കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
‘ഏകാന്തതയുടെ നൂറു വര്ഷങ്ങള്’ എഴുതിയത് 20ാം നൂറ്റാണ്ടിന്റെ ഇതിഹാസ കഥാകാരന് ഗബ്രിയേല് ഗാര്സിയ മാര്കേസ്. മനുഷ്യനെ അന്ധാളിപ്പിക്കുന്ന ഒറ്റപ്പെടലിനെക്കുറിച്ച് എഴുതിയത് മാര്കേസിനെ പ്രചോദിപ്പിച്ച ഫ്രാന്സ് കാഫ്ക. 41ാം വയസില് അസുഖം മൂര്ച്ഛിച്ച് മരിക്കുന്നതിനു മുമ്പ് ആത്മസുഹൃത്തിനോട് അപ്രകാശിതമായ തന്റെ രചനകളെല്ലാം (പിന്നീട് അതെല്ലാം പ്രശസ്തമായി). കാഫ്ക ജീവിച്ചിരിക്കെ പ്രസിദ്ധീകരിച്ച,കത്തിച്ചുകളയണമെന്ന് അഭ്യര്ത്ഥിച്ച അപൂര്വം കൃതികളില് ഒന്നാണ് സാഹിത്യ ചരിത്രത്തിലെ നിത്യവിസ്മയമായ മെറ്റമോര്ഫോസിസ് (രൂപാന്തരം) എന്ന ലഘുനോവല്. 1912ല് പൂര്ത്തിയായെങ്കിലും,1915 ഒക്ടോബറിലാണ് ഈ കൃതി ‘ദ വൈറ്റ് പേജസ്’ എന്ന ജര്മന് മാസികയില് പ്രസിദ്ധീകരിച്ചത്. ആദ്യമായി ഈ കഥ വായിച്ച അനുഭവം മാര്ക്കേസ് ഓര്ക്കുന്നു. ‘ഒരു രാത്രി ഫ്രാന്സ് കാഫ്കയുടെ കഥകളുടെ സമാഹാരം എനിക്കൊരു സുഹൃത്ത് വായിക്കാന് തന്നു. താമസിക്കുന്ന ലോഡ്ജിലേക്ക് പോയി ഞാന് മെറ്റമോര്ഫോസിസ് വായിക്കാന് തുടങ്ങി. ആദ്യ വരിതന്നെ എന്നെ അടിമുടി ഉലച്ചു കളഞ്ഞു’…
മാര്കേസിനെ മാത്രമല്ല,ഏത് വായനക്കാരനെയും ഉലച്ചുകളയുന്ന ആ വരികള് ഇതാണ്. ‘ഒരു ദിവസം രാവിലെ അസ്വസ്ഥമായ സ്വപ്നങ്ങളില് നിന്നുണര്ന്നപ്പോള് ഗ്രിഗര് സംസ,താനൊരു ഭീമാകാരനായ കീടമായി മാറിയതായി കണ്ടു… ശരീരത്തിന് തീരെ യോജിക്കാത്ത അസംഖ്യം കാലുകള്. അവ കണ്മുമ്പില് ദയനീയമായി ചലിച്ചുകൊണ്ടിരുന്നു. പിടയ്ക്കുന്ന കാലുകള് കാണാതിരിക്കാന്,അവന് കണ്ണുകള് ഇറുക്കിയടച്ചു. ഇന്നേവരെ അനുഭവപ്പെട്ടിട്ടില്ലാത്ത അസഹനീയമായ ഒരു വേദന അവന്റെ പാര്ശ്വങ്ങളെ അലോസരപ്പെടുത്തുന്നതുവരെ’. തന്റെ സ്വത്വത്തെ നെടുകെ പിളര്ത്തി,പേടിപ്പിക്കുന്ന പ്രതിസന്ധിയിലൂടെയാണ് താ ന് കടന്നുപോകുന്നതെന്ന് കാഫ്ക ‘മെറ്റമോര്ഫസിസി’ന്റെ രചനാവേളകളില് പ്രണയിനിയ്ക്ക് അയച്ച കത്തുകളില് നിന്ന് വ്യക്തമാവുന്നുണ്ട്. ‘പ്രിയപ്പെട്ടവളെ … രാത്രി വളരെ വൈകിയിരിക്കുന്നു. ഞാന് എന്റെ കൊച്ചു കഥ മാറ്റിവച്ചു കഴിഞ്ഞു.
അതാകട്ടെ വലിയ ഒരു കഥയായി രൂപം മാറുകയാണ്. വായിച്ചുകേള്പ്പിക്കാം. അതെ,ആ കഥ നിന്നെ വായിച്ചു കേള്പ്പിക്കുക അല്പം പേടിപ്പെടുത്തുന്ന ഒന്നായതുകൊണ്ട് എനിക്ക് നിന്റെ കരം ഗ്രഹിക്കേണ്ടിവരും. കഥയുടെ പേര് മെറ്റമോര്ഫോസിസ്, നീ ശരിക്കും ഞെട്ടിപ്പോകും; നിനക്ക് അതിലൊരു വാക്കുപോലും കേള്ക്കണമെന്നുണ്ടാവില്ല.. ‘ഒരാഴ്ച കഴിഞ്ഞപ്പോള് കാഫ്ക അടുത്ത കത്തിലെഴുതി. രസിപ്പിക്കുന്ന എന്തെങ്കിലും പറഞ്ഞാല് കൊള്ളാമെന്നുണ്ട്. പക്ഷേ, എന്റെ കണ്മുമ്പില് കിടക്കുന്ന എന്റെ കഥയിലെ നാലു കഥാപാത്രങ്ങളും കരച്ചിലിലാണ്. അല്ലെങ്കില് സന്തോഷമില്ലാത്ത മാനസികാവസ്ഥയിലാണ്.’
ലോകത്ത് ഏറ്റവും കൂടുതല് വായിക്കപ്പെട്ടിട്ടുള്ള കഥകളില് ഒന്നാണ് ‘രൂപാന്തരം’; ഏറ്റവുമധികം ചര്ച്ച ചെയ്യപ്പെട്ടിട്ടുള്ളതും. കഥ വായിച്ചു കഴിഞ്ഞപ്പോള് മാര്കേസ് പറഞ്ഞത് ഇങ്ങനെയാണ്; ‘ഇങ്ങനെയൊക്കെ എഴുതാന് അനുവാദമുണ്ടെന്ന് എനിക്കറിയില്ലായിരുന്നു’. അച്ഛനും അമ്മയും അനുജത്തിയും അടങ്ങിയതാണ് അവിവാഹിതനായ ഗ്രിഗര് സംസയുടെ കുടുംബം. പല പട്ടണങ്ങളിലും യാത്ര ചെയ്ത് സാമ്പിളുകള് കാണിച്ച് തുണിത്തരങ്ങള്ക്ക് ഓര്ഡര് ശേഖരിക്കുന്ന ശ്രമകരമായ സെയില്സ് റെപ്രസന്റേറ്റീവിന്റെ ജോലിയാണ് സംസയുടേത്. കുടുംബത്തിലെ മറ്റാര്ക്കും ജോലിയോ, വരുമാനമോ ഇല്ലാത്തതുകൊണ്ട് താല്പര്യമില്ലെങ്കിലും ഈ ജോലിയില് അയാള്ക്ക് തുടരേണ്ടി വന്നു. അപ്പോഴാണ് ഒരു ദിവസം രാവിലെ അയാള് ഭീമാകാരനായ ഒരു കീടമായി രൂപാന്തരപ്പെടുന്നത്. അനുകമ്പയും ആര്ദ്രതയും ആദ്യ ദിവസങ്ങളില് അയാള്ക്ക് കുടുംബാംഗങ്ങളില് നിന്ന് ലഭിച്ചെങ്കിലും ക്രമേണ ഓരോരുത്തരായി അയാളില് നിന്നകലുന്നു. എല്ലാവരില് നിന്നും ഭ്രഷ്ട് കല്പിക്കപ്പെട്ട് തന്റെ മുറിയിലേക്ക് അയാള് ഒതുങ്ങുന്നു.
തങ്ങളെ സാമ്പത്തികമായി സഹായിക്കാന് കെല്പില്ലാത്ത ആ ജീവി കുടുംബാംഗങ്ങള്ക്ക് ഒരു ബാധ്യതയായി മാറുന്നു. കുടുംബത്തിന്റെ മുഴുവന് ഭാരവും ചുമന്നിരുന്ന അയാള് സ്വന്തം മുറിക്കുള്ളിലെ തടവുകാരനായി മാറുന്നു. ഒരു നികൃഷ്ട ജീവിയെപ്പോലെ അവര് സംസയോട് പെരുമാറാന് ആരംഭിച്ചു. കുടുംബത്തിന്റെ എല്ലാ പ്രശ്നങ്ങള്ക്കും കീടമായി മാറിയ സംസയാണ് കാരണക്കാരന് എന്ന് പ്രഖ്യാപിക്കുന്നതോടെ അയാളെ എല്ലാ വിധേനയും തിരസ്കരിക്കാന് അവര് തീരുമാനിക്കുന്നു. ദേഷ്യത്തോടെ അച്ഛന് എറിഞ്ഞ ആപ്പിളിന്റെ ആഘാതത്തില് മെല്ലെ മെല്ലെ ചീഞ്ഞളിഞ്ഞ് ഒടുവില് ആ കീടം ചത്തുവീഴുന്നു. വരുമാനം നിലച്ചതോടെ വീട്ടിലെ മൂന്നുപേരും ചെറിയ ചെറിയ ജോലികളില് പ്രവേശിക്കുന്നു. വസന്തത്തിന്റെ ആരംഭത്തില് അവര് മൂവരും ഒന്നിച്ച് നടത്തുന്ന ഉല്ലാസ യാത്രയോടെ കഥ അവസാനിക്കുന്നു. മനുഷ്യന് എന്നും ഒറ്റപ്പെട്ടവനാണെന്നും നിസ്സഹായതയില് നിന്നുള്ള നിലവിളിയാണ് ജീവിതമെന്നും കാഫ്കയുടെ കഥകളെ ഉദ്ധരിച്ചുകൊണ്ട് നിരൂപകര് സമര്ത്ഥിക്കുന്നു. ഉദാഹരിക്കാനായി അവര് ഏറ്റവും കൂടുതല് ചൂണ്ടിക്കാണിക്കുന്ന കൃതി ‘മെറ്റമോര്ഫസിസ്’ തന്നെയാണ്. ഇവിടെ ഗ്രിഗര് സംസ ബാഹ്യലോകത്തു നിന്നും ഒറ്റപ്പെടുന്നു. സ്വന്തം ശരീരം നഷ്ടപ്പെടുന്നു. ജോലിസ്ഥലത്തുനിന്ന്,ഇഷ്ടഭക്ഷണങ്ങളില് നിന്ന്,താനുപയോഗിക്കുന്ന മേശ, കസേരകളില് നിന്ന്,താന് സ്നേഹിക്കുന്നവരുടെ സ്നേഹത്തില് നിന്നെല്ലാം തിരസ്കൃതനാവുന്നു. താന് ആര്ക്കുവേണ്ടിയാണോ ഇത്രയും കാലം പണിയെടുത്തത് അവരുടെ സംഭാഷണങ്ങളില് തന്റെ മരണത്തിന്റെ തിരക്കഥ അബോധപൂര്വ്വം രചിക്കപ്പെടുന്നത് അറിയുമ്പോള് സ്വകുടുംബത്തിലെ സുരക്ഷിതത്വം നിലയില്ലാത്ത ചതുപ്പുനിലമാണെന്ന് തിരിച്ചറിയുന്നു. ജീവിതം അസംബന്ധ നാടകമാണ്. ഇവിടെ ഒന്നിനും കാര്യകാരണ ബന്ധങ്ങളില്ല. ഗ്രിഗര് സംസ ഉറക്കമുണര്ന്ന പ്രഭാതത്തില് ഭീമാകാരനായ കീടമായി മാറുമ്പോള് ഭ്രാന്തിന്റെ ലോകത്തിലേക്കോ, അടിയന്തിര ദുരന്തനിവാരണമാര്ഗ്ഗങ്ങളിലേക്കോ സംസയോ, കുടുംബങ്ങളോ പോകുന്നില്ല. അംസബന്ധമാണ്, ഇഹലോക ജീവിതം എന്നുള്ളതാകാം കാരണം. അസ്തിത്വ ദര്ശനമാണ് മെറ്റമോര്ഫോസിന്റെ ആന്തരികധാര എന്ന് നിരൂപകര് വാദിക്കുന്നത് അതുകൊണ്ടാണ്.
കാഫ്കയുടെ നോവലുകളിലെയും കഥകളിലെയും പ്രധാന കഥാപാത്രങ്ങള് ഇരകളാണ്. മിക്ക ഇരകളും രക്ഷപ്പെടാനാവാത്ത കുരുക്കുകളിലുമാണ്. ഇവരെല്ലാവരും തന്നെ നിഷ്കളങ്കമായി സംശയാസ്പദങ്ങളായ സാഹചര്യങ്ങളില് വന്നുപെട്ടവരാണ്. അനിവാര്യമായ അന്ത്യത്തിലേക്ക് നടന്നുനീങ്ങുന്ന ഇരകളുടെ മേലുള്ള കോമാളിക്കളിയാണ് കാഫ്കയുടെ നായകന്മാരുടെ ജീവിതമെന്ന് കെയും (ദ ട്രയല്) സംസയും, ജോസഫ് കെ.യും (ദ കാസില്) ബോധ്യപ്പെടുത്തുന്നു. നൂറുവര്ഷം പ്രായമായപ്പോള് മെറ്റമോര്ഫസിസ് ആധുനിക ക്ലാസിക്കുകളുടെ മുന്നിരയിലെത്തി. പിന്നാലെ വന്ന തലമുറകളുടെ ആത്മീയ പ്രചോദനമായി കാഫ്ക രൂപാന്തരപ്പെട്ടു. രചനകളിലെ ‘കാളിമ’ ഒരു എഴുത്തുകാരനെ അനശ്വരനാക്കുമോ?
കോടാനുകോടി വര്ഷങ്ങളിലൂടെ കടന്നുപോകുന്ന ഈ പ്രപഞ്ചത്തിന് ഏതാനും നാളുകള് മാത്രം ജീവിക്കുന്ന മനുഷ്യന് ഒന്നുമല്ല. പരിണാമത്തിന്റെ ഒരു പ്രത്യേക തിരച്ചിലില് (ജനിതക മാറ്റത്തില്) അപ്രതീക്ഷിത ബുദ്ധി ശക്തിയോടുകൂടി മനുഷ്യന് എന്ന ജീവി രൂപം കൊണ്ടു. തന്റെ പരിമിതികളെ വെല്ലുവിളിക്കാനും അതിജീവിക്കാനും മനുഷ്യന്; സീമകളെ ലംഘിക്കുമ്പോള് തടഞ്ഞു നിര്ത്താനും ശിക്ഷിക്കാനും പ്രകൃതി. ഈ പോരാട്ടത്തില് മനുഷ്യന്റെ ഭാഗത്ത് കക്ഷിചേരുന്നുണ്ടെങ്കിലും കാഫ്കയുടെ വഴി വേറെയാണ്. അദ്ദേഹം പ്രതിരോധിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് നിസംഗതയോടെയാണ്. ആയുധങ്ങളില്ലാതെ പോരാടുന്നു, നിര്വികാരതയോടെ സഹകരിക്കുന്നു. പൊരുത്തക്കേടിന്റെയും, പൊരുത്തപ്പെടലിന്റെയും വിരുദ്ധ ധ്രുവങ്ങളില് നിന്നുള്ള ശരീരഭാഷയും സംസാരഭാഷയും കാണുന്നവര്ക്കും കേള്ക്കുന്നവര്ക്കും വ്യാഖ്യാനിക്കാം. ഇതിനെ ആത്മീയത എന്ന് ചിലര് വിളിക്കുന്നു; വൈരുദ്ധ്യാത്മക ആത്മീയത.
അവിശ്വസനീയമാണ് ഗ്രിഗര് സംസക്കുണ്ടാവുന്ന മാറ്റം. മനുഷ്യന് കീടമാകുന്നു. സ്വന്തം ശരീരം അറപ്പും വെറുപ്പും ഉളവാക്കുന്നു; തനിക്കും മറ്റുള്ളവര്ക്കും. സ്വയം നിന്ദിക്കുന്നതിന് പകരം അയാള് ആ ദുരവസ്ഥയെ അഭിമുഖീകരിക്കുന്നു. അയാള് അനാവശ്യമായി കലഹിക്കുന്നില്ല, ശപിക്കുന്നില്ല. നിരാശയുടെ പടുകുഴിയിലേക്ക് കൂപ്പുകുത്തി വീഴുന്നതിനു പകരം അയാള് യാഥാര്ത്ഥ്യത്തെ അംഗീകരിക്കുന്നു. കുടുംബാംഗങ്ങളെ കഴിയുന്നത്ര വിഷമിപ്പിക്കാതെ എല്ലാ അസൗകര്യങ്ങളും സഹിച്ച് സഹിഷ്ണുതയോടെ അവിടെ കഴിഞ്ഞു കൂടാന് ശ്രമിക്കുന്നു. വെറുക്കുകയും ചീത്ത പറയുകയും ചെയ്യുന്ന അച്ഛനെ ആദരവോടെയാണ് അയാള് നോക്കിക്കാണുന്നത്. അമ്മയോടും അനുജത്തിയോടുമുള്ള അയാളുടെ സ്നേഹം ഒഴുകിയെത്തി വായനക്കാരുടെ കണ്ണുനിറയ്ക്കാറുണ്ട്. ഒറ്റപ്പെടുമ്പോഴും തിരസ്കരിക്കപ്പെടുമ്പോഴും സംഘര്ഷാത്മകമാവുന്നതിനു പകരം ഗ്രിഗറിന്റെ മനസ് കൂടുതല് ശാന്തമാവുന്നു. എല്ലാം സ്വീകരിക്കാനും സ്വാംശീകരിക്കാനും കഴിയുന്ന ആത്മീയത; പ്രപഞ്ചവുമായി ലയിച്ച് ഒന്നാകുന്ന അവസ്ഥ. ജീവിതത്തെയും മരണത്തെയും നിസംഗതയോടെ നോക്കിക്കാണുന്നതും മറികടക്കുന്നതുമാണ് കാഫ്കയുടെ ഭാവന. ആ ദാര്ശനിക ഭാവന അത്യന്തം ചാരുതയോടെ വായനക്കാരിലേക്ക് സന്നിവേശിപ്പിക്കാനുള്ള കാഫ്കയുടെ അതിശയിപ്പിക്കുന്ന കഴിവാണ് ഗ്രിഗര് സംസയെ നൂറു വര്ഷം മുമ്പ് മരിച്ചിട്ടും ജീവിപ്പിക്കുന്നത്.