ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേക സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ
കൊച്ചി: ഉമാ തോമസ് എംഎൽഎയ്ക്ക് അപകടമുണ്ടാക്കിയ ഗിന്നസ് നൃത്ത വിവാദങ്ങൾക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി. മെഗാ ഭരതനാട്യം നടത്തിപ്പുമായി ബന്ധപ്പെട്ട് നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് നടിയുടെ മടക്കം. പരിപാടിയുടെ സംഘാടകരെ പൂർണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവർക്ക് നോട്ടീസ് നൽകി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയത്. ഏറെക്കാലമായി അമേരിക്കയിൽ കഴിയുന്ന താരം ഭരതനാട്യം പരിപാടിക്കായാണ് കൊച്ചിയിലെത്തിയത്. കൊച്ചി വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂർ വഴിയാണ് ദിവ്യ ഉണ്ണി അമേരിക്കയിലെത്തിയത്.
പരിപാടിയുടെ ബ്രാൻഡ് അംബാസിഡർ എന്ന രീതിയിലാണ് നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയെ മൃദംഗവിഷൻ വിശേഷിപ്പിച്ചത്. ദിവ്യ ഉണ്ണി പങ്കെടുക്കുന്ന പരിപാടി ആയതിനാലാണ് പല രക്ഷിതാക്കളും മക്കളെ അയച്ചത്. സംഘാടകർ പരിപാടിക്കായി 2000 രൂപയും പിന്നീട് വസ്ത്രത്തിനുവേണ്ടി 1600 രൂപയും വാങ്ങിയിരുന്നു. ഗിന്നസ് റെക്കോഡ് ലക്ഷ്യം വെച്ച് നടത്തിയ പരിപാടിയില്‍ സംഘാടകര്‍ റെക്കോഡ് വേദിയില്‍ ഏറ്റുവാങ്ങിയെങ്കിലും നൃത്തത്തില്‍ പങ്കെടുത്തവര്‍ക്ക് ഗിന്നസ് റെക്കോഡുമായി ബന്ധപ്പെട്ട യാതൊരു സമ്മാനവും നൽകിയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് നാലു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃദംഗവിഷന് ഡയറക്ടര്‍ നിഗോഷ്, ഭാര്യ, സിഇഒ ഷമീര്‍, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂര്‍ണിമ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. കലൂര്‍ സ്വദേശി ബിജിയുടെ പരാതിയിൽ വിശ്വാസ വഞ്ചനയ്ക്കാണ് കേസ്. പരിപാടിക്കായുള്ള സാമ്പത്തിക ഇടപാട് നടത്തിയ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു.