
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
അബുദാബി : പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം ഗണ്യമായി കുറക്കാന്‍ കഴിഞ്ഞതായി അബുദാബി പരിസ്ഥിതി ഏജന്‍സി. 2022ല്‍ നിരോധനം നിലവില്‍ വന്നതിനുശേഷം എമിറേറ്റില്‍ 360 ദശലക്ഷത്തിലധികം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ വെട്ടിക്കുറച്ചു. 2,400 ടണ്‍ പ്ലാസ്റ്റിക്കിന് തുല്യമാണിത്. എമിറേറ്റിലെ ഷോപ്പുകളിലെ ക്യാഷ് കൗണ്ടറുകളില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ എണ്ണത്തില്‍ 95 ശതമാനം കുറവുണ്ടായതായി അബുദാബി പരിസ്ഥിതി ഏജന്‍സി സെക്രട്ടറി ജനറല്‍ ഡോ.ഷൈഖ സലേം അല്‍ ദഹേരി പറഞ്ഞു.
ഈ വര്‍ഷം അവസാനത്തോടെ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ എണ്ണം 400 ദശലക്ഷത്തിലെത്തും. യുഎഇയിലുടനീളം സുസ്ഥിരമായ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണിത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും പുനരുപയോഗത്തിന്റെയും സംസ്കാരം വളര്‍ത്തിയെടുക്കുന്നതിന് ഉപഭോക്തൃ സ്വഭാവത്തിലുള്ള മാറ്റം പ്രധാനമാണെന്ന് ഡോ.അല്‍ ദഹേരി പറഞ്ഞു.
ഇതുകൂടാതെ കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ ആരംഭിച്ച ഇന്‍സെന്റീവ് അധിഷ്ഠിത ബോട്ടില്‍ റിട്ടേണ്‍ സ്കീം, നഗരത്തിലുടനീളമുള്ള റിവേഴ്സ് വെന്‍ഡിങ് മെഷീനുകളില്‍ നിന്ന് 130 ദശലക്ഷത്തിലധികം കുപ്പികള്‍ ശേഖരിച്ചു, ഇത് 80 ലോറികള്‍ നിറയ്ക്കുന്നതിന് തുല്യമാണ്. ഈ വര്‍ഷം ആദ്യം, ചില സ്റ്റൈറോഫോം ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് 97 ശതമാനം പാലിക്കപ്പെട്ടു. 2026ല്‍ പ്രാബല്യത്തില്‍ വരുന്ന ഫെഡറല്‍ നിരോധനത്തിന് മുന്നോടിയായാണ് എമിറേറ്റിലെ നിരോധനം.