27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : പ്രമുഖ ഹദീസ് പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ എ.അബ്ദുസ്സലാം സുല്ലമിയുടെ ജീവചരിത്രം പ്രകാശിതമായി. ഷാര്‍ജ ബുക് അതോറിറ്റി എക്സ്റ്റേണല്‍ അഫയേഴ്സ് എക്സിക്യൂട്ടീവ് പിവി മോഹന്‍ കുമാര്‍ മേളയിലെ യുവത ബുക്സ് പവലിയന് കണ്‍വീനര്‍ കൂടിയായ അബ്ദുസ്സലാം സുല്ലമിയുടെ മകള്‍ മുനീബ നജീബിന് കോപ്പി നല്കി പുസ്തകം പ്രകാശനം ചെയ്തു. യുവത ബുക് ഹൗസ് കേരള മുസ്ലിം നവോത്ഥാനനായകരെ പരിചയപ്പെടുത്തുന്ന ‘പരിഷ്കര്‍ത്താക്കള്‍’ ഗ്രന്ഥപരമ്പരയുടെ ഭാഗമായി പ്രഫസര്‍ കെപി സകരിയ്യയാണ് പുസ്തകത്തിന്റെ രചന നിര്‍വഹിച്ചത്. അധ്യാപകനും പ്രഭാഷകനുമായിരുന്ന സുല്ലമി എണ്ണമറ്റ ലേഖനങ്ങള്‍ക്കും ലഖുലേഖകള്ക്കും പുറമെ അറുപതിലേറെ പുസ്തകങ്ങളെഴുതി തന്റെ അറുപത്തിയാറാം വയസില്‍ ഷാര്‍ജയില്‍ വെച്ചാണ് മരണപ്പെട്ടത്. മതത്തിന്റെ മൗലികതയില്‍ ഊന്നിനിന്നുകൊണ്ടു തന്നെ സ്ത്രീസ്വാതന്ത്ര്യം,ലിംഗനീതി തുടങ്ങിയ മാനവികമൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഏറെ സഹായകമായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. എകെ നബീല്‍ കടവത്തൂര്‍ എഡിറ്റ് ചെയ്ത ‘അബ്ദുസ്സലാം സുല്ലമിയുടെ മതവിധികള്‍’,സുല്ലമി രചിച്ച ‘മുസ്ലിംകളിലെ അനാചാരങ്ങള്‍’ എന്നീ രണ്ടു പുസ്തകങ്ങള്‍കൂടി ചടങ്ങില്‍ പ്രകാശിതമായി. അഡ്വ.അബ്ദുല്‍ കരീം ബിന്‍ ഈദ്,ഡോ.ജാബിര്‍ അമാനി എന്നിവര്‍ പ്രകാശനം ചെയ്തു. ഹാറൂന്‍ കക്കാട് പുസ്തകം പരിചയപ്പെടുത്തി. അസ്മാബി ടീച്ചര്‍,ശിഹാബ് എടപ്പള്ളത്ത്,ഉസ്മാന് കക്കാട്,അബ്ദുല്ല ചീളില്‍,എ.റശീദുദ്ദീന്‍,റിഹാസ് പുലാമന്തോള്‍ പ്രസംഗിച്ചു.