ഗള്‍ഫ് കപ്പില്‍ സഊദിയെ ബഹ്റൈന്‍ അട്ടിമറിച്ചു
സെമസ്റ്റര്‍ പരീക്ഷയ്ക്കായ് സഹപാഠികള്‍ കുത്തിയിരുന്നു പഠിക്കുന്ന കാലം. പൊതുവെ അലസനായ ഞാന്‍ ഹോസ്റ്റല്‍ മുറിയില്‍ ഇരുന്നും കിടന്നും പുസ്തകം വായിച്ചു കഴിയുന്ന ദിനങ്ങള്‍. എല്ലാ സ്റ്റഡി ലീവുകളും ഞാന്‍ വായനയുടെ ഉന്മാദകാലമാക്കി. കൂടെയുള്ളവര്‍ പരീക്ഷകളുടെ സമ്മര്‍ദത്തില്‍ പഠനത്തില്‍ മുഴുകുമ്പോള്‍ ഞാന്‍ ‘മ്യൂസിയം ഓഫ് ഇന്നസന്‍സ്’ വായിക്കുകയായിരുന്നു. വിഖ്യാത ടര്‍ക്കിഷ് എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായ പാമുക്കിന്റെ നിഷ്കളങ്കതയുടെ ചിത്രശാല വായിക്കുകയായിരുന്നില്ല, മറിച്ച് ആ ജീനിയസിന്റെ മായിക വലയത്തില്‍ സ്വയം ലയിച്ചുചേരുകയായിരുന്നു.
കൂടെയുള്ളവര്‍ പഠിച്ചു ജയിച്ചു,ഞാന്‍ ലോക സാഹിത്യങ്ങള്‍ വായിച്ചു വായിച്ചു തോറ്റു. മാര്‍ക്കുകള്‍ നഷ്ടമായെങ്കിലും പിന്നീട് ആ വായനകള്‍ ജീവനും ജീവിതവും നല്കി. മലയാളത്തിലെത്തിയ ലോക ക്ലാസിക് കൃതികള്‍ തേടിപ്പിടിച്ചു വായിച്ചുന്മാദം പൂണ്ടു. വിവര്‍ത്തനപ്രക്രിയ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇട്ടാവട്ട അതിര്‍ത്തികളില്‍ ഒതുങ്ങിപ്പോയേനെ. അടച്ചിട്ടു കഴിഞ്ഞപ്പോള്‍ കരുതിയതു പോലെ ഏകാകിയല്ല എന്നു മനസിലായി. മുമ്പേ നടന്നവരുടെ പദങ്ങളുടെയും രചനകളുടെയും മധ്യത്തില്‍ എഴുത്തിനെയും എഴുത്തുവഴികളെയും കുറിച്ച് മനസഞ്ചാരമുണ്ടായി. അതില്‍ ആദ്യം ആകൃഷ്ടനായ വക്കുടമ പാമുക് തന്നെ. വാക്കുകളെ പ്രണയമാക്കിയ പാമുക്. പ്രണയത്തെ വീഞ്ഞാക്കിയ പാമുക്. വീഞ്ഞിനെ ആത്മീയമാക്കിയ പാമുക്. ജന്മാന്തര ഓര്‍മകളിലൂടെ പിന്നോട്ടും കാലത്തിലൂടെ മുന്നോട്ടും ഒരേ സമയത്തുള്ള സാഹിത്യ സഞ്ചാരം. ഓരോ വാക്കിലും പിന്‍വിളികള്‍. ഓരോ നിമിഷവും ഓരോ കണ്ടെത്തലുകള്‍. ഓരോ വരികളിലും ഓരോ ബോധോദയങ്ങള്‍…പാമുക്കിന്റെ നോവലുകളില്‍ ഞാനത് അനുഭവിച്ചു. എന്നെ ഇത്രയേറെ കാല്പനികനാക്കിയ ഒരു നോവലും ഉണ്ടായിട്ടില്ല. അനന്തമായ വായനയുടെ ഓരോ ഇതളുകളിലും പ്രേമത്തിന്റെ പൂമരങ്ങള്‍ പൂത്തുനിന്നു. ഒരു വീണ്ടെടുപ്പായിരുന്നു അത്. നിഷ്കളങ്കമായ ചില സന്തോഷങ്ങളുടെ ഒരു നിലവറ തുറക്കല്‍. എവിടെയോ കുഴിച്ചുമൂടിയ ഓര്‍മകളുടെ മുത്തുകളും മയില്പീലികളും വളപ്പൊട്ടുകളും പൊടുന്നനെ തിരിച്ചുകിട്ടയതുപോലെ…
തപ്ത ഹൃദയങ്ങള്‍ക്ക് കുളിര്‍തെന്നലായി,തണുപ്പുമൂടി പുതപ്പായി,വിഷാദത്തില്‍ ആനന്ദമായി,പിന്നെ വ്യര്ത്ഥതാബോധമായി മഹാനായ ഈ എഴുത്തുകാരന്റെ സാഹിത്യത്തില്‍ അഗാധമായി ഒഴുകി ജീവിക്കുക എന്നല്ലാതെ അതിനൊരു ആസ്വാദനമെഴുതുക അബദ്ധമായിരിക്കും. സീമകളില്ലാത്ത ആ സാഹിത്യ ഒഴുക്കില്‍പെട്ട് തുര്‍ക്കിയുടെ പ്രണയാര്‍ദ്ര തീരങ്ങളില്‍ എത്തിപ്പെട്ടു ഞാന്‍. എംടിയുടെ മഞ്ഞിനൊപ്പം പാമുക്കിന്റെ മഞ്ഞിനെയും ചേര്‍ത്തുവച്ചു. അയാളുടെ നഗരങ്ങള്‍,തുറമുഖങ്ങള്‍,യാത്രകള്‍,വേദനകള്‍, ആശങ്കകള്‍ ഒക്കെ ഉള്ളിലാവാഹിച്ചു. അതെ,പാമുക്കിന് നോബല്‍ സമ്മാനം നേടിക്കൊടുത്ത ‘മ്യൂസിയം ഓഫ് ഇന്നസന്‍സ്’ എന്റെ പ്രിയപ്പെട്ട,ഇനിയും മടങ്ങിച്ചെല്ലാന്‍ ഞാനാഗ്രഹിക്കുന്ന പുസ്തകമാകുന്നു. ഭ്രാന്തമായൊരു പ്രണയത്തിന്റെ കഥ പറഞ്ഞ് മനംകവര്‍ന്ന പുസ്തകത്തെക്കുറിച്ചും പ്രണയത്തിന്റെ ചിത്രശാലകളെക്കുറിച്ചും വിവരിക്കാന്‍ എന്റെ പദസഞ്ചിയില് വാക്കുകള്‍ പരതുകയാണ് ഞാന്‍. തടിച്ച പുസ്തകം വായിക്കാന്‍ മടിയുള്ള ഞാന്‍ മ്യൂസിയം ഓഫ് ഇന്നസന്‍സ് എന്ന നോവല്‍ കയ്യിലെടുത്തപ്പോള്‍ ആ മടി തോന്നിയില്ല. എഴുതിയത് പാമുക് ആണെന്നതായിരിക്കണം ആ നോവലിനോട് അടുപ്പിച്ചു നിര്‍ത്തിയത്. പുസ്തകത്തില്‍ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ പിന്നെ തീരും വരെ മറ്റൊന്നിലും മനസുറയ്ക്കാത്ത അവസ്ഥയായി.
അനവദ്യ സുന്ദരമായിരുന്നു ആ പ്രണയം. 1970 കളാണ് പശ്ചാത്തലം. പരിഷ്കൃതയും സുന്ദരിയുമായ തന്റെ പ്രതിശ്രുത വധുവിനുള്ള സമ്മാനം തിരഞ്ഞ് ഇസ്താംബുള്‍ നഗരത്തിലെ അതിസമ്പന്നരുടെ ശൃംഖലയില്‍ പെട്ട കെമാല്‍ ഒരു ബുട്ടീക്കില്‍ എത്തിപ്പെടുന്നു. അവിടെ തന്റെ അകന്ന ബന്ധുവും ദരിദ്രയുമായ ഫ്യുസനെന്ന മധുര പതിനേഴുകാരിയെ കണ്ടുമുട്ടുന്നു. സുമുഖനായ കെമാല്‍ ആ കൗമാരക്കാരിയില്‍ പ്രഥമ ദര്‍ശനത്തില്‍ തന്നെ തീവ്രാനുരാഗത്താല്‍ നിപതിക്കുന്നു. ദിനേനെയെന്നൊന്നോണം ഫ്യൂസനെ കാണാന്‍ കെമാല്‍ അവസരമുണ്ടാക്കുന്നു. കന്യകയുടെ വേപഥുവോടെ തന്നെക്കാള്‍ വലിയ പ്രായാന്തരമുള്ള കെമാലിനോട് പ്രണയം നിരസിച്ചെങ്കിലും പിന്നെ അവള് അയാളുടെ കരവലയത്തിലേക്ക് ചിറകൊതുക്കുന്നു. ഉടലും ഉടലും അടുക്കുന്നു. ആ അനുരാഗം പിന്നെ, ഫ്യൂസന്റെ കന്യകാത്വം കവരുന്നതിലേക്കെത്തുന്നു. ബന്ധം കന്യകാത്വത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ചതോടെ കെമലിന്റെ ലോകത്തിലും വലിയ പ്രശ്നങ്ങളുണ്ടായി. തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളിലൂടെ ഇസ്താംബൂളിന്റെ പകുതി പാശ്ചാത്യവും പകുതി പഴയ പാരമ്പര്യവും ഉള്‍ക്കൊള്ളുന്ന സംസ്കാരത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് വ്യത്യസ്തമായ ആഖ്യാനത്തോടെ പാമുക്ക് പറയുന്നത്
വശ്യമനോഹരമായ തുര്‍ക്കിയുടെ വിസ്മയകരമായ നഗരമാണ് ഇസ്താംപൂള്‍. അവിടെയാണ് ബോസ്ഫറസ് തടാകം. അതിനു ചുറ്റും സമ്പന്നര്‍ സഞ്ചരിക്കുന്ന നഗര മുഖം. നഗരത്തിന് പിന്നാമ്പുറത്ത് ദരിദ്രര്‍ തങ്ങളുടെ ചെറിയ സമ്പാദ്യവും വലിയ സ്വപ്നങ്ങളുമായി ജീവിക്കുന്നു. രണ്ടു വ്യത്യസ്ത ധാരകളിലായി അവിടെ ജീവിതം തളിരിടുകയും വാടുകയും ചെയ്യുന്നു. ആഢംബര മുഖമുള്ള നഗരത്തിന്റെ പ്രതിനിധിയായ കെമാലിന്റെ മറ്റൊരു ധനിക കുടുംബത്തിലെ കന്യകയായ സിബലുമായി വിവാഹം നിശ്ഛയിച്ചിരിക്കുകയാണ്. രണ്ടു കുടുംബങ്ങളും കാത്തിരിക്കുന്ന ആഘോഷമാണ് ഈ മംഗല്യം.
എന്നാല്‍ സിബലുമായുള്ള തന്റെ വിവാഹ നിശ്ചയ വിരുന്നില്‍ നിന്നും അയാള്‍ എല്ലാവരെയും സ്തംബന്ധരാക്കിക്കൊണ്ട് വിവാഹത്തില്‍ നിന്ന് പിന്വാങ്ങുന്നതായ് പ്രഖ്യാപിച്ചിറങ്ങിപ്പോകുന്നു. അതിന് സാക്ഷിയാകാനെന്നോണം പാര്‍ട്ടിയ്ക്ക് അയാള്‍ ഫ്യൂസണിനെയും ക്ഷണിച്ചിരുന്നു. വിരുന്നിടയില്‍ അപ്രത്യക്ഷമായ അവളെ തിരക്കി അയാള്‍ ഭ്രാന്തമായി അലയുന്നു. അങ്ങനെ ധനികരുടെ തിളങ്ങുന്ന വഴികള്‍ വിട്ട് നഗര പിന്നാമ്പുറങ്ങളിലെ അതിദരിദ്ര പാതകളില്‍ അയാള്‍ അവളെ തിരക്കി അലയുകയാണ്. കുറെക്കാലത്തിന് ശേഷം കെമാല്‍ അവളെ കണ്ടെത്തുമ്പോള്‍ അവള് മറ്റൊരാളുടെ ഭാര്യയായി കഴിഞ്ഞിരുന്നു. അയാളുമായി സൗഹൃദം സ്ഥാപിക്കല്‍ കെമാലിന്റെ ആവശ്യമായിരുന്നു. കെമാല്‍ അയാളുടെ വസതിയിലെ നിത്യ സന്ദര്‍ശകനായി. മറ്റൊന്നിനുമായിരുന്നില്ല,അവളെ കാണാന്‍,അവള് ശ്വസിച്ച വായു ശ്വസിക്കാന്‍… അങ്ങനെ കെമാല്‍ എല്ലാ രാത്രികളിലും ആ വീട്ടില്‍ അത്താഴം കഴിക്കുന്നു. ബിസിനസും കുടുംബവും സോഷ്യല്‍ സ്റ്റാറ്റസും എല്ലാം തകര്‍ന്ന് അയാള്‍ പ്രണയത്തിന്റെ വിശുദ്ധ ബലിപോലെ തുടര്‍ന്ന് എട്ടു വര്‍ഷത്തോളം ജീവിക്കുന്നു. മദ്യത്തിന്റെ മായികവലയത്തിലും പ്രണയത്തിലും പീഡിതനായ കെമാല്‍ തന്റെ കാമുകിക്കായി ഒരു മ്യൂസിയം ഒരുക്കാന്‍ തീരുമാനിക്കുന്നു. അവളുടെ അടിയുടുപ്പുകള്‍, വസ്ത്രങ്ങള്‍, താന്‍ വലിച്ച സിഗരറ്റു കുറ്റികള്‍, മദ്യ ചഷകങ്ങള്‍ എല്ലാം നിറഞ്ഞ ഓര്‍മകളുടെ ഒരു പ്രണയ സ്മാരകം. ആ മ്യൂസിയത്തില്‍ ഫുസനുമായുള്ള നിമിഷങ്ങളുടെ മധുരത്തെ താലോലിച്ച് അയാള്‍ ജീവിതം തുടരാനാഗ്രഹിക്കുന്നു. മ്യൂസിയം പണിയാനായി കെമാല്‍ ഡല്‍ഹിയും കൊല്‍ക്കത്തയും ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ അയ്യായിരത്തില്പരം മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. മ്യൂസിയങ്ങള്‍ തേടിയുള്ള അലച്ചിലിനിടയില്‍ ഒരു ഹോട്ടല്‍ മുറിയില്‍വെച്ച് കെമാല്‍ ഹൃദയഗാതം വന്നു മരണമടയുന്നു. ഓരോ നിമിഷവും വായനക്കാരനെ ആകാംക്ഷയുടെയും ഭയത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തുന്ന നോവല്‍ നിഗൂഢ പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കലയുടെയും പ്രതീകമാണ്.
സര്‍ഗാത്മതയ്ക്ക് എത്തിപ്പിടിക്കാവുന്ന ഉയരങ്ങളുടെ തുഞ്ചത്തു നിന്ന് പാമുക്ക് എന്നെ നോക്കി ചിരിക്കുന്നു. മരണത്തിനു പോലും സൃഷ്ടിക്കാന്‍ കഴിയാത്ത ഒരു വിറയല്‍ എന്റെ സകല സിരകളിലൂടെയും കടന്നുപോകുന്നു.