മഹാമാരി കാലത്തെ പോരാളികളെ യുഎഇ ആദരിക്കുന്നു : കോവിഡ് ഹീറോസ് ഫെസ്റ്റിവല്‍ തുടക്കം ഫുജൈറ ഓപ്പണ്‍ ബീച്ചില്‍
അബുദാബി : കോവിഡ് മഹാമാരി സമയത്ത് സമൂഹത്തെ സംരക്ഷിക്കുന്നതിലും പ്രതിസന്ധികളില്‍ മുന്‍നിര പോരാളികളായി നിന്നവര്‍ക്ക് വേണ്ടി പ്രത്യേക ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. നിര്‍ണായക ഘട്ടത്തില്‍ മുന്‍നിര നായകന്മാരുടെ പ്രവര്‍ത്തനങ്ങളെ ആദരിക്കുന്നതിനായി ജനുവരി 17 മുതല്‍ മാര്‍ച്ച് 2 വരെ യുഎഇയിലുടനീളം ഫ്രണ്ട്ലൈന് ഹീറോസ് ഫെസ്റ്റിവല്‍ നടത്തും. ജനുവരി 17 മുതല്‍ 19 വരെ ഫുജൈറയിലെ ഓപ്പണ്‍ ബീച്ചില്‍ ഫെസ്റ്റിവല്‍ ആരംഭിക്കും. ആരോഗ്യ സംരക്ഷണം, സുരക്ഷ, സേവന മേഖലകളിലെ തൊഴിലാളികളുടെ നേട്ടങ്ങളും ത്യാഗങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം സാംസ്കാരികവും വിനോദപരവുമായ പ്രവര്‍ത്തനങ്ങള്‍ നിറഞ്ഞ ഒരു ഉത്സവ അന്തരീക്ഷം ഈ സംഗമത്തിലുണ്ടാവും.
തുടര്‍ന്ന് ജനുവരി 24 മുതല്‍ 26 വരെ റാസല്‍ ഖൈമയിലെ മരീദ് ബീച്ചിലേക്കും തുടര്‍ന്ന് ജനുവരി 31 മുതല്‍ ഫെബ്രുവരി 2 വരെ ഉമ്മുല്‍ ഖൈവൈനിലെ അല്‍ ഖോര്‍ വാട്ടര്ഫ്രണ്ടിലേക്കും പരിപാടി ദീര്‍ഘിപ്പിക്കും. ഫെബ്രുവരി 7 മുതല്‍ 9 വരെ അജ്മാന് മറീനയില്‍ നടക്കുന്ന ഫെസ്റ്റിവല്‍, തുടര്‍ന്ന് ഫെബ്രുവരി 14 മുതല്‍ 16 വരെ ഷാര്‍ജയിലെ ഫഌഗ് ഐലന്‍ഡിലേക്ക് മാറ്റും. ഫെബ്രുവരി 21 മുതല്‍ 23 വരെ ദുബൈയിലെ ക്രീക്ക് പാര്‍ക്കില്‍ ഫെസ്റ്റിവല്‍ നടക്കും.
ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 2 വരെ അബുദാബി കോര്‍ണിഷില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയോടെ ഫെസ്റ്റിവല്‍ സമാപിക്കും. എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍നിര പ്രവര്ത്തകരുെ സംഭാവനകളെ എടുത്തുകാണിക്കുന്ന സംവേദനാത്മക ബൂത്തുകള്‍,യുഎഇയുടെ പൈതൃകവും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന സാംസ്കാരികവും കലാപരവുമായ പ്രകടനങ്ങള്‍, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള രസകരമായ പ്രവര്‍ത്തനങ്ങള്‍, സമൂഹത്തിലെ മുന്‍നിര പ്രവര്‍ത്തകരെ പിന്തുണയ്ക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പാനല്‍ ചര്‍ച്ചകള്‍, വര്‍ക്ക്ഷോപ്പുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ‘ഏറ്റവും ദുഷ്കരമായ സമയങ്ങളില്‍ മുന്‍നിരയില്‍ നിന്ന നമ്മുടെ നായകന്മാരുടെ ശ്രമങ്ങളെ അംഗീകരിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ ഫെസ്റ്റിവല്‍’ഫ്രണ്ട്ലൈന് ഹീറോസ് ഓഫീസ് പറഞ്ഞു.
അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നന്ദിയുടെയും അഭിനന്ദനത്തിന്റെയും സന്ദേശം നല്കുകയാണിവിടെ. രാഷ്ട്രത്തെ സേവിക്കുന്നതിനുള്ള അവരുടെ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രചോദനാത്മകമായ കഥകള്‍ ആഘോഷിക്കുക എന്നതാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം. ഫ്രണ്ട്ലൈന് ഹീറോകളെ ഫെസ്റ്റിവലില്‍ പങ്കെടുക്കാനും യുഎഇ നഗരങ്ങളിലുടനീളമുള്ള വിവിധ പരിപാടികളും പ്രവര്‍ത്തനങ്ങളും ആസ്വദിക്കാനും ഫ്രണ്ട് ലൈന്‍ ഹീറോസ് ഓഫീസ് ക്ഷണിച്ചു.