27 മില്യണ്‍ ഫോളോവേഴ്സ്
മൊഴിമാറ്റം: മന്‍സൂര്‍ ഹുദവി കളനാട്
സന്താനോത്പാദനവും തലമുറകളുടെ നിലനില്‍പ്പും പരിശുദ്ധ ഇസ്ലാം മതം ആവശ്യപ്പെടുന്ന കാര്യങ്ങളാണ്. മനുഷ്യവംശ പരമ്പര നിലനില്ക്കാനും അതുവഴി സ്രഷ്ടാവായ അല്ലാഹുവിനെ ആരാധിക്കുകയും ഭൂമിയില്‍ നന്മകള് അനുവര്‍ത്തിക്കുകയും നാടിനെയും സമൂഹത്തെയും സേവിക്കുന്ന സന്താനങ്ങള്‍ക്ക് വികാസം നല്‍കാനുമാണ് അല്ലാഹു ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി മനുഷ്യവംശത്തെ സൃഷ്ടിച്ചത്. ആണുങ്ങളെയും പെണ്ണുങ്ങളെ പരസ്പരം ഇണകളാക്കിയെന്നും അങ്ങനെ അവരില്‍ നിന്ന് മക്കളെയും പേരമക്കളെയും ഉണ്ടാക്കിയെന്നും അല്ലാഹു സൂറത്തുന്നഹ്ല് 72ാം സൂക്തത്തിലൂടെ പ്രസ്താവിക്കുന്നുണ്ട്. നമ്മുടെ പ്രവാചകന് മുഹമ്മദ് നബി(സ്വ) സ്നേഹവായ്പുകളുള്ള,സന്താനാഭിവൃദ്ധിക്ക് കാരണമാകുന്ന കൂടുതല്‍ പ്രസവിക്കുന്ന സ്ത്രീകളെ കല്യാണം കഴിക്കാനാണ് പ്രോത്സാഹിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, അന്ത്യനാളിലെ സമുദായത്തിന്റെ സന്താനാഭിവൃദ്ധിയില് നബി(സ്വ) അഭിമാനം കൊള്ളുകയും ചെയ്യുന്നുണ്ടെന്ന് ഹദീസില്‍ കാണാം.
സന്താനാഭിവൃദ്ധിയും സമൂഹവികാസവും മതപരവും ദേശീയവുമായ ആവശ്യമാണ്. മാനവിക വിഭവങ്ങള്‍ നാടിന്റെ വികസനത്തിനും സുസ്ഥിരതക്കും കാരണമാക്കും. സല്സന്താനങ്ങള് സേവനങ്ങളില്‍ വ്യാപൃതരാവുകയും മാതാപിതാക്കളെ വാര്‍ധക്യത്തില്‍ സഹായിക്കുകയും പരലോകത്ത് മുതല്‍കൂട്ടാവുകയും ചെയ്യും. മരിച്ചാലും ഉപകാരമേകുന്നവരാണ് സല്സന്താനങ്ങള്. നബി (സ്വ) പറയുന്നു: ഒരു മനുഷ്യന് മരിച്ചാല്‍ അവന്റെ എല്ലാ കര്‍മങ്ങളും നിലക്കും, മൂന്നൂകാര്യങ്ങളൊഴികെ. സ്ഥായിയായ ദാനധര്‍മം,ഉപകാരപ്രദമായ വിജ്ഞാനം,അവനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന സല്‍സന്താനം.
സന്താന വര്‍ധവിന് പല മാര്‍ഗങ്ങളുണ്ട്. ഒന്ന്,യുവതീ യുവാക്കള്‍ നേരത്തെ വിവാഹം കഴിക്കലാണ്. യുവാക്കളോട് വിവാഹം കഴിക്കാന്‍ നബി (സ്വ) ഉപദേശിച്ചത് ഇപ്രകാരമാണ്: യുവസമൂഹമേ… നിങ്ങളില്‍ സാധിക്കുന്നവര്‍ വിവാഹം കഴിക്കണം. അത് കണ്ണിനെ അടപ്പിച്ചും ഗുഹൃത്തെ സംരക്ഷിച്ചും തെറ്റുകളില്‍ നിന്ന് പ്രതിരോധിക്കുകയും ചെയ്യും. മറ്റൊരിക്കല്‍ നബി (സ്വ) ഒരു പെണ്‍കുട്ടിയുടെ കുടുംബക്കാരോട് പറഞ്ഞു: നിങ്ങള്‍ തൃപ്തിപ്പെടുന്ന രീതിയില്‍ സല്‍സ്വഭാവവും മതബോധവുമുള്ള ഒരാള്‍ വിവാഹാലോചന നടത്തിയാല്‍ അയാള്‍ക്ക് വിവാഹം കഴിച്ചുകൊടുക്കണം. നിങ്ങള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ ഭൂമിയില്‍ വ്യാപകമായി പ്രശ്നങ്ങളും നാശങ്ങളുമുണ്ടാവും.
യുവാക്കള്‍ നേരത്തെ വിവാഹം കഴിക്കണം. പിശാച് പലതരത്തിലുള്ള ദുര്‍ബോധനങ്ങളും നല്‍കിയേക്കാം. പല കോണില്‍നിന്നും പലതും കേള്‍ക്കാം. വിവാഹജീവിതം ജീവിതാര്മാദത്തിന് വിഘാതമെന്നോ ഉപകാരമില്ലാത്ത ഉത്തരവാദിത്വമെന്നോ കാലം മാറി കോലം മാറണം എന്നോ തോന്നിപ്പിച്ചേക്കാം. യുവതികള്‍ വിദ്യാഭ്യാസത്തിന്റെ പേരിലോ ജോലിയുടെ പേരിലോ വിവാഹജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുമാറരുത്. ചേര്ച്ചക്കൊത്തവനെ വിവാഹം കഴിക്കണം. യുവാക്കളും യുവതികളും വിവാഹം വേഗം വിവാഹം കഴിക്കണം. ദാമ്പത്യത്തില്‍ ശാന്തിയും സമാധാനവുമുണ്ട്, സനേഹാര്ദ്രതയും കരുണാവായ്പുമുണ്ട്. വിവാഹം നിഷിദ്ധമായതിലും തെറ്റുകുറ്റങ്ങളിലും ചെന്നുപെടുന്നതിനെ തടയുന്നതുമാണ്. വിവാഹത്തിന് ശേഷം സന്താനോത്പാദനം വൈകിപ്പിക്കരുത്. ഉപജീവന ചെലവുകള്‍ ഭയന്ന് ഒന്നോ രണ്ടോ കുട്ടി മതിയെന്ന് നിനയ്ക്കരുത്. അത്തരം പ്രവണതകള്‍ നമ്മുടെ സമൂഹത്തെ ഗ്രസിച്ചിട്ടുണ്ട്. അത് പരിശുദ്ധ ഇസ്ലാം മതത്തിന് എതിരാണ്. ഉപജീവനം നല്കുന്നവന് അല്ലാഹുവാണ്. എല്ലാം അവന്റെ കയ്യിലാണ്. ഒരു കുട്ടി അവന്റെ മാതാവിന്റെ വയറ്റിലുണ്ടാവുമ്പോള് തന്നെ അവന്റെ ഉപജീവന മാര്‍ഗം അല്ലാഹു രേഖപ്പെടുത്തിയിട്ടുണ്ടാവും.
സന്താനാഭിവൃദ്ധിക്ക് ഉത്പാദനപരമായ ആരോഗ്യവും പരിഗണിക്കണം. വിവാഹത്തിന് മുമ്പായി ജനിതകവും വൈദികവുമായ പരിശോധനകള്‍ നടത്തണം. മെഡിക്കല്‍ ടെക്നോളജികള്‍ ഉപയോഗപ്പെടുത്തണം. എല്ലാ രോഗത്തിനും മരുന്നുണ്ടെന്നും ചികിത്സകള്‍ തേടണമെന്നുമാണ് നബി(സ്വ) കല്പ്പിച്ചിരിക്കുന്നത്. ആവതുളളവരും നീതി പാലിക്കാനാവുന്നവരും ബഹുഭാര്യത്വം തിരഞ്ഞെടുക്കുന്നതും സന്താന വര്‍ധനവിനുള്ള മാര്‍ഗമാണ്. അങ്ങനെ രണ്ടോ മൂന്നോ നാലോ വിവാഹം കഴിക്കാമെന്ന് സൂറത്തുന്നിസാഅ് 3ാം സൂക്തത്തില്‍ കാണാം. ഒരു പെണ്ണ് ഭര്‍ത്താവിനൊപ്പം ജീവിക്കുന്നത് ജീവിത സൗഭാഗ്യമാണ്. സന്താനവര്ധവ് സമൂഹത്തിനും നാടിനും പലതരത്തില്‍ ഗുണമേ ചെയ്യുകയുള്ളൂ.