
ഇറാഖ് ഉപപ്രധാനമന്ത്രി ഫുആദ് മുഹമ്മദ് ഹുസൈന് യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
അബുദാബി : യുഎഇ കാത്തിരിക്കുന്ന എയര്‍ടാക്സി സര്‍വീസ് മെയ് മുതല്‍ അല്‍ ഐനില്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് ഫാല്‍ക്കണ്‍ ഏവിയേഷന്‍സ് അധികൃതര്‍ അറിയിച്ചു. 2026ല്‍ എയര്‍ ടാക്സികള്‍ പറന്നു തുടങ്ങുമെന്നും ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വീസസ് സിഇഒ രമണ്‍ദീപ് ഒബ്റോയ് പറഞ്ഞു. ഇതുസംബന്ധിച്ച് 2024 മാര്‍ച്ചില്‍ യുഎസ് ആസ്ഥാനമായ ഇലക്ട്രിക് ഫഌയിങ് ടാക്സി നിര്‍മാതാക്കളായ ആര്‍ച്ചര്‍ ഏവിയേഷനുമായി ദുബൈയിലെയും അബുദാബിയിലെയും പ്രധാന സ്ഥലങ്ങളില്‍ വെര്‍ട്ടിപോര്‍ട്ടുകള്‍ നിര്‍മിക്കാന്‍ കരാര്‍ ഒപ്പിട്ടിരുന്നു.
ആര്‍ച്ചറിന്റെ ഫഌയിങ് കാര്‍ മിഡ്നൈറ്റ് എയര്‍ ടാക്സിയാണ് അല്‍ഐനില്‍ നാലു മാസം ട്രയല്‍ റണ്‍ നടത്തുക. ആദ്യഘട്ടത്തില്‍ അബുദാബിക്കുളളില് മാത്രമാകും എയര്‍ ടാക്സികള്‍ പറക്കുക. 2026 പകുതിയോടെ അബുദാബിയില്‍ നിന്ന് ദുബൈ, റാസല്‍ഖൈമ,അല്‍ഐ ന് എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസുണ്ടാകും. പാം ജുമൈറയിലെ അറ്റ്ലാന്റിസ്,അബുദാബി കോര്‍ണിഷിലെ മറീന മാള്‍ എന്നിവിടങ്ങളിലെ വെര്‍ട്ടിപോര്‍ട്ട് അടിസ്ഥാനമാക്കിയായിരിക്കും ഇരു എമിറേറ്റുകളിലേക്കുമുള്ള സര്‍വീസ്. അതിവേഗം ദീര്‍ഘദൂരം പിന്നിടുന്ന എയര്‍ ടാക്സിയുടെ സുരക്ഷയാണ് പ്രധാനമായും ട്രയല്‍റണ്ണില്‍ പരിശോധിക്കുക. ഓരോ യാത്രയിലും വിവിധ മേഖലകളിലെ ഡാറ്റ ശേഖരിച്ച് വിശകലനം ചെയ്യും. അബുദാബി ടു ദുബൈ 1,000 ദിര്‍ഹമും നഗരത്തിനുള്ളിലെ യാത്രികര്‍ക്ക് കുറഞ്ഞത് 300 ദിര്‍ഹമും ഏര്‍പ്പെടുത്താനാണ് ആലോചന. എന്നാല്‍, യാത്രാനിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് രമണ്‍ദീപ് ഒബ്റോയ് പറഞ്ഞു.
നിലവില്‍ കാറില്‍ ഒന്നര മണിക്കൂര്‍ വരെ സമയമെടുക്കുന്ന ദൂരം ഫഌയിങ് ടാക്സി അര മണിക്കൂറിനകം പറന്നെത്തും. ഭൂമിയില്‍ നിന്ന് 500 മുതല്‍ 3000 മീറ്റര്‍ വരെ ഉയരത്തിലാകും പറക്കുക. ഫഌയിങ് ടാക്സി കൂടി വരുന്നതോടെ യുഎഇയിലെ ടൂറിസം കൂടുതല്‍ ശക്തമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മാത്രമല്ല, കൂടിവരുന്ന ട്രാഫിക്കിന് പരിഹാരമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.