27 മില്യണ് ഫോളോവേഴ്സ്
ന്യൂഡല്ഹി : രാഷ്ട്രീയ കക്ഷിത്വത്തിനതീതമായി പ്രവാസികളുടെ പ്രശ്നങ്ങളില് പരസ്പരം കൈകോര്ക്കാന് കേരളത്തില് നിന്നുള്ള മുഴുവന് എംപിമാരും പ്രതിജ്ഞയെടുത്തപ്പോള് ഡല്ഹി കോണ്സ്റ്റിറ്റിയൂഷന് ക്ലബ്ബി ല് ‘ഡയസ്പോറ സമ്മിറ്റ്’സംഘസമരത്തിന്റെ പുതുചരിത്രമെഴുതി. സീസണ് സമയത്തെ അനിയന്ത്രിത വിമാന യാത്രാനിരക്കു വര്ധനവിനും വോട്ടവകാശത്തിനും പരിഹാരം തേടി അബുദാബി കെഎംസിസിയുടെയും ഡല്ഹി കെഎംസിസിയുടെയും ആഭിമുഖ്യത്തില് വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തില് നടന്ന ‘ഡയസ്പോറ സമ്മിറ്റ് ഇന് ഡല്ഹി’ സഗംമത്തിലാണ് അവകാശപ്പോരാട്ടത്തിന് എല്ലാം മറന്ന് പ്രവാസികളോടൊപ്പം നില്ക്കുമെന്ന് കേരളത്തിലെ എംപിമാര് പ്രഖ്യാപിച്ചത്. ഗള്ഫ് സെക്ടറിലെ അനിയന്ത്രിത വിമാന യാത്രാ നിരക്കു വര്ധന,പ്രവാസികള്ക്ക് ജോലി ചെയ്യുന്ന നാടുകളില് വോട്ടുചെയ്യാനുള്ള അവകാശം തുടങ്ങിയ പ്രവാസികള് നേരിടുന്ന പ്രശ്നങ്ങള് ഒറ്റക്കെട്ടായി പാര്ലമെന്റില് ഉന്നയിക്കുമെന്ന് കേരളത്തില് നിന്നുള്ള എംപിമാര് അര്ത്ഥശങ്കക്കിടയില്ലാത്ത വിധം ഉറപ്പുനല്കിയപ്പോള് സദസ് വലിയ കരഘോഷത്തോടെയാണ് അതിനെ സ്വീകരിച്ചത്. യുഎഇയില് നിന്നുള്ള മുപ്പതോളം പ്രവാസി സംഘടനകളുടെ 150ല് പരം പ്രതിനിധികളാണ് സമ്മിറ്റില് പങ്കെടുത്തത്.
ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ വോട്ടെടുപ്പില് പങ്കെടുക്കാന് തങ്ങള്ക്ക് അവസരം ലഭിക്കുന്നില്ലെന്ന് പ്രവാസി സംഘടനാ പ്രതിനിധികള് സംഗമത്തില് ചൂണ്ടിക്കാട്ടി. പല രാജ്യങ്ങള്ക്കും അവരുടെ എംബസി വഴി ഗള്ഫ് നാടുകളില് നിന്ന വോട്ടുചെയ്യാന് അവസരമുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങള് അവര് ഉന്നയിക്കുന്ന അതേ താല്പര്യത്തോടെ തങ്ങള് പാര്ലമെന്റില് ഉന്നയിക്കുമെന്നും പരിഹാരത്തിന് ശ്രമം നടത്തുമെന്നും എംപിമാര് മറുപടി നല്കി. പ്രവാസി സംഘടനകള് തയാറാക്കിയ പരിഹാര മാര്ഗങ്ങളടങ്ങിയ മാര്ഗരേഖ എംപിമാര്ക്ക് സമര്പിച്ചു. കെപിസിസി പ്രസിഡന്റും എംപിയുമായ കെ.സുധാകരന് ഉദ്ഘാടനം ചെയ്തു. യേശുശീലന് അധ്യക്ഷനായി. ഷുക്കൂര് അലി കല്ലുങ്ങല് വിഷയമവതരിപ്പിച്ചു. ദുബൈ മുന് കോണ്സുല് ജനറല് വേണു രാജാമണി പങ്കെടുത്തു. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്,ജോണ്ബ്രിട്ടാസ്,പി.വി അബ്ദുല് വഹാബ്,എന്.കെ പ്രേമചന്ദ്രന്,ജോസ് കെ മാണി,അബ്ദുസ്സമദ് സമദാനി,ആന്റോ ആന്റണി,രാജ്മോഹന് ഉണ്ണിത്താന്,ഷാഫി പറമ്പില്,എഎ റഹീം,ഹംദുല്ല സഈദ്,നവാസ്കനി,ജെബി മേത്തര്,പിപി സുനീര്,സന്തോഷ്,ശിവദാസ്,പിവി അന്വര് എംഎല്എ,ഗോപിനാഥ് മുതുകാട് തുടങ്ങിയവര് പ്രസംഗിച്ചു. പ്രവാസികളുടെ വിഷയങ്ങളില് നാളിതുവരെ നടത്തിയ ഇടപെടലുകള് ഉപസംഹാര പ്രസംഗത്തില് അഡ്വ. ഹാരിസ് ബീരാന് എംപി വിശദീകരിച്ചു. സിഎച്ച് യൂസുഫ് സ്വാഗതവും കെകെ മുഹമ്മദ് ഹലീം നന്ദിയും പറഞ്ഞു.