ഫലസ്തീനില്‍ വെടിനിര്‍ത്തണം: യുഎഇ
റിയാദ് : സഊദിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും അനുഭവപ്പെട്ടു. ജിദ്ദ,മക്ക,മദീന തുടങ്ങിയ പ്രധാന നഗരങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടങ്ങളുണ്ടായി. ചിലയിടങ്ങളില്‍ മലവെള്ളപ്പാച്ചിലും റോഡുകളില്‍ ഉയര്‍ന്ന വെള്ളക്കെട്ടുകളും രൂപപ്പെട്ടു. പത്താം തിയതി വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മക്ക,മദീന,ജിദ്ദ,അബഹ, അല്‍ബാഹ,ദമ്മാം,ദവാദ്മി,ഖസീം,ജിസാന്‍,ഹായില്‍,അല്‍ജൗഫ്,ശറൂറ,തബൂക്ക്,തായിഫ്,വാദിദവാസിര്‍,യാമ്പു തുടങ്ങി രാജ്യത്തിന്റെ മിക്ക പ്രവിശ്യകളിലും ശക്തമായ മഴയാണ് പെയ്തത്. മധ്യപ്രവിശ്യയായ റിയാദില്‍ പക്ഷേ, മഴ മാറി നിന്നു. ഒപ്പം പലയിടങ്ങളിലും ഇടിമിന്നലും മഞ്ഞു വീഴ്ചയുമുണ്ടായി.
ജിദ്ദ വിമാനത്താവള പരിസരത്ത് മണിക്കൂറില്‍ 116 കി.മീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസൈന് അല്‍ ഖഹ്താനി പറഞ്ഞു. ജിദ്ദക്ക് സമീപം റാബിഗില്‍ കടലില്‍ രൂപപ്പെട്ട വാട്ടര്‍ ടവര്‍ പ്രതിഭാസം കരയില്‍ തൊട്ടു. ഇതേതുടര്‍ന്നു കടലില്‍ ഉയര്‍ന്ന തിരമാലകളുണ്ടായി. ജിദ്ദയില്‍ കുത്തിയൊലിച്ചെത്തിയ വെള്ളപ്പാച്ചിലില്‍ അകപ്പെട്ട് ഡെലിവറി ബോയിയുടെ ബൈക്ക് മറിയുന്നതും ഓടിയെത്തിയ സ്വദേശി പൗരന് രക്ഷപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ജിദ്ദയില്‍ വിമാന യാത്രക്കാരോട് യാത്ര പുറപ്പെടുന്നതിന് വളരെ മുമ്പേ അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സമയക്രമം അറിയണമെന്ന് വിമാനത്താവള അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മക്ക ഹിറാ ഡിസ്ട്രിക്ടില്‍ കൂറ്റന്‍ മതിലിടിഞ്ഞു നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മക്കയില്‍ കനത്ത മഴയില്‍ കുതിര്‍ന്നാണ് തീര്‍ഥാടകര്‍ ഉംറ നിര്‍വഹിച്ചത്. മക്കയിലും മദീനയിലും തോരാ മഴയാണ് അനുഭപ്പെട്ടതെന്ന് അവിടങ്ങളിലുള്ളവര്‍ പറയുന്നു.
മദീനയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ബദ്റില്‍ 49.2 മില്ലിലിറ്റര്‍ മഴ പെയ്തു. ഇവിടെ ആലിപ്പഴ വര്‍ഷവുമുണ്ടായി. മക്കയില്‍ കനത്ത മഴയെ പ്രതിരോധിക്കാന്‍ റെഡ് ക്രസന്റ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. അടിയന്തിര സാഹചര്യങ്ങളിലും അപകടങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ആവശ്യമായ സഹായങ്ങള്‍ നല്‍കാനും റെഡ് ക്രസന്റിനു കീഴിലെ കമാന്‍ഡ് ആന്റ് കണ്ട്രോള് സെന്ററും ഡോക്ടര്‍മാര്‍,എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്മാര്,എയര്‍ ആംബുലന്‍സ് അടക്കമുള്ള ആംബുലന്‍സ് സംവിധാനങ്ങളും റെസ്പോണ്‍സ് സംഘങ്ങളും പൂര്‍ണ സുസജ്ജമാണ്. എല്ലാ പ്രദേശങ്ങളിലും അടിയന്തിര സാഹചര്യത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കാനും ജാഗ്രത പുലര്‍ത്താനും റോഡ് സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാനും അതോറിറ്റി സ്വദേശികളോടും വിദേശികളോടും അഭ്യര്‍ത്ഥിച്ചു. അടിയന്തിര ഘട്ടങ്ങളില്‍ 997 എന്ന നമ്പറില്‍ വിളിച്ചോ അല്ലെങ്കില്‍ ആസാഫ് ആപ്പ് വഴിയോ ആംബുലന്‍സ് സേവനങ്ങള്‍ക്ക് ബന്ധപ്പെടാം.