27 മില്യണ്‍ ഫോളോവേഴ്സ്
കുവൈത്ത് സിറ്റി : ഗസ്സയില്‍ സ്ഥായിയായ വെടി നിര്‍ത്തല്‍ ഉടന്‍ വേണമെന്നും ദുരന്ത ബാധിതര്‍ക്ക് അടിയന്തിര സഹായമെത്തിക്കണമെന്നും ജിസിസി ഉച്ചകോടി ആവശ്യപ്പെട്ടു. ഇസ്രാഈല്‍ നടത്തുന്ന വംശഹത്യയെ അപലപിക്കുന്നതോടൊപ്പം പ്രശ്ന പരിഹാരത്തിന് ഫലസ്തീന് രാഷ്ട്രം യാഥാര്‍ഥ്യമാകണമെന്നും യോഗം വിലയിരുത്തി. അംഗരാജ്യങ്ങളുടെ പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കാനും പരസ്പര സഹകരണം ശക്തമാക്കാനും പദ്ധതികള്‍ ആവിഷ്കരിച്ചു. നയതന്ത്ര സംഘര്‍ഷങ്ങള്‍ ഒഴിവാക്കി ഇറാനുമായുള്ള ബന്ധം സുദൃഢമാക്കാനും തീരുമാനമായതായി റിപ്പോര്‍ട്ടുണ്ട്.
വിവേചന രഹിതമായ ഇസ്രാഈലി വ്യോമാക്രമണങ്ങള്‍ മേഖലയില്‍ സമാധാനം നഷ്ടപ്പെടുത്തി. 1.3 ദശലക്ഷത്തിലധികം സിവിലിയന്മാരെ മാറ്റിപ്പാര്‍പ്പിച്ച ലെബനനിലെ 14 മാസത്തെ യുദ്ധം വിനാശകരമായിരുന്നുവെന്ന് ഉച്ചകോടി വിലയിരുത്തി. ഇറാന്റെയും മറ്റു ജിസിസി രാഷ്ട്രങ്ങളുടെയും ശ്രമങ്ങള്‍ക്കൊപ്പം ഫലസ്തീന് രാജ്യത്തിനായുള്ള ആഗോള വാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഊദി അറേബ്യയുടെ ശ്രമങ്ങളെ അംഗങ്ങള്‍ അഭിനന്ദിച്ചു. ആറംഗ ജിസിസി രാഷ്ട്രങ്ങള്‍ 2026ല്‍ യുഎഇയില്‍ ‘പെനിന്‍സുല ഷീല്‍ഡ്’ എന്ന പേരില്‍ സംയുക്ത സൈനിക അഭ്യാസങ്ങള്‍ നടത്തുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവി അറിയിച്ചു. ഈ അഭ്യാസങ്ങള്‍ 2024ലെ അഭ്യാസങ്ങളുടെ പാരമ്പരയായാണ് നടത്തുക. ജിസിസി രാജ്യങ്ങള്‍ തമ്മിലുള്ള ദൃഢമായ പ്രതിരോധ ബന്ധത്തിന്റെ തുടര്‍ച്ചയെ അടയാളപ്പെടുത്തുന്നതിന് ‘പെനിന്‍സുല ഷീല്‍ഡ്’ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.