
ഇറാഖ് ഉപപ്രധാനമന്ത്രി ഫുആദ് മുഹമ്മദ് ഹുസൈന് യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
ദുബൈ : തൊഴിലാളികളുടെയും താമസക്കാരുടെയും ഇമാറാത്തി കുടുംബങ്ങളുടെയും ജീവിത സാഹചര്യങ്ങള്‍ കണ്ടെത്താന്‍ സാമൂഹിക സര്‍വേ നടത്താന്‍ ദുബൈ പദ്ധതി ആവിഷ്കരിച്ചു. വര്‍ത്തമാനകാല സാഹചര്യത്തിനനുസരിച്ച് നയങ്ങളും വികസനങ്ങളും സാധ്യമാക്കുന്നതിന് ശക്തമായ ഡാറ്റാബേസ് സ്ഥാപിക്കുകയാണ് ലക്ഷ്യം. എമിറേറ്റിലെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ കൃത്യമായി പ്രതിഫലിപ്പിക്കുന്ന സമഗ്രമായ ഡാറ്റയായിരിക്കും തയ്യാറാക്കുക. ദുബൈ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയും ദുബൈ ഡാറ്റ ആന്റ് സ്റ്റാറ്റിസ്റ്റിക്സ് എസ്റ്റാബ്ലിഷ്മെന്റും ഫീല്‍ഡ് സന്ദര്‍ശനങ്ങളിലൂടെയും വ്യക്തിഗത അഭിമുഖങ്ങളിലൂടെയും ആയിരിക്കും സര്‍വേ നടത്തുക. ദുബൈയിലുടനീളമുള്ള 5,100 കുടുംബങ്ങളെ സാമ്പിള്‍ സര്‍വേയില്‍ ഉള്‍പ്പെടുത്തും. വിവരശേഖരണം 2024 ഡിസംബര്‍ 17 മുതല്‍ 2025 മാര്‍ച്ച് 4 വരെ നടക്കും. സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള ധാരണ വര്‍ദ്ധിപ്പിക്കുന്നതിലും സമൂഹത്തിന്റെ ആവശ്യങ്ങള്‍ കൃത്യമായി തിരിച്ചറിയുന്നതിലും ഒരു സുപ്രധാന ചുവടുവെപ്പാണ് ദുബൈ സോഷ്യല്‍ സര്‍വേ പ്രതിനിധീകരിക്കുന്നതെന്ന് സിഡിഎയിലെ സോഷ്യല്‍ ഡെവലപ്മെന്റ് സെക്ടര്‍ സിഇഒ സയീദ് അഹമ്മദ് അല്‍ തായര്‍ പറഞ്ഞു. ദുബൈയില്‍ നടക്കുന്ന എട്ടാമത്തെ സാമൂഹിക സര്‍വേയാണിത്. മുമ്പ് നടത്തിയ സാമൂഹിക സര്‍വേകള്‍ കമ്മ്യൂണിറ്റി വികസന ശ്രമങ്ങളെ നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഈ സര്‍വേയിലൂടെ, ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ മാറ്റം വിലയിരുത്താന്‍ ലക്ഷ്യമിടുന്നു. ജീവിത നിലവാരം, സന്തോഷം വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദുബൈയുടെ സോഷ്യല്‍ അജണ്ട 33 ന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിന് ഇത് ഉപയുക്തമാകും. കുടുംബങ്ങളോട് സജീവമായി പങ്കെടുക്കാനും ചോദ്യങ്ങള്‍ക്ക് കൃത്യവും സമഗ്രവുമായ പ്രതികരണങ്ങള്‍ നല്‍കാനും ദുബൈ ഡാറ്റ ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് എസ്റ്റാബ്ലിഷ്മെന്റിലെ ഡാറ്റ ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഓപ്പറേഷന്‍സ് സെക്ടറിന്റെ സിഇഒ അഫാഫ് ബുസൈബ അഭ്യര്‍ത്ഥിച്ചു. ശേഖരിച്ച എല്ലാ ഡാറ്റയും മൂല്യനിര്‍ണ്ണയത്തിനും വികസന ആവശ്യങ്ങള്‍ക്കുമായി കര്‍ശനമായി ഉപയോഗിക്കുമെന്ന് പങ്കാളികള്‍ക്ക് ഉറപ്പുനല്‍കുന്നതായും ബാധകമായ നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന സ്വകാര്യതയുടെയും രഹസ്യാത്മകതയുടെയും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും അഫാഫ് ഖുസൈബ പറഞ്ഞു.