാഗ്ദാനം ചെയ്തു.