27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : ഷാര്‍ജയില്‍ ഗോതമ്പ് വിളയുന്ന മലീഹയില്‍ ഗോതമ്പ് ഫെസ്റ്റിവലുമായി ഷാര്‍ജ കൃഷി വകുപ്പ്. കൃഷി രീതികള്‍ പഠിക്കാനും ഉത്പന്നങ്ങള്‍ പരിചയപ്പെടാനും കാര്‍ഷികവൃത്തി പ്രോത്സാഹിപ്പിക്കാനുമാണ് കൃഷി വകുപ്പ് ‘ഗോതമ്പുത്സവം’ സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവലിന്റെ ഉദ്ഘാടന ദിവസം മുതല്‍ തന്നെ നിരവധി പേര് ഉത്സവ നഗരിയിലെത്തി. എല്ലാ വിഭാഗം ജനങ്ങളെയും ആകര്‍ഷിക്കാന്‍ ഫെസ്റ്റിവല്‍ നഗരിയില്‍ വിത്യസ്ത വിനോദ പരിപാടികളും നടക്കുന്നുണ്ട്. മലീഹയിലെ വിശാലമായ പാടത്താണ് ഫെസ്റ്റിവല്‍. രാജ്യത്തെ ഫാമുകളെ പിന്തുണക്കുന്നതിനും അവരുടെ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകരെയും ഉത്പാദനക്ഷമതയുള്ള കുടുംബങ്ങളെയും ജൈവകൃഷി സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നതിനുള്ള കൃഷി വകുപ്പിന്റെ പ്രതിബദ്ധതയാണ് ഗോതമ്പ് ഉത്സവമെന്ന് ഷാര്‍ജ കൃഷി,കന്നുകാലി വകുപ്പ് ചെയര്മാന് ഡോ.ഖലീഫ മുസാബ അല്‍ തുനൈജി പറഞ്ഞു. ഗോതമ്പ് ഫെസ്റ്റിവലില്‍ ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് പ്രത്യേകം സ്റ്റാളുകള്‍ തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.പ്രസന്നമായ ശൈത്യകാല അന്തരീക്ഷത്തില്‍ മരുഭൂമിയിലെ കൃഷിസ്ഥലത്ത് എത്തുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ,വിനോദ പരിപാടികളും ഫെസ്റ്റിവല്‍ നഗരിയില്‍ നടന്നു വരുന്നു. വരും ദിവസങ്ങളില്‍ സ്വദേശികളും വിദേശികളുമായ അനേകം കൃഷി സ്നേഹികള്‍ ഗോതമ്പ് ഫെസ്റ്റിവല്‍ കാണാന്‍ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.