27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : മനുഷ്യന്റെ ഹൃദയമിടിപ്പും ഓക്സിജന്‍ അളവും അറിയാനുള്ള സ്മാര്‍ട്ട് വാച്ചുകളെക്കുറിച്ച് നമുക്കറിയാം. എന്നാല്‍ ലഹരി ഉപയോഗം കൃത്യമായി രേഖപ്പെടുത്തുന്ന സ്മാര്‍ട്ട് വാച്ചിനെക്കുറിച്ച് അധികമാരും കേട്ടുകാണില്ല. ഷാര്‍ജ പൊലീസാണ് ഇത്തരമൊരു സ്മാര്‍ട്ട് വാച്ച് രൂപകല്പന ചെയ്തിരിക്കുന്നത്. നിലവില്‍ 1,50,000 ദിര്‍ഹം വിലവരുന്ന വാച്ചിനെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ… മയക്കുമരുന്നിന് അടിമപ്പെട്ടവരെ ചികിത്സയ്ക്കുശേഷം അവരുടെ പുരോഗതി നിരീക്ഷിക്കുന്നതിനാണ് സ്മാര്‍ട്ട് വാച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ലഹരി ഉപയോഗിക്കുന്ന വ്യക്തി ആണെങ്കില്‍ അത് അയാളുടെ സ്മാര്‍ട്ട് വാച്ചില്‍ കൃത്യമായി അടയാളപ്പെടുത്തും. ഡോസ് കൂടുന്നതിനനുസരിച്ച് ആ മാറ്റവും വാച്ചില്‍ അടയാളപ്പെടുത്തും. സര്‍ക്കാറിന്റെ മെഡിക്കല്‍ പ്രോഗ്രാമുകളുമായി സംയോജിപ്പിച്ചതിനാല്‍ വ്യക്തിയുടെ വിവരങ്ങളും ലൊക്കേഷന്‍ ഉള്‍പ്പെടെ ട്രാക്ക് ചെയ്യാനുള്ള ജിപിഎസ് സംവിധാനവും ഈ സ്മാര്‍ട്ട് വാച്ചിലുണ്ട്. ഇതുകൂടാതെ ശരീരത്തിലെ മാറ്റങ്ങള്‍, അസാധാരണമായ ഹൃദയമിടിപ്പ്, താളംതെറ്റി ശ്വാസഗതി തുടങ്ങി ശരീരത്തിലെ മാറ്റങ്ങളും സ്മാര്‍ട്ട് വാച്ചിലൂടെ തിരിച്ചറിയാന്‍ സാധിക്കും. ഷാര്‍ജ പോലീസിലെ ഫസ്റ്റ് ലെഫ്റ്റനന്റ് ഫാര്‍മസിസ്റ്റ് സാറാ അല്‍ സറൂനിയാണ് ഉപകരണത്തിന്റെ സ്രഷ്ടാവ്. ചികിത്സാ കാലയളവ് പൂര്‍ത്തിയാക്കിയ ശേഷം മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ പിന്തുടരുകയാണ് സ്മാര്‍ട്ട് വാച്ചിന്റെ ചുമതലയെന്ന് അല്‍ സറൂനി പറഞ്ഞു. ഈ സംവിധാനം ആശുപത്രിയിലെ ഇലക്ടോണിക് സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കും. മയക്കുമരുന്ന് ചികിത്സക്ക് വിധേയരായവര്‍ക്ക് അവരവരുടെ വീടുകളില്‍ കഴിയുമ്പോഴും പുനരധിവാസത്തിനായി പൊലീസ് ഈ ഉപകരണം സൗജന്യമായി നല്‍കും. ചികിത്സ കഴിഞ്ഞ് കുടുംബത്തോടൊപ്പം കഴിയുന്നവരെ നിരീക്ഷിക്കാന്‍ ഇതിലൂടെ കഴിയും.
ആസക്തി ചികിത്സയ്ക്കായി പോലീസില്‍ കീഴടങ്ങുന്ന വ്യക്തികളെ ക്രിമിനല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തുടര്‍ന്ന് അവര്‍ സ്മാര്‍ട്ട് വാച്ച് വഴിയുള്ള ചികിത്സാ പരിപാടിക്ക് വിധേയരാകുകയും ഷാര്‍ജ പോലീസില്‍ നിന്നുള്ള വിദഗ്ധര്‍ നിരീക്ഷിക്കുകയും ചെയ്യും. സ്മാര്‍ട്ട് വാച്ച് ധരിക്കുന്ന വ്യക്തികള്‍ പൊലീസുമായി പ്രതിജ്ഞയില്‍ ഒപ്പിടണമെന്നും അത് ലംഘിക്കുന്നത് നിയമപരമായ നടപടിക്കും കാരണമാവും. സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് ലഹരിക്ക് അടിമപ്പെട്ടവരെ നിരീക്ഷിക്കാനുള്ള ഉപകരണം പ്രാവര്‍ത്തികമാക്കുന്ന ആദ്യത്തെ പോലീസ് ഡിപാര്‍ട്മെന്റ് എന്ന പേര് നേടി ഷാര്‍ജ പോലീസ് സ്വന്തമാക്കിയിരിക്കുകയാണ്