സൈക്കിള്‍ യാത്രക്കാര്‍ക്കായി മൂന്ന് മാസത്തെ ബോധവത്കരണം
ഈ യാത്ര അവസാനിക്കുന്നില്ല. സ്മരണകളുടെ കടവുകളില്‍നിന്ന് കടവുകളിലേക്ക്, വായനക്കാരുടെ തലമുറകളില്‍നിന്ന് തലമുറകളിലേക്ക് മലയാളത്തിന്റെ മഹാനായ എഴുത്തുകാരന്റെ അനശ്വരമഹായാനം ആരംഭിച്ചിട്ടേയുള്ളൂ…കാഥികരില്‍ കാഥികന്.കഥയുടെ ചുറ്റഴിഞ്ഞു വരുന്നത് വാക്കുകളുടെ ഗോവണി ഇറങ്ങി വരുന്നതുപോലെ. വാക്കുകളുടെ അര്‍ത്ഥ വ്യാപ്തി അറിയുന്തോറും കഥ കലങ്ങിമറിയും. ആഴം കൂടി ആഴം കൂടി താഴോട്ട്. എന്ത് പറയുന്നു എന്നതിനപ്പുറം എങ്ങനെ പറയുന്നു എണ്ണത്തിലും കാര്യമുണ്ടെന്നു തെളിയിച്ച കഥയുടെ സര്‍വ്വശ്രീ.ഭാഷയുടെ താളം കാമറയുടെ ചലനം എല്ലാം ഏച്ചുകൂട്ടി പറയുന്ന കഥാശകലം. സാഹിത്യകാരനെന്നോ ചലച്ചിത്രകാരനെന്നോ വേര്‍തിരിച്ചു പറയേണ്ടകാര്യമില്ല. കഥപറഞ്ഞു തരുന്നയാള്‍ എം ടി വാസുദേവന്‍ നായര്‍. മലയാളിക്കും മലയാള സാഹിത്യത്തിനും സിനിമയ്ക്കും എം ടി എന്നതിന് പര്യായ പദങ്ങമില്ല. ഭാവനയുടെ ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുപോകുന്ന പറഞ്ഞു പറഞ്ഞു കഥകളുടെ കാണാപ്പുറങ്ങള്‍ കാണിച്ചുതരുന്ന എഴുത്തുകാരനായിരുന്നു എം ടി.എണ്ണിയാലൊടുങ്ങാത്ത കഥകളെയും കഥാപാത്രങ്ങളെയും തിരശീലയില്‍ എത്തിച്ചയാള്‍. ഞെട്ടലോ നടുക്കലോ ബാക്കി വെച്ച് അകലാന്‍ മടിക്കുന്ന വായന അവസാനിക്കുമ്പോള്‍ അവസാനിക്കാത്ത കഥാപാത്രങ്ങള്‍ ഇറങ്ങി വന്നു എം ടിയുടെ തൂലികയിലൂടെ. ഒരുവാക്കില്‍ നിന്ന് അടുത്ത വാക്കിലേക്ക് നീങ്ങുമ്പോഴുള്ള താളം പ്രധാനമാണ്. ‘കടലിനു കറുത്ത നിറമായിരുന്നു, ഒരു കൊട്ടാരവും ഒരു മഹാ നഗരവും വിഴുങ്ങി കഴിഞ്ഞിട്ടും തിരകള്‍ തീരത്ത് തലതല്ലികൊണ്ടാലറി’
നോക്കൂ, രണ്ടു വരികള്‍ക്കിടയില്‍ ഇങ്ങനെ. ‘അകലെ പഴയ കൊട്ടാരത്തില്‍ ജയമണ്ഡപത്തിന്റെ മുകളിലാവണം, കുറച്ചു സ്ഥലത്ത് ജലം നിശ്ചലമായിരുന്നു. ഉത്സവ ക്രീഡകള്‍ കഴിഞ്ഞു കാലം വിശ്രമിക്കുന്ന കളിക്കളം പോലെ’ ഇവിടെ ഉത്സവക്രീഡകള് കഴിഞു കാത്തിരിക്കുന്നത് കാലമാണ് മനുഷ്യരല്ല; ഉപമകള്‍ക്ക് പഞ്ഞമില്ല. ഇളം മഞ്ഞ സാരി എവിടെ കാണുമ്പോഴും മഞ്ഞിലെ വിമലയെ ഓര്‍ക്കും. ഉറക്കാതെ കിടക്കുന്ന മഞ്ഞാണ് വിമല. വായനയുടെ ഓരോ ആവര്‍ത്തിയും മുഴുവനായി പിടിതരാതെ കൈവിട്ടുപോകുന്നവള്. ഇരുട്ടിന്റെ ആത്മാവും വാനപ്രസ്ഥവും കാലവും അസുരവിത്തും എങ്ങനെ പറയും എങ്ങനെ പറയാതിരിക്കും. അറിഞ്ഞുകൂട! ഒരാള്‍ വായന വേണ്ട എന്നു വെച്ചാലും എംടിയുടെ പേര് കേള്‍ക്കാതെ പത്താം തരം വിജയിക്കാന്‍ സാധിക്കില്ല.എം ടിയെ പഠിച്ചു വളര്‍ന്നത് തലമുറകളാണ്.അവരെ പാകപ്പെടുത്തുന്നതില്‍ എം ടിയും പങ്കുവഹിച്ചു. എം ടിയെ പഠിക്കുന്നിടത്തോളം കാലം എം ടി ഈ സമൂഹത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ആ മഹാപുരുഷന് വിടപറച്ചലില്ല. മരണം മൂക്കോട് തൊട്ടുനില്ക്കെ നീട്ടിക്കിട്ടിയ രണ്ടാമൂഴത്തിന് അതെ പേര് നല്കി. കൂടെ എഴുതി, സമയം അനുവദിച്ചു തന്ന കാലത്തിന്റെ ദയയ്ക്കു നന്ദി.
‘ഗംഗ ശാന്തമാണ് . വളരെ നേര്‍ത്ത അലകള്‍. ഒരു നെടുവീര്‍പ്പിട്ട ശേഷം വിശ്രമിക്കാനൊരുങ്ങുകയാണ്.’ മരണം ചുറ്റുപാടും നിറയുന്ന കാശിയുടെ പശ്ചാത്തലത്തില്‍ എം ടി എഴുതിയ അവസാന നോവല്‍ വാരണാസിയിലെ മരണത്തിന്റ ഗന്ധമുള്ള വാക്കുകള്‍. ജീവിതത്തിന്റെ അനാഥത്വം ഉപേക്ഷിച്ച്, ആള്‍ക്കൂട്ടത്തില്‍ തനിയെ ആയിപ്പോയ ഒരു മനുഷ്യന്റെ രക്ഷപ്പെടലായാണ് പലപ്പോഴും എംടി മരണത്തെ എഴുതിയത്. നാട്ടിന്‍പുറത്തിന്റെ തനിമകൊണ്ടും ഗൃഹാതുരത്വത്തിന്റെ നനവു കൊണ്ടും ഭാഷാപ്രേമികളെ എഴുത്തിന്റെ ലോകത്ത് പിടിച്ചിരുത്തിയ അപൂര്‍വ്വ പ്രതിഭ കൂടിയായിരുന്നു എം ടി. അക്ഷരങ്ങള്‍ കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന അസാമാന്യ മനുഷ്യന്, അനുഗ്രഹിക്കപ്പെട്ട എഴുത്തുകാരന്… വായനക്കാരനെ കഥാപാത്രമാക്കി മാറ്റുന്ന മായാജാല വിദ്യ എം ടി യുടെ തൂലികത്തുമ്പില്‍ ഭദ്രമായിരുന്നു. ഒരു കാലഘട്ടത്തിന്റെ ചരിത്രാവശേഷിപ്പുകളെന്നോ ഓര്‍മ്മപ്പെടുത്തലുകള്‍ എന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന കൃതികള്‍ ആണ് എംടിയുടേത്. കാലത്തെ അതിജീവിക്കാന്‍ കെല്‍പ്പുള്ള ശക്തമായ ആഖ്യാന ശൈലിയാണ് എം ടിയെ എഴുത്തിന്റെ പെരുന്തച്ചന് ആക്കി മാറ്റിയത്. കൂടല്ലൂരിന്റെ കഥാകാരന് ഒരിക്കല്‍ പറഞ്ഞു. അക്ഷരങ്ങളാണ് എന്റെ സമ്പത്ത്. അക്ഷരങ്ങളെക്കൊണ്ടാണ് ഞാന്‍ ജീവിക്കുന്നത്. അതിന് അക്ഷരങ്ങളോട് നന്ദി. എഴുത്തുകാരനാവാന്‍ തോന്നിയ നിമിഷമാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവ്. എം ടിയെ വായിക്കാത്ത മലയാളിയില്ല. എംടി സൃഷ്ടിച്ച കഥാലോകം തന്റേതെന്ന് ഓരോ മലയാളിയേയും കൊണ്ട് പറയിക്കുന്ന അത്രയും കൈയടക്കമുണ്ടായിരുന്നു എം ടിയുടെ ഓരോ രചനയ്ക്കും. അത്രമേല്‍ അനുഭവ തീക്ഷ്ണമായ കഥാ സന്ദര്‍ഭങ്ങള്‍. ആത്മ സംഘര്‍ഷങ്ങള്‍… സാഹിത്യ കുലപതിയായി ഇന്ത്യന്‍ സാഹിത്യ നഭസില്‍ നിറഞ്ഞു നിന്നപ്പോഴും എം ടി പറഞ്ഞു. സാഹിത്യത്തിന്റെ പാരമ്പര്യമൊന്നും എനിക്ക് ഇല്ല. പാലക്കാട് ജില്ലയിലെ കൂടല്ലൂരിലെ മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ എന്ന വാസു എം ടിയായി വളര്‍ന്നത് സ്വന്തം പരിശ്രമം കൊണ്ട് മാത്രമാണ്. വാക്കുകളില്‍ ധ്യാനിച്ചിരുന്ന് സൗന്ദര്യാരാധന നടത്തുന്ന ലാവണ്യവാദം എം.ടിയുടെ രചനകളുടെ അന്തഃസത്തയാണ്. അതൊരു പാതകമല്ല താനും.
വര്‍ത്തമാനകാല കാര്യങ്ങളിലൊക്കെയും ഇടപെടുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്ന കലാപകാരിയാവണം കലാകാരനെന്ന് സഹൃദയപക്ഷം വാശിപിടിക്കുന്നതില്‍ അര്‍ത്ഥമില്ല. ‘കുട്ട്യേടത്തി’യില്‍ നിന്ന് ചെറിയ ചെറിയ ഭൂകമ്പങ്ങളിലേക്കുള്ള ദൂരം അറിയേണ്ടതുണ്ട്. ‘മഞ്ഞി’ല്‍ നിന്ന് ‘വാനപ്രസ്ഥ’ത്തിലേക്കുള്ള വികാസം എം.ടിയുടെ എഴുത്തിന്റെ ജൈവപരമായ വികാസമാണെന്ന് അറിയേണ്ടതുമുണ്ട്. അത് മനസ്സിലാക്കുന്നതിനൊപ്പം,സദാ സ്വന്തം വാത്മീകത്തില്‍ തപസ്സിരുന്ന് മൗനം കലയാക്കി മാറ്റിയ, സാമൂഹിക രാഷ്ട്രീയ കാര്യങ്ങളില്‍ ഒരിടപെടലും നടത്താത്ത ഒരു കലാകാരനല്ല എം.ടി. എന്ന വസ്തുതയും ഗ്രഹിച്ചെടുക്കേണ്ടതുണ്ട്. സ്നേഹത്തിന്റെ നിരാസമാണ് എം.ടിയെ ഏറ്റവുമധികം വേദനിപ്പിച്ചത്. ഭൂതകാലത്തിന്റെ നന്മയുടെ അവശേഷിപ്പുകളെ മലയാളിയെ നിരന്തരം ഓര്‍മിപ്പിച്ചു.വിദേശ ഭാഷയിലാണ് രചന നിര്‍വഹിച്ചിരുന്നതെങ്കില്‍ എം.ടിക്ക് നോബേല്‍ പുരസ്കാരം കിട്ടുമായിരുന്നു എന്ന് തീര്‍ത്തുപറയാനാകും.
മാന്ത്രികസ്പര്‍ശമുള്ള ഭാവനകൊണ്ടും തൂലികകൊണ്ടും മലയാളത്തിന്റെ തലമുറകളെ വസന്തമനുഭവിപ്പിച്ച എം.ടി സാഹിത്യ ലോകത്തെ മഹാസമുദ്രമാണ്. മലയാള സാഹിത്യലോകത്ത് ഒരുപാടു തിരയിളക്കങ്ങളുണ്ടാക്കിയ സമുദ്രം. മൗനം വാചാലമാക്കി എം.ടി മലയാളത്തെ വായിക്കാന്‍ പഠിപ്പിച്ചു. ചെറുകഥകളിലൂടെ നോവലുകളിലൂടെ തിരക്കഥകളിലൂടെയൊക്കെ. വളള്ളുവനാടന് മിത്തുകളും ശൈലികളും വായനക്കാര്‍ക്ക് കടം തന്ന കഥാകാരന്. സാഹിത്യലോകത്ത് വീശിയടിച്ച പാലക്കാടന്‍ കാറ്റായിരുന്നു ഓരോ എം.ടി കഥകളും. കരിമ്പനകളെപ്പോലും കടപുഴക്കിയെറിയാന്‍ ശേഷിയുള്ള കാറ്റ്. ഓരോ എം.ടി കഥയും ഒരു ചരിത്രമാണ്. യാഥാസ്ഥിതിക നായര്‍ തറവാടും, മരുമക്കത്തായവും ജന്മിത്വത്തിന്റെ അവസാനവുമെല്ലാം പ്രതിപാദിക്കുന്ന കേരളത്തിലെ സാമൂഹ്യവ്യവസ്ഥിതിയെപ്പറ്റിയുള്ള ചരിത്രം. എം.ടി കഥാപാത്രങ്ങളെ കണ്ടെത്തിയത് തന്റെ കുടുംബത്തില്‍ നിന്നാണ് കുട്ട്യേടത്തിയും ഭ്രാന്തന് വേലായുധനും ലീലയും എല്ലാം ഒരു ചെറുനൊമ്പരമായി ഹൃദയത്തിലെ ആഴങ്ങളിലെങ്ങോ കിടപ്പുണ്ട്. ആത്മകഥാംശമുണ്ട് ഓരോ എം.ടി കഥകളിലും. ദാരിദ്രവും വ്യക്തി ബന്ധങ്ങളിലുണ്ടായ വിള്ളലുകളും പ്രണയത്തിന്റെ ഭൂതകാലവും വായിച്ചെടുക്കാം ഓരോ കഥകളിലും. ലോകം തിരിച്ചറിയുന്ന എം.ടിയിലേക്ക് വാസുദേവന്‍നായര്‍ നടന്നു തീര്‍ത്തത് ചെറുകഥയില്‍ നിന്ന് തിരക്കഥയിലേയ്ക്കുള്ള ദൂരമായിരുന്നു. ‘കഥകള്‍ ആത്മാവില്‍ നിന്നൊഴുകുമ്പോള്‍ കവിതയാണ്’ എന്നാണ് എം ടിയുടെ പക്ഷം. എത്രയോ കഥാപാത്രങ്ങളിലൂടെ പ്രണയവും നൊമ്പരവുമെല്ലാം എം ടി നമ്മളിലേക്ക് കവിതയായ് പകര്‍ത്തി. അത്രമേല്‍ ആര്‍ദ്രമായ പ്രണയവും അടങ്ങാത്ത ആനന്ദവും ദുഃഖവും നൊമ്പരങ്ങളും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ജൈവികമാക്കി. മാനവികതയുടെയും മനുഷ്യസ്നേഹത്തിന്റെയും സന്ദേശങ്ങള്‍ കഥകളിലൂടെയും, നോവലുകളിലൂടെയും ലേഖനങ്ങളിലൂടെയും മനുഷ്യ ഹൃദയങ്ങളിലേക്ക് എം ടി സന്നിവേശിപ്പിച്ചു. നമ്മുടെ സ്വകാര്യതകളില്‍ താലോലിച്ച സ്വപ്നങ്ങളും മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം എം ടി യുടെ കഥാപാത്രങ്ങളില്‍ വന്ന് നിറയാറുണ്ട്. മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം ടി വാസുദേവന്‍ നായരെ ചുരുക്കിപ്പറഞ്ഞാല്‍ മലയാളത്തിന്റെ അക്ഷര സുകൃതമെന്നു വിശേഷിപ്പിക്കാം, പരത്തിപ്പറഞ്ഞാല്‍ പാരാവാരത്തോളം പറയാനുണ്ടാകും. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍, സാഹിത്യകാരന്,നാടകകൃത്ത് എന്നിങ്ങനെ വിശേഷണങ്ങള്‍ അനവധിയാണ്. മലയാളിയുടെ മനസറിഞ്ഞ മാന്ത്രികത്തൂലികയാണിപ്പോള് നിശ്ചലമായത്. എഴുതിയാലും എഴുതിയാലും തീരാത്ത കഥ പോലെയാണ് മലയാളിക്ക് എം ടി വാസുദേവന്‍ നായര്‍. ആ തൂലികയില്‍ നിന്നിറങ്ങി മലയാളിമനസുകളിലേക്ക് കയറിവന്ന എണ്ണമറ്റ കഥാപാത്രങ്ങള്‍, അവരുടെ വികാരവിക്ഷോഭങ്ങള്‍, വായിച്ചു തീരുമ്പോഴും ബാക്കിയാവുന്ന അവരുടെ ജീവിതം!
നിര്‍മമ!മായ കാലത്തിന്റെ ഒരു താള് ആണ് എംടി. ആ താളിലും പരന്നു കിടക്കുന്നു നിര്‍മമത. സംഭവിച്ചതിനെയും സംഭവിക്കാനിരിക്കുന്നതിനെയും കുറിച്ച് ആകുലങ്ങളില്ല. ഓരോന്നു ചെയ്തുതീര്‍ക്കാനും അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന ചുവടുകള്‍ സ്വയം നല്കുന്ന താക്കീതുകളാണ്; മോഹങ്ങളല്ല. ഒന്നുകൊണ്ടും പ്രലോഭിപ്പിക്കാനാകാത്തൊരു സ്ഥൈര്യത്തിന്റെ കൊടുമുടി. ‘മഹാജനാനാം മനമിളകാ…..’ എന്നു കുറിച്ച വേള എംടിയെ കണ്ടിരുന്നിരിക്കണം. കാലം മനുഷ്യനു മുന്നില്‍ വച്ചിട്ടുള്ള ഒരു പാഠപുസ്തകവുമാണ് എംടി. എല്ലാ കണക്കുകൂട്ടലുകള്‍ക്കുമപ്പുറം, എല്ലാ അക്കാദമിക തീര്പ്പുകള്ക്കുമപ്പുറം കാലം പലതും ചെയ്യുന്നു. അതെങ്ങനെയൊക്കെയാകാം എന്ന് അദ്ഭുതപ്പെടാന്‍ എംടിയെ നോക്കിയാല്‍ മതി. എംടി എന്ന രണ്ടക്ഷരത്തില്‍ എഴുതിയ ഇതിഹാസ കാവ്യത്തിന്റെ അവസാന അധ്യായവും പൂര്‍ത്തിയാകുമ്പോള്‍, തിരശീലക്ക് പുറകിലേക്ക് മറയുന്നത് മലയാള സാഹിത്യത്തിന്റെ പകരക്കാരനില്ലാത്ത അമരക്കാരനാണ്. ‘മനസുകൊണ്ടുള്ള ഈ തീര്‍ഥയാത്രയ്ക്കും തന്റെ മടക്കയാത്രയ്ക്കുമുള്ള തീവണ്ടിയുടെ ചൂളംവിളിക്കായി കാതോര്‍ത്ത് സുധാകരന് മുന്നോട്ടു നടന്നു. സ്നാന ഘട്ടങ്ങള്‍ ഉറങ്ങുന്ന,കാലഭൈരവന് റോന്തു ചുറ്റുന്ന കാശിയുടെ കല്‍പ്പടവുകള്‍ കടന്ന മറ്റൊരു ഇടത്താവളത്തിലേക്ക്’ എംടി എഴുത്തുപേന താഴെവക്കുകയാണ്…