ഫലസ്തീനില്‍ വെടിനിര്‍ത്തണം: യുഎഇ
അബുദാബി : മതം എന്നാല്‍ ഏറ്റവും ശ്രേഷ്ഠമായ പെരുമാറ്റവും സ്വഭാവവുമാണെന്ന കൃത്യമായ നിര്‍വചനം വിശ്വാസി സമൂഹം ഉള്‍കൊള്ളണമെന്ന് പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഓണംപിള്ളി മുഹമ്മദ് ഫൈസി. അബുദാബി കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കോഴിക്കോട് ഫെസ്റ്റില്‍ മതം,സംസ്കാരം,സഹിഷ്ണുത എന്ന വിഷയത്തില്‍ നടന്ന സ്നേഹ സംഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് നബിയും ലോകത്തെ മറ്റു മതാചാര്യന്മാരും മതത്തെ നിര്‍വചിച്ചത് ഇതേ ആശയത്തിലായിരുന്നു. മതമെന്നാല്‍ അനുഷ്ഠാനങ്ങള്‍ക്കപ്പുറം നല്ല സ്വഭാവമാണെന്നും കോപം വരാതിരിക്കലാണെന്നും നബി (സ) പഠിപ്പിച്ചു. മതവിശ്വാസിയല്ലാത്ത ജവഹര്‍ലാല്‍ നെഹ്റുവും മതത്തെ തന്മയത്വത്തോടെ വിശകലനം ചെയ്യുന്നത് കാണാം. മനുഷ്യന്റെ ആന്തരികമായ സ്വഭാവത്തെ നന്മയിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിക്കുന്നത് എന്തോ, അതാണ് മതമെന്നാണ് നെഹ്റു വ്യാഖ്യാനിച്ചത്. മതത്തിന്റെ സത്തയും ഉള്ളടക്കവും പഠിക്കാതെ, ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും വേദിയാക്കി ചുരുക്കി മതത്തെ സങ്കുചിത താല്പര്യങ്ങള്ക്ക് വേണ്ടി ഉപയോഗിക്കുന്നതാണ് ഇന്നിന്റെ ദുരന്തം. എന്താണെന്ന് പോലും മനസ്സിലാക്കാതെ മതവും സംസ്കാരവും സഹിഷ്ണുതയും അനാവശ്യമായി എടുത്ത് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. മരവിച്ച വാക്കുകളേക്കാളും നല്ലത് പൊതു ഇടങ്ങള്‍ സൃഷ്ടിച്ച് പരസ്പരം തുറന്ന് സംസാരിക്കലാണ് വര്‍ത്തമാനകാലത്ത് ആവശ്യമെന്നും ഓണമ്പിള്ളി കൂട്ടിച്ചേര്‍ത്തു.
ഈയിടെ അന്തരിച്ച വിഖ്യാത എഴുത്തുകാരന് എം.ടിയുടെ കാലം എന്ന നോവലിലെ കഥാപാത്രം സേതു തന്റെ പ്രണയം സുമിത്രയോട് അവതരിപ്പിക്കുന്ന സന്ദര്‍ഭമുണ്ട്. അപ്പോള്‍ സുമിത്ര പറയുന്ന മറുപടി ഇങ്ങനെസത്യത്തില് എന്നെയല്ല സേതുവിന് ഇഷ്ടം, സേതുവിന് ഇഷ്ടം സേതുവിനോട് മാത്രമായിരുന്നു. സ്വാര്‍ത്ഥതയെ മാത്രം സ്നേഹിച്ച കഥാപാത്രത്തെ പോലെയാണ് നമ്മളെല്ലാവരും. നമുക്ക് ചുറ്റും കാണുന്നത് സ്നേഹത്തിന്റെയും പ്രണയത്തിന്റെയും കാപട്യങ്ങളാണ്. മത അധ്യാപനങ്ങളുടെ കാര്യത്തിലും നമുക്ക് സംഭവിച്ചത് ഇത് തന്നെ. മതപ്രമാണങ്ങളെ കേവലം പ്രഭാഷണ വസ്തുവാക്കി മാറ്റിയതാണ് നമുക്കിടയിലുണ്ടായ ദുര്യോഗം. പലപ്പോഴും ഇതെല്ലാം വേഷം കെട്ടലുകളായി മാറുന്നുണ്ട്. ആധ്യാത്മികത ഉള്ളില്‍ തട്ടാതെയുള്ള മനുഷ്യന്റെ പുറമെയുള്ള ഭാവത്തെ ഭഗവത്ഗീത നിര്വചിക്കുന്നത്കള്ളന് എന്നാണ്. യഥാര്‍ത്ഥ മതം മനുഷ്യരില്‍ സ്നേഹവും ആര്‍ദ്രതയും ഉണ്ടാക്കുന്നതാണ്. ഭൂമുഖത്ത് അവതരിച്ച പ്രവാചകന്മാരുടെ ആദ്യത്തെ അനുയായികളില്‍ അധികവും പാമര ജനങ്ങളായിരുന്നു.
കുഷ്ഠ രോഗികളെ ചികിത്സിച്ച യേശു, കറുത്ത വര്‍ഗക്കാരനായ ബിലാലിനെക്കൊണ്ട് ആദ്യമായി ബാങ്ക് വിളിപ്പിച്ച മുഹമ്മദ് നബി, ലോകത്ത് ഏറ്റവും വലിയ സോഷ്യല്‍ റിഫര്‍മേഷന്‍ നടന്നത് അന്നായിരുന്നു. കേരളത്തില്‍ അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും നടപ്പാക്കിയ സാമൂഹ്യ പരിഷ്കരണവും ഇതായിരുന്നു. വ്യക്തികളുടെ ഈഗോക്കും സംഘടനകള്‍ക്കും രാഷ്ട്രീയ അധികാരങ്ങള്‍ക്കുമായി മതത്തെ ഉപയോഗിക്കുന്നത് തിരിച്ചറിയണം. ലോകം ആദരിക്കുന്ന ഗാന്ധിജി തികഞ്ഞ മത ഭക്തനായിരുന്നു. അദ്ദേഹത്തിന് നേരെ നിറയൊഴിച്ച ഗോഡ്സെയും മത ഭക്തനായിരുന്നു.
ഈ രണ്ടിനെയും തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ യഥാര്‍ത്ഥ മതത്തെ ഉള്കൊള്ളാനാവും. ശ്രീനാരായണ ഗുരു പറഞ്ഞ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്മതം വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്ഓണമ്പിള്ളി പറഞ്ഞു. സ്നേഹസംഭാഷണത്തില്‍ ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് ഇസ്മായില്‍ ഏറാമല്ല മോഡറേറ്ററായിരുന്നു. ഫാ.ഗീവര്‍ഗീസ്, അഭിലാഷ് ഗോപിക്കുട്ടന് പിള്ള എന്നിവരും സംസാരിച്ചു.