27 മില്യണ്‍ ഫോളോവേഴ്സ്
ന്യൂഡല്‍ഹി : സീസണ് സമയത്തെ അനിയന്ത്രിത വിമാന യാത്രാനിരക്ക് കുറക്കാന്‍ നടപടി സ്വീകരിക്കണമെന്നും പ്രവാസി വോട്ടവകാശത്തിന് പരിഹാരം കാണണമെന്നും വിവിധ പ്രവാസി സംഘടനകള്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഡല്‍ഹി ഡയസ്പോറ സമ്മിറ്റ് ആവശ്യപ്പെട്ടു. കേരളത്തിലെ എല്ലാ എംപിമാരും പങ്കെടുത്ത സമ്മിറ്റ് പ്രവാസികളുടെ സംയുക്ത സമരവേദിയായി മാറി. പ്രവാസികള്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ആര് പരിഹരിക്കുമെന്ന ചോദ്യമാണ് പ്രധാനമായും സമ്മിറ്റില്‍ ഉയര്‍ന്നത്. പ്രവാസി വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുകൂല തീരുമാനമുണ്ടാക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് ഡല്‍ഹി സമ്മിറ്റില്‍ പങ്കെടുത്ത എംപിമാര്‍ ഉറപ്പ് നല്കി.
പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കൂലി, വോട്ടവകാശ തീരുമാനത്തിലെ അനങ്ങാപ്പാറ നയം തുടങ്ങിയ വിഷയങ്ങള്‍ പാര്‍ലിമെന്റില്‍ ശക്തമായി ഉന്നയിക്കുമെന്നും എംപിമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് സമ്മിറ്റില്‍ സംസാരിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി ആവശ്യപ്പെട്ടു.
അബുദാബി കെഎംസിസിയുടെയും ഡല്‍ഹി കെഎംസിസിയുടെയും ആഭിമുഖ്യത്തില്‍ യുഎഇയിലെ മുപ്പതോളം സംഘടനകളുടെ നേതൃത്വത്തിലാണ് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ഡയസ്പോറ സമ്മിറ്റ് സംഘടിപ്പിച്ചത്. കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവാസി വിഷയങ്ങളില്‍ ശക്തമായി ഇടപെടുമെന്ന് രാജ്യസഭാ എംപി ജോണ്‍ബ്രിട്ടാസ് സംഗമത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. മുന്‍ അംബാസഡര്‍ വേണു രാജാമണിയാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. എം.പിമാരായ ഇടി മുഹമ്മദ് ബഷീര്‍, എം.പി അബ്ദുസ്സമദ് സമദാനി, പിവി അബ്ദുല്‍വഹാബ്, രാജ്മോഹന്‍ ഉണ്ണിത്താന്, ജോസ് കെ മാണി, വികെ ശ്രീകണ്ഠന്, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എന്‍.കെ പ്രേമചന്ദ്രന്, അടൂര്‍ പ്രകാശ്, പി സന്തോഷ്കുമാര്‍, അഡ്വ.ഹാരിസ് ബീരാന്, പിപി സുനീര്‍, വി.ശിവദാസന്‍, എ.എ റഹീം, ജെബി മേത്തര്‍, മുഹമ്മദ് ഹംദുല്ല സയീദ്, പിവി അന്‍വര്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രവാസി വിഷയങ്ങള്‍ അതിന്റെ ഗൗരവത്തോടെ തന്നെ ഇനിയും പാര്‍ലിമെന്റില്‍ ഉന്നയിക്കുമെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു..
ഡയസ്പോറ സമ്മേളനത്തിന്റെ തുടര്‍ച്ചയായി പ്രവാസി സംഘടനകള്‍ തയ്യാറാക്കിയ നിവേദനം എംപിമാര്‍ മുഖേന കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി കെ.റാംമോഹന് നായിഡുവിന് സമര്‍പിച്ചു. ഡല്‍ഹി ഡയസ്പോറ സമ്മിറ്റിലൂടെയുള്ള പ്രവാസികളുടെ ക്രിയാത്മകമായ ഇടപെടലുകള്‍ക്ക് ഫലം കാണുമെന്നാണ് വിലയിരുത്തല്‍. പ്രവാസികള്‍ ദീര്‍ഘനാളായി ഉന്നയിക്കുന്ന വിഷയങ്ങള്‍ ഈ സമ്മിറ്റിലൂടെ എംപിമാരുടെയും കേന്ദ്രമന്ത്രിമാരുടെയും ശ്രദ്ധയിലെത്തിയിലെത്തിക്കാന് കഴിഞ്ഞിട്ടുണ്ട്.