27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : സിറ്റിയിലെ അനധികൃത കച്ച പാര്‍കിങ് സ്ഥലങ്ങളിലേക്കുള്ള വഴികള്‍ നഗരസഭ അധികൃതര്‍ അടച്ചു. പല പാര്‍കിങ് ഇടങ്ങളഴം ചങ്ങല പൂട്ടിട്ടു. ഇതുസംബന്ധിച്ച് നേരത്തെ ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആവശ്യത്തിന് പാര്‍കിങ് ഇടങ്ങള്‍ ലഭിക്കാത്തത് പൊതുജനങ്ങള്‍ക്ക് പ്രയാസമാകുന്നുണ്ട്. റോള,ജുബൈല്‍,ബുതീന,മുസല്ല,നബ്ബ,യര്‍മൂക്ക്, കിങ് ഫൈസല്‍,അബു ഷഗാറ,മനക്,സൂര് തുടങ്ങി പ്രധാന റസിഡന്‍ഷ്യല്‍-വ്യാപാര മേഖലകളിലാണ് നഗരസഭയുടെ നടപടി. കച്ച പാര്‍കിങ് സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയ ഉദ്യോഗസ്ഥ സംഘം ഇവിടേക്കുള്ള വഴികള്‍ അടച്ചിടുകയായിരുന്നു.
ചിലയിടങ്ങളില്‍ മണ്ണ് കൂനയാക്കി കൂട്ടിയിട്ട് വാഹന പ്രവേശനം തടഞ്ഞു. ഇതോടെ പരിസരത്തെ താമസക്കാരുടെ വാഹന പാര്‍ക്കിങ് പ്രശ്നം രൂക്ഷമായി. വാഹനവുമായെത്തുന്നവര്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലവും തിരഞ്ഞ് മണിക്കൂറുകള്‍ ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണുള്ളത്. അതേസമയം കച്ച പാര്‍കിങ് കേന്ദ്രങ്ങള്‍ നവീകരിക്കാന്‍ ഷാര്‍ജ സിറ്റി നഗരസഭ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇത്തരം ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് ആദ്യ ഘട്ടമായി റോഡ് സൗകര്യപ്പെടുത്തുന്ന പ്രവൃത്തി ആരംഭിച്ചു. പാര്‍കിങ് സ്ഥലങ്ങളില്‍ ഇന്റര്‍ലോക്ക് പാകുകയും വെളിച്ചത്തിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. ശേഷം ഈ മേഖലകളെ പെയ്ഡ് പാര്കിങ്ങില് ഉള്‍പ്പെടുത്താനാണ് അധികൃതരുടെ പദ്ധതി.
ബഹുനില കെട്ടിടങ്ങള്‍ക്കിടയിലെ ഒഴിഞ്ഞ സ്ഥലങ്ങളാണ് കച്ച പാര്‍കിങ് സ്ഥലമായി ഉപയോഗിച്ചിരുന്നത്. രാത്രിയില്‍ വിളക്കുകളും മറ്റും ഇല്ലാത്തത് കാരണം സാമൂഹ്യ ദ്രോഹികള്‍ അസാന്മാര്ഗിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കി ഇവ മാറ്റുന്നതായി പരാതി ഉയര്‍ന്നിരുന്നു. പരിസര വാസികള്‍ക്ക് ശല്യം ഏറി വന്നതാണ് കച്ച പാര്കിങ്ങുകള്ക്ക് പൂട്ടിടാന്‍ നഗരസഭയെ പ്രേരിപ്പിച്ചത്.
അനധികൃത കച്ച പാര്‍കിങ് ഇടങ്ങളില്‍ സന്ധ്യയായാല്‍ മദ്യ വില്പന പോലുള്ള അസാന്മാര്ഗിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കുന്ന ലോബി തന്നെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. നിരോധിത ഉത്പന്നങ്ങളുടെ വില്പന കാരണം രാത്രിയില്‍ നിരവധി പേരാണ് ഇവിടങ്ങളില്‍ എത്തുന്നത്. ആവശ്യക്കാരായി എത്തുന്നവരും വില്പനക്കാരും തമ്മില്‍ വാക്കു തര്‍ക്കവും പോര് വിളിയും പതിവാണ്. ചില നേരങ്ങളില്‍ ഇത് സംഘര്‍ഷത്തിലേക്കും എത്തുന്നു. നിയമ വിരുദ്ധ കച്ചവടക്കാര്‍ കച്ച പാര്‍കിങ് ഇടങ്ങളിലെ ഇരുട്ടുമൂടിയ അവസ്ഥ മുതലെടുക്കുന്നു. കൂടാതെ ഇത്തരം പാര്‍കിങ് ഇടങ്ങളില്‍ പഴഞ്ചന്‍ കാറുകളും മറ്റും ഉപേക്ഷിക്കുന്ന രീതിയുമുണ്ട്. ഇങ്ങനെ മണ്ണ് പിടിച്ചു കിടക്കുന്ന വാഹനങ്ങള്‍ സാമൂഹ്യ വിരുദ്ധര്‍ മദ്യ കുപ്പിയും മറ്റും സൂക്ഷിച്ചു വെക്കുന്നതിനുള്ള ‘സ്റ്റോര്‍’ റൂമാക്കി മാറ്റുകയും ചെയ്യുന്നു. പരാതികള്‍ വ്യാപകമായതോടെയാണ് അധികൃതര്‍ നടപടി കര്‍ശനമാക്കിയത്.