27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : ആറാമത് അഡ്നോക് അബുദാബി മാരത്തോണ്‍ ഇന്ന് കോര്‍ണിഷില്‍ നടക്കും. അന്താരാഷ്ട്ര,പ്രഫഷണല്‍ അത്ലറ്റുകളും അഡ്നോക് അംഗങ്ങളുമുള്‍പ്പെടെ 33,000ലധികം പുരുഷ-വനിത ഓട്ടക്കാരാണ് മാരത്തോണില്‍ പങ്കെടുക്കുന്നത്. അബുദാബി സ്പോര്‍ട്സ് കൗണ്‍സിലും അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും (അഡ്നോക്) സംയുക്തമായി സംഘടിപ്പിക്കുന്ന മാരത്തോണിന്റെ ആറാം പതിപ്പ് അബുദാബി കടല്‍തീരത്തെ ഏറ്റവും വലിയ സ്പോര്‍ട്സ് മേളയാണ്. കായിക മേഖലയെ ശക്തിപ്പെടുത്തുക,അന്താരാഷ്ട്ര കായിക രംഗത്ത് യുഎഇയുടെ സ്ഥാനം മികവുറ്റതാക്കുക,ആരോഗ്യത്തിന് മുന്‍ഗണന നല്‍കാനും മികച്ച ജീവിതശൈലി സ്വീകരിക്കാനും പ്രാദേശിക സമൂഹത്തെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് മാരത്തോണിന്റെ ലക്ഷ്യം. പുരുഷ,വനിതാ ഓട്ടക്കാര്ക്കുള്ള 42.195 കിലോമീറ്റര്‍ മാരത്തണും റിലേ റേസും രാവിലെ ആറു മണിക്ക് കോര്‍ണിഷ് റോഡിലെ അഡ്നോക് ആസ്ഥാനത്ത് നിന്ന് ആരംഭിക്കും. ശൈഖ് സായിദ് ഗ്രാന്റ് മോസ്ക്, അല്‍ ബത്തീന്‍ പാലസ്,ഖസര്‍ അല്‍ ഹോസ്ന്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ എന്നിവയുള്‍പ്പെടെ അബുദാബിയിലെ ഏറ്റവും പ്രശസ്തമായ ലാന്ഡ്മാര്ക്കുകളിലൂടെയാണ് ഓട്ടക്കാര്‍ കടന്നുപോകുക. ബയ്നൂന പബ്ലിക് പാര്ക്കിന് സമീപമുള്ള അഡ്നോക് കാമ്പസില്‍ മാരത്തോണ്‍ സമാപിക്കും. 10 കിലോമീറ്റര്‍ ഓട്ടം രാവിലെ 6:30ന് ആരംഭിക്കും. തുടര്‍ന്ന് 2.5 കിലോമീറ്റര്‍ ഓട്ടം 8:45നും 5 കിലോമീറ്റര്‍ ഓട്ടം 9:30നും തുടങ്ങും. ആകെ 300,000 ഡോളറാണ് സമ്മാനത്തുക. എലൈറ്റ് വിജയികള്‍ക്ക് 50,000 ഡോളര്‍ വീതം സമ്മാനം ലഭിക്കും.