കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : വിദ്യാര്‍ത്ഥികളില്‍ ഗവേഷണ മനോഭാവം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച സയന്‍സ് എക്സ്പോ വേറിട്ട അനുഭവമായി. യുഎഇയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചത് അതിശയിപ്പിക്കുകയും കൗതുകം പകരുന്നതുമായ അമ്പതോളം പ്രോജക്റ്റുകള്‍. ശാസ്ത്രജ്ഞാനം വരും തലമുറയെ എങ്ങനെ ചിന്തിപ്പിക്കുന്നുവെന്നും അത് മനുഷ്യരാശിക്ക് എത്രത്തോളം പ്രയോജനകരമാക്കാമെന്നും തെളിയിക്കുന്നതായിരുന്നു ഓരോ പ്രോജക്റ്റുകളും. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കിയുള്ള പ്രോജക്റ്റുകളാണ് ഏറെ ശ്രദ്ധ നേടിയത്. മണ്ണിലും ജലാശയങ്ങളിലും മനുഷ്യന് തീര്‍ത്തിട്ടുള്ള മാലിന്യങ്ങള്‍ എങ്ങനെ ഇല്ലാതാക്കാം എന്നതിന് പുറമെ ബഹിരാകാശത്ത് നാമറിയാതെ കുമിഞ്ഞു കൂടി വരുന്ന സാറ്റ്ലൈറ്റ് അവശിഷ്ടങ്ങള്‍ അടക്കമുള്ള വസ്തുക്കള്‍ അവിടെ വെച്ച് തന്നെ റീസൈക്കിള്‍ ചെയ്യുന്ന സാങ്കേതികത വിദ്യ വരെ എക്സ്പോയില്‍ കാണാന്‍ കഴിഞ്ഞു.
ബഹിരാകാശത്തേക്ക് വിനോദ സഞ്ചാരം വരെ പദ്ധതി തയ്യാറായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവിടെ എന്തെല്ലാം സംവിധാനങ്ങളും സൗകര്യങ്ങളുമൊരുക്കാമെന്ന ചിന്തയിലാണ് പുതിയ തലമുറ. ഭൂമിയിലെ പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ഭാവിയില്‍ ബഹിരാകാശത്തും മാലിന്യങ്ങളെ നീക്കം ചെയ്യാനുള്ള കണ്ടെത്തലുകള്‍ അനിവാര്യമാണെന്ന പ്രോജക്റ്റുകളടക്കം ഏറെ ശ്രദ്ധിക്കപ്പെടുന്ന മോഡലുകള്‍ കൊതുകവും വിജ്ഞാനം പകരുന്നതുമായി. മനുഷ്യരാശിയെ നിഷ്പ്രയാസം കൊന്നൊടുക്കാന്‍ കഴിയുന്ന അത്യാധുനിക യുദ്ധക്കോപ്പുകളും അതിലുണ്ടാവുന്ന വിജയത്തില്‍ ഊറ്റം കൊള്ളുകയും ചെയ്യുന്ന സമൂഹത്തിടയില് നിര്‍മിത ബുദ്ധിയിലൂടെയുള്ള കൃഷിയും ബഹിരാകാശ യാത്രയും അവിടെ സജ്ജീകരിക്കേണ്ട കാര്യങ്ങളുമായാണ് പുതിയ തലമുറ നമുക്ക് മുന്നിലേക്കെത്തുന്നത്.
സ്കൂളുകളില്‍ മാത്രം നടത്തിവരാറുള്ള ഇതുപോലൊരു സയന്‍സ് എക്സ്പോ ആദ്യമായാണ് ഒരു സാമൂഹ്യ സംഘടന ഏറ്റെടുത്ത് നടത്തുന്നത്. യുഎഇയിലെ വിവിധ സ്കൂളുകളില്‍ നിന്നായി ഇരുനൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതായി അബുദാബി ഐഐസി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹിദായത്തുള്ള പറഞ്ഞു. പുനരുപയോഗം, സുസ്ഥിരത, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള അമ്പതോളം പ്രോജക്റ്റുകളാണ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചതെന്ന് ഐഐസി എഡ്യുക്കേഷന്‍ സെക്രട്ടറി ഹാഷിം ഹസ്സന്‍കുട്ടി പറഞ്ഞു. ടെക്നോളജി മനുഷ്യ ജീവിതത്തിന് എങ്ങനെ ഗുണകരമാക്കാം തുടങ്ങിയവലൂന്നിയുള്ളതായിരുന്നു ഓരോ മോഡലുകളും. ജൈവിക മാലിന്യങ്ങളെ പുനരുപയോഗിച്ച് എങ്ങനെ പുതിയ വസ്തുക്കള്‍ സൃഷ്ടിക്കാമെന്ന കണ്ടെത്തലുകളും പരിസ്ഥിതി സൗഹാര്‍ദ്ദമായ പാര്‍പ്പിട ഇടങ്ങള്‍ എങ്ങനെ സാധ്യമാക്കാമെന്ന വീക്ഷണവും വിദ്യാര്‍ത്ഥികള്‍ ഏറെ തന്മയത്വത്തോടെ അവതരിപ്പിച്ചു. റോബോട്ടിക്സും നിര്‍മിത ബുദ്ധിയും ആരോഗ്യ രംഗത്തും കാര്‍ഷിക മേഖലയില്‍ വരെ ഉപയോഗിക്കാമെന്ന ചിന്തനീയമായ പ്രോജക്റ്റുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
സോഷ്യല്‍ മീഡിയയിലെ ആഘോഷങ്ങളും വിനോദങ്ങളും മാത്രം ആസ്വാദ്യമാക്കി വരുന്ന നമുക്കിടയിലേക്ക്, ചുറ്റുപാടുകളെ എങ്ങനെ വീക്ഷിക്കണമെന്നും ശാസ്ത്രബോധത്തിലൂന്നിയുള്ള പരിഹാരമാര്‍ഗങ്ങള്‍ എങ്ങനെ കണ്ടെത്താമെന്നും ചിന്തിക്കുന്ന ഒരു വലിയ തലമുറ നമുക്കൊപ്പം വളര്‍ന്നു വരുന്നുവെന്ന ശുഭകരമായ വസ്തുത അടയാളപ്പെടുത്തുന്നതായിരുന്നു ഈ സയന്‍സ് എക്സ്പോ. ബഹിരാകാശം, പരിസ്ഥിതി, കൃഷി, ആരോഗ്യം തുടങ്ങി നിരവധി വിഷയങ്ങളാണ് ആഴത്തില്‍ പഠിച്ച് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചത്. ലോകത്തിന്റെ പല ഭാഗത്തു നിന്നും പതുക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കൃഷിയെ പുതിയ കണ്ടു പിടുത്തങ്ങളിലൂടെ ലഘൂകരിച്ച് അവതരിപ്പിക്കുകയുണ്ടായി. കൃഷി രീതികളെ കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ഗാഢമായി പഠിച്ച ശേഷമുള്ള കുട്ടികളുടെ ഈ അവതരണം തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു.
കൃഷി വരുംതലമുറയ്ക്കും വഴങ്ങുമെന്നും പുതിയ കൃഷി രീതികള്‍ പരിക്ഷിക്കാന്‍ അവര്‍ തയ്യാറാണെന്നും ഈ പ്രദര്‍ശത്തിലൂടെ വ്യക്തമാക്കി. പരിസ്ഥിതി സൗഹാര്‍ദ സമീപനത്തോടെ കൃഷിയെ മാറ്റിയെടുക്കാമെന്ന പുത്തന്‍ തലമുറ പുതിയ പ്രതീക്ഷയാണ് സമൂഹത്തിന് നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കളും സയന്‍സ് എക്സ്പോ കാണാനെത്തിയിരുന്നു.