27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : രാജ്യം ആഘോഷ നിറവിലേക്ക്. ഷാര്‍ജയില്‍ യൂണിയന് ഡേ വര്ണാഘോഷങ്ങള് ക്ക് ഇന്ന് തുടക്കം. രാജ്യ പിറവിയും ഒരുമയും വിളമ്പരം ചെയ്യുന്ന നിരവധി പരിപാടികളാണ് യൂണിയന് ഡേയുടെ ഭാഗമായി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുക. ആഘോഷം ഗംഭീരമാക്കാന്‍ ഖാലിദ് ജാസിം മിദ്ഫ ചെയര്‍മാനായി ഷാര്‍ജയില്‍ പ്രത്യേക കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. ഷാര്‍ജ സിറ്റി,മലീഹ,ഖോര്ഫുക്കാന്,ദൈദ് സിറ്റി,അല്‍ ഹംരിയ്യ തുടങ്ങിയ മേഖലകളില്‍ ഇനിയുള്ള പകലും രാവുകളും വിത്യസ്ത ആഘോഷ പരിപാടികളാല്‍ സജീവമാകും. പൈതൃക പ്രദര്‍ശനങ്ങള്‍,വിത്യസ്ത കലാ രൂപങ്ങള്‍,കരിമരുന്ന് പ്രയോഗം, ഘോഷയാത്രകള്‍,പരേഡുകള്‍. ആഘോഷം ആകര്‍ഷണീയമാക്കാന്‍ എല്ലാവിധ ചേരുവകളുമൊരുക്കിയിട്ടുണ്ട് കമ്മിറ്റി. ഹെറിറ്റേജ് വില്ലേജില്‍ യൂണിയന് മാര്‍ച്ചോടെയാണ് മലീഹയിലെ ആഘോഷ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാവുക.
നാടോടിക്കഥകള്‍,നാടകം,മത്സരങ്ങള്‍ അരങ്ങേറുന്നതോടെ മലീഹ മേഖല ആഘോഷ ലഹരിയിലാവും. മരുഭൂമിയില്‍ ഒരുക്കുന്ന കൂറ്റന്‍ ടെന്റാണ് പൈതൃക നഗരമായി മാറുക. സ്വദേശി കുടുംബങ്ങള്‍ പൈതൃക പാരമ്പര്യ ഉത്പന്നങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ അവതരിപ്പിക്കുന്ന സ്റ്റാളുകളും കുട്ടികള്‍ക്ക് വിവിധ വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മദാം ഏരിയയിലെ പൈതൃക പരിപാടികള്‍ നാളെ ആരംഭിക്കും. കുട്ടികളുടെ കല പരിപാടികള്‍, കവിത ആലാപനം തുടങ്ങിയ ഇനങ്ങളാണ് വൈകുന്നേരങ്ങളിലും രാത്രിയിലുമായി മദാമില്‍ അരങ്ങേറുക. രാത്രിയില്‍ കരിമരുന്ന് പ്രയോഗവും ഒരുക്കിയിട്ടുണ്ട്. ഖോര്‍ഫക്കാനിലെ ആഘോഷങ്ങള്‍ 22 മുതല്‍ 24 വരെയാണ്. ഖോര്‍ഫക്കന്‍ ആംഫി തിയേറ്ററിലെ ഔട്ട്ഡോര്‍ പ്ലാസ പ്രധാന പരിപാടികളുടെ വേദിയാകും. ആര്‍ട്ട് വര്‍ക്ക് ഷോപ്പുകള്‍, പരമ്പരാഗത പ്രകടനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ദേശീയ ഗാനത്തോടെ പരിപാടി ആരംഭിക്കും, തുടര്‍ന്ന് കവിതാലാപനം,വിദ്യാര്‍ത്ഥികളുടെ മത്സരങ്ങള്‍, അല്‍ മസൂദ് സൈനിക ബാന്‍ഡിന്റെ ചടുലമായ പ്രകടനം തുടങ്ങിയവ നടക്കും. പൊതു ജനങ്ങള്‍ക്ക് സംഗീത നാടോടി നൃത്തങ്ങള്‍ ആസ്വദിക്കാനും അവസരമുണ്ട്.
ദിബ്ബ അല്‍ ഹിസ്നിലെ പരിപാടികള്‍ നവംബര്‍ 23ന്. വൈകുന്നേരം നാല് മണിക്ക് പൊതു മാര്‍ച്ചോടെ ആരംഭം, തുടര്‍ന്ന് നാടോടി പ്രകടനങ്ങള്‍. കവിത,നാടോടി, സൈനിക വിഭാഗങ്ങളുടെ വിവിധ പ്രകടനങ്ങളും ആഘോഷ പരിപാടിയെ ആവേശകരമാക്കും. വാദി അല്‍ ഹെലോയില്‍ പാരമ്പര്യവും സര്‍ഗ്ഗാത്മകതയും ഒരുമിക്കുന്ന നാടോടി പ്രകടനങ്ങള്‍, കവിത സെഷനുകള്‍, അവാര്‍ഡ് ദാന ചടങ്ങ് എന്നിവ ഉള്‍ക്കൊള്ളുന്ന ആഘോഷ ദിനം ഞായറാഴ്ചയാണ്. ദൈദ് സിറ്റിയില്‍ 27ന് ഗ്രാന്റ് മസ്ജിദില്‍ നിന്നും ആരംഭിച്ച് ദൈദ് ഫോര്‍ട്ടില്‍ അവസാനിക്കുന്ന യൂണിയന് റാലിയും നടക്കും. 28 മുതല്‍ ഡിസംബര്‍ 1 വരെ, നഗര കേന്ദ്രങ്ങളില്‍ നാടോടിക്കഥകളുടെ പ്രകടനങ്ങളും സംഘടിപ്പിക്കുന്നു. അല്‍ ഹംരിയ്യയിലെ ആഘോഷങ്ങള്‍ 27,28 തീയ്യതികളില്‍ അല്‍ ഹംരിയ ബീച്ച് പാര്‍ക്കിലും ക്രീക്കിലും അരങ്ങേറും. നവംബര്‍ 27ന് ബീച്ച് പാര്‍ക്കില്‍ ദേശീയ ഗാനത്തോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് അല്‍ ഹംരിയ ബീച്ച് നടപ്പാതയിലൂടെ ‘ഒരു രാഷ്ട്ര യാത്ര’ എന്ന ശീര്‍ഷകത്തില്‍ റാലി നടക്കും. പരിപാടിയില്‍ നാടന്‍ പാട്ടുകള്‍,കുട്ടികള്‍ക്കായി സംവേദനാത്മക ശില്പശാലകള്, സാമൂഹിക സേവന വകുപ്പിന്റെ സഹകരണത്തോടെ മുതിര്‍ന്ന പൗരന്മാര്ക്കുള്ള വിനോദ സെഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നു. 53ാം ദേശീയ ദിനത്തെ അനുസ്മരിക്കുന്ന വീഡിയോ, മത്സരം, ഇന്ററാക്ടീവ് വര്‍ക്ക് ഷോപ്പുകള്‍, കായിക മത്സരം, ക്ലബ്, അല്‍ ഹംരിയ സ്കൂളുകളുടെ വിവിധ നാടോടി സംഗീത പരിപാടികളും ഒരുക്കിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്ക്കുള്ള വിനോദ പരിപാടിയോടെ ആഘോഷങ്ങള്‍ സമാപിക്കും. അ ല്‍ ബതൈഹയില് നവംബര്‍ 28,29,30 ദിവസങ്ങളിലാണ് ആഘോഷം. പൈതൃകം, ദേശീയ സ്വത്വം, യുഎഇയോടുള്ള വിശ്വസ്തത എന്നിവയാണ് പ്രമേയം. സര്‍ക്കാര്‍ ഏജന്‍സികള്‍, പ്രദേശവാസികള്‍, സ്കൂളുകള്‍, കല സംഘങ്ങള്‍ പങ്കെടുക്കുന്ന പരമ്പരാഗത നാടോടി പ്രദര്‍ശനം പരിപാടിയില്‍ ഉള്‍പ്പെടുന്നു. സന്ദര്‍ശകര്‍ക്ക് കുതിര സവാരിയും ക്ലാസിക് കാര്‍ പരേഡുകളും ആസ്വദിക്കാം. താമസ സ്ഥലങ്ങളിലെത്തി ദേശീയ പതാകകളും ദേശീയ ദിന സമ്മാനങ്ങളും വിതരണം ചെയ്യുന്ന ‘യൂണിയന് ബസ്’ ടൂറുകള്‍ ആഘോഷ പരിപാടികളെ ജനകീയമാക്കും. പ്രാദേശിക കുടുംബ ബിസിനസ് വേദി, യൂത്ത് കൗണ്‍സില്‍ ചര്‍ച്ച റോബോട്ടിക്സ് വിഭാഗം, സാംസ്കാരിക വേദി എന്നിവയും ആംഫി തിയേറ്ററില്‍ സജ്ജീകരിക്കും.
ആഘോഷ രാവ്
കാരുണ്യ സന്ധ്യയാകും
ഷാര്‍ജ: ആഘോഷ രാവ് കാരുണ്യ സന്ധ്യയാവുന്നു. ഖോര്ഫുക്കാന് ആംഫി തിയേറ്ററില്‍ ഡിസംബര്‍ ഒന്നിന് നടക്കുന്ന സംഗീത പരിപാടിയാണ് ചാരിറ്റി വേദിയാവുക. ഇതിലൂടെ ലഭിക്കുന്ന സംഖ്യ ലോകമെമ്പാടുമുള്ള കുട്ടികളെയും ദുര്‍ബല ജനതയെയും കുടുംബങ്ങളെയും സഹായിക്കുന്നതിനായി ‘ദി ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന്’ സമ്മാനിക്കും.