27 മില്യണ് ഫോളോവേഴ്സ്
അബുദാബി : ഇന്ത്യന് രൂപയുടെ വിനിമയ നിരക്ക് വീണ്ടും കുറഞ്ഞു. ഒരു ദിര്ഹമിന് 23.12 രൂപ എന്ന നിരക്കിലേക്കാണ് മൂല്യം ഇടിഞ്ഞത്. 43.28 ദിര്ഹം നല്കിയാല് ആയിരം ഇന്ത്യന് രൂപ ലഭിക്കും. ഒറ്റനോട്ടത്തില് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്ക്ക് വലിയ ആശ്വാസമായി തോന്നാമെങ്കിലും നാട്ടിലെ വിലക്കയറ്റവും വര്ധിച്ചുവരുന്ന ചെലവുകളും കടുത്ത സാമ്പത്തിക പ്രയാസമാണ് സൃഷ്ടിക്കുന്നത്. 1980കളുടെ തുടക്കത്തില് 480 ദിര്ഹമായിരുന്നു ആയിരം രൂപക്ക് നല്കേണ്ടിയിരുന്നത്. ഇന്ന് 480 ദിര്ഹമിന് പതിനൊന്നായിരത്തില്പരം രൂപ ലഭിക്കും. അക്കാലത്ത് പ്രതിമാസം പരമാവധി ആയിരം രൂപയാണ് വീട്ടിലെ ചെലവുകള്ക്കായി അയച്ചിരുന്നതെന്ന് മുന്കാല പ്രവാസികള് ഓര്ക്കുന്നു.
എന്നാല് ഇന്ന് സാധാരണ കുടുംബങ്ങള്ക്ക് ഓരോമാസവും 30,000 രൂപ അയച്ചാലും തികയുന്നില്ല. അതുകൊണ്ടുതന്നെ രൂപയുടെ വിനിമയ നിരക്ക് കുറയുന്നതിനനുസരിച്ചു പ്രവാസികളുടെ ചങ്കിടിപ്പ് കൂടുകയാണ്. നാട്ടിലെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും നിത്യജീവിതത്തിലുണ്ടായ മാറ്റങ്ങളും പ്രവാസികളെ സാമ്പത്തികമായി സാരമായി ബാധിച്ചിട്ടുണ്ട്. ചെലവ് വര്ധനവിനനുസൃതമായി ശമ്പള വര്ധനവ് ഉണ്ടായിട്ടില്ലെന്നതും പ്രവാസികളെ പ്രയാസത്തിലാക്കുന്നുണ്ട്. തൊണ്ണൂറിന്റെ തുടക്കത്തിലാണ് ഇന്ത്യന് രൂപക്ക് ഏറ്റവും വലിയ തകര്ച്ച നേരിട്ടത്. തുടര്ന്നിങ്ങോട്ട് രൂപയുടെ മൂല്യത്തകര്ച്ച തുടര്ന്നുകൊണ്ടിരിക്കുകയാണ്. വരുംദിവസങ്ങളില് രൂപയുടെ വിനിമയ നിരക്ക് ഉയരാന് സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധര് വിലയിരുത്തുന്നത്.
സ്വര്ണവിലയിലും കുറവുണ്ടായിട്ടുണ്ട്. 24 കാരറ്റ് സ്വര്ണം ഗ്രാമിന് 328 ദിര്ഹമില് നിന്നും 321ല് എത്തിനില്ക്കുന്നു. സ്വര്ണ നിരക്ക് ഇനിയും ഉയര്ന്നേക്കുമെന്ന് കരുതി വാങ്ങി വെച്ചവര്ക്ക് തിരിച്ചടിയായാണ് കഴിഞ്ഞ ദിവസങ്ങളില് വിലയില് മാറ്റമുണ്ടായത്.