കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അഡലെയ്ഡിൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ -ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയുടെ രണ്ടാം മത്സരത്തിൽ കളിക്കളത്തിൽ വാക്കുകളാൽ കൊമ്പ് കോർത്ത ഇന്ത്യൻ പേസ് ബൌളർ മുഹമ്മദ് സിറാജിനും ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ട്രാവിസ് ഹെഡിനുമെതിരെ ഐസിസി നടപടിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയൻ ബാറ്റിംഗിന്റെ നെടുംതൂണായി മാറിയ ട്രാവിസ് ഹെഡ് സിറാജിന്റെ പന്തിൽ ക്ലീൻ ബൗൾഡായി പുറത്തായതോടെയാണ് ഇരുവരും തമ്മിലുള്ള വാഗ്വാദം നടന്നത്.
141 പന്തിൽ 140 റൺസ് നേടിയ ട്രാവിസ് ഹെഡിനെ മനോഹരമായ ഒരു ഇൻസ്വിങ് യോർക്കറിലൂടെ പുറത്താക്കിയ ശേഷമുള്ള സിറാജിന്റെ തീപ്പൊരി ആഘോഷം വിവാദമായിരുന്നു. ആഘോഷത്തിനിടെ ഡ്രസ്സിംഗ് റൂമിലേക്ക് പോകാൻ മുഹമ്മദ് സിറാജ് ട്രാവിസ് ഹെഡിനോട് ആംഗ്യം കാണിക്കുകയും ചെയ്തു. മറുപടിയായി വാക്കുകൾ കൊണ്ടാണ് ട്രാവിസ് ഹെഡ് പ്രതികരിച്ചത്.
മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ട്രാവിസ് ഹെഡ് സിറാജിനോട് ‘നന്നായി പന്തറിഞ്ഞു’ എന്നാണ് പറഞ്ഞതെന്നാണ് വ്യക്തമാക്കിയത്. എന്നാൽ ഇത് നുണയാണെന്നും തൻറെ ആഘോഷത്തിനു പിന്നാലെ ഹെഡ് തന്നെ അപമാനിച്ചു എന്ന് മുഹമ്മദ് സിറാജും ആരോപിച്ചു. എന്നാൽ ഇപ്പോൾ ഈ വഴക്ക് ഐസിസിയുടെ മുന്നിലെത്തി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗ്രൗണ്ടിലെ വഴക്കിന്റെ പേരിൽ മുഹമ്മദ് സിറാജും ട്രാവിസ് ഹെഡും അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് ബ്രിട്ടീഷ് ദിനപത്രം ആയ ദി ഡെയിലി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.
ഇത്തരം സംഭവങ്ങൾക്ക് പിഴയാണ് സാധാരണ ശിക്ഷയായി നൽകാറുള്ളത്. അതിനാൽ സസ്പെൻഷൻ ഉണ്ടാകില്ലെന്നും അടുത്ത മത്സരത്തിൽ താരങ്ങൾക്ക് കളിക്കാനാവുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഓസ്ട്രേലിയൻ ബാറ്റ്സ്മാനായ മാർനെസ് ലബൂഷെയ്ന് എതിരായ മുഹമ്മദ് സിറാജിന്റെ പെരുമാറ്റവും വിമര്‍ശിക്കപ്പെട്ടിരുന്നു. മുഹമ്മദ് സിറാജിന്റെ പെരുമാറ്റം ഓസ്ട്രേലിയൻ കാണികൾക്കിടയിലും അതൃപ്തി ഉണ്ടാക്കിയിരുന്നു. സിറാജ് ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുമ്പോഴും ബൗൾ ചെയ്യുമ്പോഴും ഓസ്ട്രേലിയൻ കാണികളുടെ അതൃപ്തി പ്രകടമായിരുന്നു.