27 മില്യണ്‍ ഫോളോവേഴ്സ്
‘ഏതൊരാള്‍ വിശന്നും വേദനിച്ചും ഗതിമുട്ടിയും തളര്‍ന്നും ഇരിക്കുന്നുവോ, അവിടെ അയാളുടെ ആത്മാവില്‍ മുട്ടിവിളിക്കുന്ന ഒരു പുസ്തകമുണ്ട്’:- വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങള്‍’ വായനക്കാരന്റെ ഹൃദയത്തില്‍ അത് മുറിവേല്പിക്കുന്നു; ഉള്ളില്‍ ജീവകാരുണ്യമുണര്‍ത്തുന്നു,പോയകാലത്തെയും വരാനുള്ള സകല മനുഷ്യര്‍ക്കുമായി എഴുതപ്പെട്ട പാവങ്ങള്‍. ഒരു അനുഭവത്തിന്റെ മുന്നില്‍ ആ അനുഭവം കാണാതിരിക്കാം. അങ്ങനെ കാണാതിരിക്കുന്നവരാണ് അധികവും. എന്നാല്‍ മറ്റൊരാളുടെ അനുഭവം നമ്മുടെ അനുഭവമായി മാറുമ്പോഴാണ് മറ്റുള്ളവന്റെ വേദനയുമായി സംവദിക്കുന്ന ഒരു മനസുണ്ടാവുന്നത്. പാവങ്ങള്‍ ഇവിടെ നേരത്തെയുണ്ട്. പക്ഷെ, മറ്റാരും കണ്ടില്ല. വിക്ടര്‍ ഹ്യൂഗോ കണ്ടു. കടുത്ത ദാരിദ്ര്യം മൂലം ഒരു റൊട്ടിക്കഷ്ണം മോഷ്ടിക്കേണ്ടി വരികയും അതിന്റെ പേരില്‍ നിരവധി വര്‍ഷം ജയിലില്‍ കഴിച്ചുകൂട്ടുകയും ചെയ്തിട്ടും ഒരു കുറ്റവാളിയെന്ന തന്റെ കുപ്രസിദ്ധിയില് നിന്ന് രക്ഷനേടാന്‍ കഴിയാതിരുന്ന ജീന്വാല്ജീന് എന്ന സാധുമനുഷ്യന്റെ ഭാഗ്യദൗര്‍ഭാഗ്യങ്ങളുടെ ഹൃദയസ്പര്‍ശിയായ കഥ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലെ ഫ്രാന്‍സിന്റെ വര്‍ണോജ്വലമായ ഒരു വിവരണവും ബൃഹത്തായ വ്യാപ്തിയുടെയും ആര്‍ദ്രതയുടെയും ത്രസിപ്പിക്കുന്ന കൃതി. സാമൂഹിക അനീതിയുടെയും രാഷ്ട്രീയ സംഭവവികാസങ്ങളുടെയും വീരസാഹസികതയുടെയും പ്രണയത്തിന്റെയും സംഘര്‍ഷാത്മക മുഹൂര്‍ത്തങ്ങളുടെയും ഇതി ഹാസ സമാനമായ ആഖ്യാനമാണിത്. സാമൂഹിക നോവലിന്റെയും അപസര്‍പ്പക നോവലിന്റെയും ചേരുവകള്‍ സമഞ്ജസമായി സമ്മേളിച്ചിരിക്കുന്ന മഹനീയ ഗ്രന്ഥം.
കോടിക്കണക്കിനാളുകളെ കണ്ണീരണിയിച്ച ‘പാവങ്ങള്‍’ എന്ന കൃതി അന്നോളം അച്ചുപുരണ്ട സകല സാഹിത്യ കൃതികളെയും നിഷ്പ്രഭമാക്കി. വായിച്ചവസാനിപ്പിച്ച പുസ്തകം താഴെ വെക്കാനാവാതെ ഒരു കാന്തിക വലയം പോലെ ആ കൃതി വായനക്കാരനെ മതിച്ചികൊണ്ടിരിക്കുന്നു. ഭൂപടത്തിലെ അതിര്‍ത്തി രേഖകള്‍ക്കപ്പുറം എല്ലാ ഭാഷകളിലും നിലവിളി മുഴങ്ങുന്ന, കഷ്ടപ്പെടുന്ന മനുഷ്യന്റെ ദുരിതഗാഥയാണത്. ഇംഗ്ലണ്ട് എന്ന പോലെ സ്പയിനും ഇറ്റലി എന്ന പോലെ ഫ്രാന്‍സും ജര്‍മനിയെന്ന പോലെ അയര്‍ലണ്ടും അടിമകളുള്ള പ്രജാധിപത്യ രാജ്യമെന്ന പോലെ അടിയാറുള്ള ചക്രവര്‍ത്തി ഭരണ രാജ്യങ്ങളും ഒരേവിധം കേള്ക്കണമെന്നുവെച്ച് എഴുതിയിട്ടുള്ളതാണ്. സാമുദായിക വിഷമതകള്‍ രാജ്യസീമകളെ കവച്ച് കടക്കുന്നു. മനുഷ്യ ജാതിക്കുള്ള വൃണങ്ങള്‍ ഭൂമണ്ഡലം മുഴുവനും വ്യാപിച്ച് കിടക്കുന്ന ആ വലിയ മുറിവുകള്‍ ഭൂപടത്തില്‍ വരച്ചുവച്ച ചുവന്നതോ നീലിച്ചതോ ആയ ഓരോ അതിര്‍ത്തി അടയാളങ്ങള്‍ കണ്ടത് കൊണ്ട് നില്ക്കുന്നില്ല. മനുഷ്യന് അജ്ഞനും നിരാശനുമായി എവിടെയുണ്ട്,ഭക്ഷണത്തിന് വേണ്ടി സ്ത്രീകള്‍ എവിടെ വില്ക്കപ്പെടുന്നു, അറിവുണ്ടാക്കാനുള്ള പുസ്തകവും തണുപ്പ് മാറ്റാനുള്ള അടുപ്പും കിട്ടാതെ കുട്ടികള്‍ എവിടെ കഷ്ടപ്പെടുന്നു, അവിടെയെല്ലാം പാവങ്ങള്‍ എന്ന പുസ്തകം വാതില്ക്കല് മുട്ടി വിളിച്ച് പറയും ‘എനിക്ക് വാതില്‍ തുറന്ന് തരിക, ഞാന്‍ വന്നത് നിങ്ങളെ കാണാനാണ്…..’
ഒരു തണുപ്പ് കാലത്ത് സ്വന്തം സഹോദരീ സന്തതികളുടെ വിശപ്പ് കഠിനമായപ്പോള്‍ അവരുടെ പട്ടിണി മാറ്റാനായി ഗ്രാമീണനും ശുദ്ധനും പാവപ്പെട്ടവനുമായ ഴാങ് വാല് ഴാങ് ഒരു കഷണം അപ്പം മോഷ്ടിച്ചു. ആ മോഷണം കയ്യോടെ പിടിക്കപ്പെടുകയും നിയമത്തിന്റെ മുമ്പില്‍ ഹാജരാക്കപ്പെട്ട അയാള്‍ 3 വര്‍ഷം തണ്ടു വലി ശിക്ഷക്ക് വിധിക്കപ്പെടുകയും കുടുംബത്തിന്റെ പട്ടിണിയെ പറ്റി ബോധവാനായിരുന്ന അയാള്‍ പല തവണകളില്‍ തടവ് ചാടാന്‍ ശ്രമിക്കുകയും പിടിക്കപ്പെടുകയും ചെയ്തതിലൂടെ മൂന്ന് വര്‍ഷ തടവ് ശിക്ഷ 18 വര്‍ഷങ്ങളിലേക്ക് നീണ്ട് പോവുകയും ചെയ്തു. സമൂഹത്തിന് നേരെ വെറുപ്പോടെ പുറത്ത് വന്ന ആ മനുഷ്യന് അതി കഠിനമായ തണുപ്പുള്ള ഒരു രാത്രിയില്‍ തലചായ്ക്കാന്‍ ഇടം കിട്ടാതെ എല്ലാവരാലും ആട്ടിയോടിക്കപ്പെട്ടെങ്കിലും കാരുണ്യവാനായ ഒരു മെത്രാനാല്‍ അഭയം ലഭിക്കപ്പെടുകയും അവിടെ വെച്ച് ഒരു മോഷണ ശ്രമത്തിനിടെ പിടിക്കപ്പെടുകയും ചെയ്തു. എങ്കിലും മെത്രാന്റെ ദയവിനാല്‍ രക്ഷപെട്ടു. ആ സംഭവം അയാളെ അടിമുടി മാറ്റി. പില് കാലത്ത് മെത്രാ ന് അദൃശ്യനായി അയാളുടെ ജീവിതത്തെ സ്വാധീനിച്ച് ഏതൊരു കഷ്ടപ്പാടിലും ദുരന്തത്തിലും സത്യസന്ധനായി തുടരാന്‍ അയാളെ പ്രേരിപ്പിച്ച് കൊണ്ടേയിരുന്നു. ഒരു നഗരത്തിന്റെ അത്യുന്നതനായ മേയര്‍ സ്ഥാനം വഹിച്ച് കഴിഞ്ഞ് വരുമ്പോഴും താനാണെന്ന് തെറ്റിദ്ധരിച്ച് മറ്റൊരു മനുഷ്യന് ശിക്ഷിക്കപ്പെടുമെന്ന് വന്നപ്പോള്‍ തല്‍സമയം കോടതിയില്‍ ഹാജരായി സത്യം പറഞ്ഞ് പ്രതിയെ രക്ഷിക്കുകയും വീണ്ടും തടവിലാക്കപ്പെടുകയും ജീവിതാവസാനം വരെ ഒളിവില്‍ കഴിയേണ്ടി വരികയും ചെയ്യുന്ന ഴാങ് വാല് ഴ്ങ്ങിന്റെ കഥ, ഒരു നെടു വീര്പ്പിലൂടെ അല്ലാതെ വായിച്ചവസാനിപ്പിക്കാന്‍ കഴിയില്ല. ഇതിനിടെ നോവലിലെ മറ്റ് കഥാ പാത്രങ്ങളും നമ്മെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. നാട്ട് പ്രമാണിയാല്‍ ചതിക്കപ്പെട്ട ഫന്‍തീന്‍,അവളുടെ മകളും നോവലിലെ നായികയുമായ കൊസെത്ത്. കുടുംബപരമായ കാരണങ്ങളാല്‍ മഹാനായ പിതാവില്‍ നിന്നും അകറ്റപ്പെടുകയും ഒടുവില്‍ പിതാവിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മഹത്വം മനസിലാക്കുകയും സമ്പത്തിന്റെ ലോകത്ത് നിന്നും സ്വയം പിന് മാറി ദരിദ്രനായി ജീവിക്കുകയും കൊസത്തിനെ പ്രണയിക്കുകയും യുദ്ധത്തില്‍ മാരകമായി മുറിവേല്‍ക്കപ്പെട്ട് ഴാങ് വാല്ഴാങ്ങിനാല് രക്ഷിക്കപ്പെടുകയും ചെയ്ത മരിയൂസ്, യാതൊരു വിട്ട് വീഴ്ചയും നിയമത്തിന്റെ മുമ്പില്‍ കാണിക്കാത്ത ഇന്‍സ്പക്ടര്‍ ഴാവര്‍, ദുഷ്ടതയുടെ ആള് രൂപമായ തെനാര്‍ദിയര്‍, ശുദ്ധനും എന്നാല്‍ പ്രമാണിയുമായ ഗിര്നോര്മല് വല്യച്ചന്, കുസൃതിയും തെരുവ് ബാലനുമായ ഗവ്രേഷ് തുടങ്ങി ഈ മഹാ പ്രവാഹത്തിലൂടെ തുഴഞ്ഞ് പോകുന്ന ധാരാളം കഥാപാത്രങ്ങള്‍ പുസ്തകത്തിലൂടെ നമ്മെ കാണാനെത്തുന്നു. അവസാനം ഒരു തേങ്ങലിലൂടെ മാത്രമെ ഈ പുസ്തകം അവസാനിപ്പിക്കാന്‍ കഴിയൂ എന്ന് ഉറപ്പ്. വീണ്ടും വീണ്ടും വായിക്കാനുള്ള പ്രേരണ മനസില്‍ അവശേഷിക്കുകയും ചെയ്യും. ഈ നോവല്‍ ഴാങ് വാല് ഴ്ങ്ങിനെയും ഡി യിലെ മെത്രാനെയും മാത്രമല്ല ഓര്‍മ്മിപ്പിക്കുന്നത് ! പാവങ്ങളാല് ജീവിതത്തിന്റെ ഭാവിപഥങ്ങളിലെ പ്രയാസങ്ങളുടെ മുള്ളുകള്‍ തൂവലെന്നപോലെ മാറ്റിയ ചില ജന്മങ്ങളെ കുറിച്ചാണ്. പാവങ്ങള്‍ എന്ന നോവല്‍ നിത്യ ജീവിതത്തിന്റെ ഭാഗം ആക്കിയവരെ കുറിച്ചാണ്. പാവങ്ങള്‍ പുറത്ത് വന്നിട്ട് എത്രയോ നീണ്ട വര്‍ഷങ്ങള്‍ കടന്ന് പോയിരിക്കുന്നു. എത്രയോ തലമുറകള്‍ ഈ പുസ്തകം വായിച്ച് കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഇനിയും ഞാന്‍ ശുപാര്‍ശ ചെയ്യുന്നു, തേടി പിടിച്ച് ചെല്ലുക, പാവങ്ങളെ കണ്ടെത്തി വായിക്കുക, അത് നിങ്ങള്‍ക്ക് പലതും തരുമെന്നുറപ്പ്.