യുഎഇയും ന്യൂസിലന്റും സാമ്പത്തിക സഹകരണ കരാറില്‍ ഒപ്പുവച്ചു
അബുദാബി : ‘കുട്ടികള്‍ സുരക്ഷിത കരങ്ങളില്‍’ എന്ന സന്ദേശവുമായി അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് ബോധവത്കരണം സംഘടിപ്പിച്ചു. പ്രസിഡന്‍ഷ്യല്‍ കോടതിയിലെ സിറ്റിസണ്‍സ് ആന്റ് കമ്മ്യൂണിറ്റി അഫയേഴ്സ് ഓഫീസില്‍ അബുദാബി കൗണ്‍സിലുകളുമായി സഹകരിച്ചാണ് ബോധവത്കരണം സംഘടിപ്പിച്ചത്. കുട്ടികളെ സംരക്ഷിക്കുന്നതിനെക്കുറിച്ച് പൊതുജന അവബോധം വളര്‍ത്തുന്നതിനും കുടുംബ സ്ഥിരതയും സുരക്ഷിതമായ അന്തരീക്ഷവും വളര്‍ത്തി കുട്ടികളെ സംരക്ഷിക്കുന്നതില്‍ മാതാപിതാക്കളുടെ നിര്‍ണായക പങ്ക് ബോധിപ്പിക്കുകയുമാണ് ലക്ഷ്യം.
സ്ത്രീകള്‍ക്ക് മാത്രമായി അബുദാബി അല്‍റീഫ് കൗണ്‍സിലില്‍ നടക്കുന്ന ബോധവത്കരണം അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് ആരംഭിച്ച ‘ഞങ്ങളുടെ കൗണ്‍സില്‍സ്’ സംരംഭത്തിന്റെ ഭാഗമാണ്. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനും അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാന്റെ നിര്‍ദേശപ്രകാരമാണിത്. അബുദാബിയിലെ കുടുംബ,ശിശു പ്രോസിക്യൂഷന് മേധാവിയുടെ ഉപദേഷ്ടാവ് ആലിയ അല്‍ കഅബി,സാമൂഹ്യ സംരക്ഷണം ശക്തിപ്പെടുത്തുന്നതിലും വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും കുടുംബ,ശിശു പ്രോസിക്യൂഷന്റെ നിര്‍ണായക പങ്കിനെ കുറിച്ച് ഉദ്ബോധിപ്പിച്ചു.
കുട്ടികളെ ദുരുപയോഗം ചെയ്യുന്നതോ അവഗണിക്കുന്നതോ ആയ കേസുകള്‍ അന്വേഷിക്കുക,കുട്ടികളെ സംരക്ഷിക്കുന്നതിനാവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുക,സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുക എന്നിവയാണ് പ്രോസിക്യൂഷന്റെ ഉത്തരവാദിത്തം. ഗാര്‍ഹിക പീഡനമോ കുട്ടികള്‍ക്കെതിരായ ഭീഷണിയോ ഉള്ള കേസുകളില്‍ അതിവേഗം പ്രവര്‍ത്തിക്കുകയും നിയമപാലകരുമായും സാമൂഹിക സംരക്ഷണ ഏജന്‍സികളുമായും സഹകരിച്ച് ഉടനടി സംരക്ഷണം നല്‍കുകയും ചെയ്യും.
ആരോഗ്യ-വൈദ്യ പരിചരണത്തിനുള്ള അവകാശം,വിദ്യാഭ്യാസം,ഉപദ്രവങ്ങളില്നിന്നുള്ള സംരക്ഷണം,സാമ്പത്തിക ചൂഷണം,ആവിഷ്കാര സ്വാതന്ത്ര്യം,ഭീഷണിപ്പെടുത്തലില്‍ നിന്നോ സാമൂഹിക അക്രമത്തില്‍ നിന്നോ സംരക്ഷണം,കളിക്കാനും വിശ്രമിക്കാനുമുള്ള അവകാശം,കുടുംബ പരിചരണം,സുരക്ഷിതമായ അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള അവകാശം എന്നിവയുള്‍പ്പെടെ കുട്ടികളുടെ അവകാശ നിയമം ഉറപ്പുനല്‍കുന്ന നിയമ പരമായ അവകാശങ്ങളെക്കുറിച്ചും സെഷന് ചര്‍ച്ച
ചെയ്തു.