
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു
ഷാര്‍ജ : താമസക്കാര്‍ക്ക് ശല്യമാകുന്നതിനാല്‍ റസിഡന്‍ഷ്യല്‍ ഏരിയകളിലെ പബ്ലിക് കിച്ചണുകള്‍ മാറ്റിസ്ഥാപിക്കാന്‍ ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി പദ്ധതി തയ്യാറാക്കുന്നു. ഷാര്‍ജയില്‍ പബ്ലിക് കിച്ചണുകള്‍ പൊതുവെ ‘ജനപ്രിയ അടുക്കള’കളാണ്. എമിറേറ്റില്‍ പാര്‍പ്പിട മേഖലകളില്‍ നിരവധി പബ്ലിക് കിച്ചണുകളാണ് പ്രവര്‍ത്തിച്ചു വരുന്നത്. സാധാരണ ഇത്തരം കേന്ദ്രങ്ങളില്‍ ഭക്ഷ്യ സാധനങ്ങള്‍ക്ക് കുറഞ്ഞ വിലയാണ് ഈടാക്കുന്നത്. താരതമ്യേന ചെറിയ തുകക്ക് കൂടുതല്‍ അളവില്‍ ഭക്ഷണം പാര്‍സലായി നല്‍കുന്നതാണ് പബ്ലിക് കിച്ചണുകളെ ജനപ്രിയമാക്കുന്നത്. ഇവിടങ്ങളില്‍ ഇരുന്നു കഴിക്കാനുള്ള സൗകര്യമില്ല. ഇക്കാരണത്താല്‍ പൊതു അടുക്കളകള്‍ക്ക് മുമ്പില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നു. ഇവരുടെ വാഹനങ്ങള്‍ കൂടിയാവുന്നതോടെ താമസക്കാര്‍ക്ക് വാഹന പാര്‍ക്കിങ്ങിന് പോലും സ്ഥലം കിട്ടാത്ത അവസ്ഥയുണ്ടാവുന്നത്.
അല്‍ ഖാഫിയ,അല്‍ ജസാത്ത്,ഖാദിസിയ്യ പോലുള്ള സ്വദേശി പൗരന്മാരുടെ താമസ മേഖലകളിലാണ് പൊതു അടുക്കളുടെ കേന്ദ്രം. സ്വദേശി കുടുംബങ്ങളില്‍ നിന്നും പരാതി ഉയര്‍ന്നതും മുനിസിപ്പാലിറ്റിയുടെ നടപടി വേഗത്തിലാക്കാന്‍ കാരണമായി. വരുന്ന മാസങ്ങളില്‍ ഷാര്‍ജ സിറ്റി നഗരസഭ ഇത് സംബന്ധിച്ച നടപടികളിലേക്ക് കടക്കും. സൗകര്യപ്രദവും കൂടുതല്‍ സുരക്ഷതിവുമായ മേഖലയിലേക്കായിരിക്കും പബ്ലിക് കിച്ചണുകള്‍ മാറ്റുക. പാചകത്തിനുള്പ്പെടെ ഇവിടെ കൂടുതല്‍ നവീകരിച്ച സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. നേരത്തെ സ്വദേശി താമസയിടങ്ങളില്‍ നിന്നും ഗ്രോസറികള്‍ മാറ്റി സ്ഥാപിച്ചിരുന്നു. പ്രസ്തുത നടപടിയിലൂടെ മലയാളികളുടേതുള്‍പ്പെടെ നൂറുക്കണക്കിന് ഗ്രോസറികള്ക്കാണ് പൂട്ട് വീണത്.