ഗള്‍ഫ് കപ്പില്‍ കുവൈത്തിനെതിരെ യുഎഇക്ക് തോല്‍വി ; ഖത്തറിനെതിരെ ഒമാന്‍ വിജയം
ഷാര്‍ജ : എമിറേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പൊതുബജറ്റിന് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അംഗീകാരം നല്കി. ഏകദേശം 42 ബില്യണ്‍ ദിര്‍ഹമിന്റെ ബജറ്റിനാണ് ഇന്നലെ ഭരണാധികാരി അംഗീകാരം നല്‍കിയത്. സാമ്പത്തിക സുസ്ഥിരത വളര്‍ത്താനും മാന്യമായ ജീവിത നിലവാരം ഉയര്‍ത്തിപ്പിടിക്കാനും എല്ലാ താമസക്കാര്‍ക്കും സാമൂഹിക ക്ഷേമം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് ബജറ്റെന്ന് ശൈഖ് സുല്‍ത്താന്‍ പറഞ്ഞു. സാമൂഹിക സുരക്ഷ ശക്തിപ്പെടുത്താനും സുരക്ഷാ നടപടികള്‍ മെച്ചപ്പെടുത്താനും ഊര്‍ജം,വെള്ളം,ഭക്ഷണം തുടങ്ങിയ സുപ്രധാന വിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാനും ബജറ്റ് ഊന്നല്‍ നല്കുന്നു.
സര്‍ക്കാര്‍ ഏജന്‍സികളുടെ തന്ത്രപരമായ സംരംഭങ്ങള്‍ക്കും പദ്ധതികള്‍ക്കും ധനസഹായം നല്‍കാനും ഷാര്‍ജയിലുടനീളമുള്ള വിവിധ ജനവിഭാഗങ്ങള്‍ക്ക് അനുയോജ്യമായ പാര്‍പ്പിടം ഉറപ്പാക്കാനും ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്താനും ബജറ്റില്‍ വിവിധ പദ്ധതികളുണ്ട്. സാംസ്കാരികവും വിനോദപരവും സാമൂഹികവുമായ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് പൊതുബജറ്റ്. ആത്യന്തികമായി സുസ്ഥിര സാമ്പത്തിക വികസനത്തിന് നിര്‍ണായക സ്വാധീനം ചെലുത്തുന്ന ബജറ്റില്‍ സര്‍വതല സ്പര്‍ശിയായ പദ്ധതികളാണ് അവതരിപ്പിക്കുന്നത്. 2025ലെ പൊതുബജറ്റ് നിരവധി തന്ത്രപരവും സാമ്പത്തികവുമായ സ്തംഭങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഭരണാധികാരി വ്യക്തമാക്കി. സാമൂഹിക,സാംസ്കാരിക,ആരോഗ്യ,വിനോദസഞ്ചാര,അടിസ്ഥാന സൗകര്യ മേഖലകളില്‍ വികസിത രാജ്യങ്ങളുമായി കിടപിടിക്കുന്ന അന്തരീക്ഷം എമിറേറ്റില്‍ വളര്‍ത്തിയെടുക്കാനുള്ള സമര്‍പ്പിത ശ്രമത്തിനാണ് ബജറ്റ് പ്രാധാന്യം നല്‍കുന്നത്. ഇതുകൊണ്ട് ഉണ്ടാകുന്ന സാമ്പത്തിക അഭിവൃദ്ധിയില്‍ നിന്ന് എമിറേറ്റിലെ ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുമെന്നും ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്.
ലോകമെമ്പാടുമുള്ള സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന,പണപ്പെരുപ്പം, ഉയരുന്ന പലിശനിരക്കുകള്‍, സാമ്പത്തിക മാന്ദ്യം,ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ എന്നിങ്ങനെയുള്ള ആഗോള, പ്രാദേശിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ സര്‍ക്കാരിന്റെ കഴിവുകള്‍ ശക്തിപ്പെടുത്തുകയാണ് ബജറ്റ് ലക്ഷ്യമിടുന്നത്.
സാമ്പത്തിക മേഖലയിലെ വെല്ലുവിളികളെ ലഘൂകരിക്കുന്നതിന് തന്ത്രപരമായ വിഭവങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഷാര്‍ജ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. യുഎഇ പൗരന്മാര്, താമസക്കാര്‍,ബിസിനസുകള്‍,ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ താല്പര്യങ്ങള് സംരക്ഷിക്കുമെന്നും ബജറ്റില്‍ പറയുന്നു.
സാമ്പത്തിക,സാമൂഹിക,ശാസ്ത്രീയ,സാംസ്കാരിക,നാഗരികത,ടൂറിസം,ഘടനാപരമായ മാനങ്ങള്‍ എന്നിവക്ക് മുന്‍ഗണന നല്‍കുന്നതാണ് പൊതുബജറ്റ്. മാത്രമല്ല, പൊതുമേഖലയിലും സ്വകാര്യമേഖലയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ബജറ്റ് ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഷാര്‍ജയെ ഊര്‍ജസ്വലമായ ശാസ്ത്ര,സാഹിത്യ,സാംസ്കാരിക കേന്ദ്രമാക്കി മാറ്റുന്നതിന് അര്‍ത്ഥപൂര്‍ണമായ സംഭാവന നല്‍കുന്നതാണ് പൊതുബജറ്റ്. കഴിഞ്ഞ ബജറ്റിനേക്കാള്‍ 2% വര്‍ധനവ് പ്രതീക്ഷിക്കുന്നതാണ് പുതിയ ബജറ്റ്.
ഭരണാധികാരിയുടെ അതിമോഹമായ നിര്‍ദേശങ്ങള്‍ പ്രതിധ്വനിക്കുന്ന തന്ത്രപരവും സാമ്പത്തികവുമായ ലക്ഷ്യങ്ങളുടെ ശ്രേണി ഉള്‍ക്കൊള്ളുന്നതാണ് പൊതുബജറ്റെന്ന് ധനകാര്യ വകുപ്പ് ചെയര്മാന് ശൈഖ് മുഹമ്മദ് ബിന്‍ സഊദ് അല്‍ ഖാസിമി പറഞ്ഞു. ഭരണാധികാരിയുടെ സമഗ്രവും വികസനാത്മകവുമായ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതാണിത്. എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ നിന്നുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളിലൂടെയും കേന്ദ്ര ധനകാര്യ വകുപ്പിന്റെ തന്ത്രപരമായ വീക്ഷണങ്ങളിലൂടെയും ഉയര്‍ന്ന സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനും സര്‍ക്കാര്‍ സാമ്പത്തിക സ്രോതസുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനുമുള്ളതാണ് പുതിയ ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.