27 മില്യണ്‍ ഫോളോവേഴ്സ്
റിയാദ് : തലസ്ഥാന നഗരിക്ക് തിലകക്കുറിയായി റിയാദ് മെട്രോ നാളെ മുതല്‍ സര്‍വീസ് തുടങ്ങും. ബ്ലൂ,റെഡ്,വയലറ്റ് ലൈനുകളിലൂടെയാണ് നാളെ മെട്രോ ട്രെയിന്‍ ഓടിത്തുടങ്ങുക. ഓറഞ്ച്,യെല്ലോ, ഗ്രീന്‍ ലൈനുകളില്‍ ഡിസംബര്‍ അഞ്ചു മുതലായിരിക്കും സര്‍വീസ് ആരംഭിക്കുക. നഗരത്തിന്റെ മുഖഛായ മാറ്റുന്ന റിയാദ് മെട്രൊ ട്രെയിന്‍ പദ്ധതിയെ വലിയ പ്രതീക്ഷയോടും ആഹ്ലാദത്തോടും കൂടിയാണ് റിയാദിലെ പൊതുസമൂഹം സ്വീകരിക്കാനൊരുങ്ങുന്നത്.
റിയാദിന്റെ വികസന കുതിപ്പിനും ഗതാഗത പരിഷ്കാരങ്ങള്‍ക്കും ഏറെ മുതല്ക്കൂട്ടാവുമിത്. നഗരത്തില്‍ വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കാനും മെട്രോ സര്‍വീസ് സഹായകമാകുമെന്നാണ് കണക്കുകൂട്ടല്‍. ഒലയ ബത്ഹ അല്‍ ഹൈര്‍ ബ്ലൂ ലൈന്‍,കിങ് അബ്ദുല്ല റോഡിന് സമാന്തരമായ റെഡ് ലൈന്‍,അബ്ദുറഹ്്മാന് ബിന്‍ ഔഫ് റോഡിനും ശൈഖ് ഹസന് ബിന്‍ ഹുസൈന് റോഡിനും സമാന്തരമായ വയലറ്റ് ലൈനുകളിലൂടെയുമാണ് നാളെ മുതല്‍ മെട്രോ ട്രെയിനുകള്‍ ഓടുക.
ഡിസംബര്‍ 5 മുതല്‍ മറ്റു മൂന്ന് ലൈനുകളിലും സര്‍വിസ് ആരംഭിക്കും. മദീന മുനവ്വറ റോഡിനും സഊദ് ബിന്‍ അബ്ദുറഹ്്്മാന്‍ അല്‍ അവല് റോഡിനും സമാന്തരമായ ഓറഞ്ച് ലൈന്‍,റിയാദ് കിങ് ഖാലിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള യെല്ലോ ലൈന്‍,കിങ് അബ്ദുല്‍ അസീസ് റോഡിന് സമാന്തരമായ ഗ്രീന്‍ ലൈന്‍ എന്നിവയിലൂടെ ഭാവിയില്‍ ട്രെയിനുകള്‍ കൂടി ഓടിത്തുടങ്ങുന്നതോടെ റിയാദ് മെട്രോയെന്ന സ്വപ്ന പദ്ധതി പൂര്‍ണമായും സമര്‍പ്പിക്കപ്പെടും.ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ മെട്രോ റെയില്‍ പദ്ധതിയാണ് റിയാദിലേത്. ആറ് ലൈനുകളിലായി 176 കിലോമീറ്ററാണ് റിയാദ് മെട്രോയുടെ ദൈര്‍ഘ്യം. 46.3 കി.മീ ഭൂമിക്കടിയിലൂടെയാണ് കടന്നുപോകുന്നത്. ഇതില്‍ 35 കി.മീറ്റര്‍ തുരങ്കപാത ഒലയ ബത്ഹ അല്‍ ഹൈര്‍ ബ്ലൂ ലൈനിലാണ്. 84 മെട്രോ സ്റ്റേഷനുകളുളാണ് റിയാദ് മെട്രോയില്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ ബത്ഹ അടക്കം മൂന്നു സ്റ്റേഷനുകള്‍ ഏറ്റവും വലുതാണ്. നീല,ചുവപ്പ് മഞ്ഞ,ഓറഞ്ച്,വയലറ്റ്,പച്ച തുടങ്ങിയ ആറ് നിറങ്ങളായി തിരിച്ചിട്ടുള്ള മെട്രോ ട്രെയിനുകളും റെയില്‍ പാതയും സ്റ്റേഷനുകളും അതിമനോഹരമായാണ് നിര്‍മിച്ചിരിക്കുന്നത്. ഓരോ ലൈനിനും ട്രെയിനിനും അതത് നിറങ്ങളുടെ പേരാണ് നല്‍കിയിട്ടുള്ളത്.
ടിക്കറ്റ് നിരക്കില്‍ തുടക്കത്തില്‍ 20 മുതല്‍ 30 ശതമാനം ഇളവ് ഏര്‍പ്പെടുത്തുമെന്നാണ് അറിയുന്നത്. നിലവില്‍ റിയാദ് ബസ് സര്‍വിസില്‍ ഉപയോഗിക്കുന്ന ദര്‍ബ് കാര്‍ഡുകളും ബാങ്കുകളുടെ എടിഎം കാര്‍ഡുകളും ഉപയോഗിച്ച് ടിക്കറ്റ് എടുക്കാന്‍ അനുവദിച്ചേക്കും.
മെട്രോ സ്റ്റേഷനുകളെയും നഗരത്തിലെ ചെറുതും വലുതുമായ നഗരങ്ങളെയും ബന്ധിപ്പിച്ച് റിയാദ് ബസ് സര്‍വിസുമുണ്ടാകും. നിലവില്‍ റിയാദ് നഗരത്തിലെ വിവിധ റൂട്ടുകളിലായി ആയിരത്തോളം ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. ഈ സര്‍വിസുകളെ അതതിടങ്ങളിലെ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ച് യാത്രക്കാര്‍ക്ക് മികച്ച സൗകര്യമൊരുക്കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. അബ്ദുല്ല രാജാവിന്റെ ഭരണ കാലത്താണ് കിങ്് അബ്ദുല്‍ അസീസ് പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം പ്രഖ്യാപിക്കുന്നത്. റിയാദ് മെട്രോയും ബസ് സര്‍വീസും ഉള്‍പ്പെടുന്ന പദ്ധതിക്ക് 2012 ഏപ്രിലില്‍ സഊദി മന്ത്രിസഭ അംഗീകാരം നല്‍കുകയും 2013ല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇന്ത്യന്‍ കമ്പനികളടക്കം ബഹുരാഷ്ട്ര കമ്പനികളുടെ മേല്‍നോട്ടത്തില്‍ 12 വര്‍ഷത്തോളമായി നടന്ന നിര്‍മാണ പ്രവര്‍ത്തങ്ങളാണ് ഇതോടെ പൂര്‍ത്തിയാകുന്നത്. 22.5 ബില്യണ്‍ യുഎസ് ഡോളറാണ് ഇതുവരെയുള്ള നിര്‍മാണ ചെലവ് കണക്കാക്കിയിരിക്കുന്നത്. റിയാദ് സിറ്റി റോയല്‍ കമ്മീഷനാണ് റിയാദ് മെട്രോയുടെ നടത്തിപ്പ് ചുമതല. റിയാദ് മെട്രോയെ ഇരുകയ്യും നീട്ടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് റിയാദിലെ സ്വദേശികളും വിദേശികളും.