27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : കഥാകൃത്തും നോവലിസ്റ്റും ചിത്രകാരനും മാധ്യമപ്രവര്‍ത്തകനുമായ മുഖ്താര്‍ ഉദരംപൊയിലിന്റെ പുതിയ കഥാസമാഹാരം ‘ഉസ്താദ് എംബാപ്പെ’ ഇന്ന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും. റൈറ്റേഴ്സ് ഫോറം ഹാളില്‍ രാത്രി 9.45ന് നടക്കുന്ന ചടങ്ങി പ്രമുഖ എഴുത്തുകാര്‍ പങ്കെടുക്കും. ഗ്രാമജീവിതത്തിന്റെ വിശുദ്ധിയും നിഷ്കളങ്കതയും നാട്ടുഭാഷയുടെ പകിട്ടില്‍ കോര്‍ത്തെടുത്ത കഥകളുടെ ലോകമാണ് മുഖ്താര്‍ ഉദരംപൊയിലിന്റേത്.
മലബാറിലെ മുസ്ലിം സാമൂഹിക ജീവിത പരിസരം അതിന്റെ തനിമയില്‍ കോറിയിടുന്ന ആഖ്യാന ചാരുത ഈ പുസ്തകത്തെ മികച്ച വായനാനുഭവമാക്കി മാറ്റുന്നു. സമകാലിക സാഹചര്യത്തില്‍ രാഷ്ട്രീയമായ മറുവായന കൂടി സാധ്യമാക്കുന്ന, ഏറനാടന്‍ വാമൊഴിച്ചന്തത്തില് കുറുക്കിയെടുത്ത എട്ടു കഥകളാണ് ബ്ുക്പ്ലസ് പുറത്തിറക്കിയ ഈ പുസ്തകത്തിലുള്ളത്.
കണ്ണീര്‍നനവുള്ള മനുഷ്യാഖ്യാനങ്ങളുടെയും തികവുറ്റ രാഷ്ട്രീയകഥകളുടെയും സമാഹാരമാണ് ‘ഉസ്താദ് എംബാപ്പെ’ എന്ന് അവതാരികയില്‍ സജയ് കെ.വി പറയുന്നു. പ്രാഥമികമായും വൈകാരികസംവേദനമാണ് ഈ കഥകള്‍.
ചൂടുള്ള ഒരു നിശ്വാസമായോ കണ്ണീരിന്റെ പൊള്ളലായോ കരച്ചിലിന്റെ ഒരു ചീളായോ അവ നമ്മെ വന്നു തൊടുന്നുവെന്നും അദ്ദേഹം എഴുതുന്നു. റഫീഖ് തിരുവള്ളൂര്‍ എഴുതിയ പ്രൗഢമായ അനുബന്ധക്കുറിപ്പും പുസ്തകത്തിലുണ്ട്. സഊദിയില്‍ കുറച്ചുകാലം പ്രവാസിയായിരുന്ന കഥാകാരന്റെ പ്രവാസാനുഭവങ്ങളും ഈ പുസ്തകത്തിലെ കഥകളില്‍ നിഴലിക്കുന്നുണ്ട്. ‘മരുദ്വീപ്’, ‘ഉരുള്‍’ എന്നീ കഥകളിള്‍ പ്രവാസജീവിതമെന്ന വീര്‍പ്പുമുട്ടിക്കുന്ന ഏകാന്തതയെയാണ് കഥനവത്കരിക്കുന്നത്. യതീംഖാനക്കുള്ളിലെ കുട്ടികളുടെ സങ്കട ജീവിതം പ്രമേയമാക്കി എഴുതിയ ‘പുഴക്കുട്ടി’ എന്ന നോവല്‍ കഴിഞ്ഞ ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തിരുന്നു. മാതൃഭൂമി ബുക്സ് പുറത്തിറക്കിയ പുഴക്കുട്ടി നോവലും യുവത ബുക്സ് പ്രസിദ്ധീകരിച്ച കുട്ടികള്‍ക്കുള്ള നോവല്‍ ‘ജിന്നുകുന്നിലെ മാന്ത്രികനും’ പുസ്തകോല്‍സവത്തില്‍ ലഭ്യമാണ്. മലപ്പുറം ജില്ലയിലെ കാളികാവ് സ്വദേശിയായ മുഖ്താറിന്റെ അഞ്ചു പുസ്തകങ്ങളാണ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ളത്.