27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : ഔേദ്യാഗിക സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിന് ചിന് ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലിയുമായി കൂടിക്കാഴ്ച നടത്തി. അബുദാബി എമിറേറ്റ്സ് പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. റീട്ടെയില്‍ മേഖല ഉള്‍പ്പെടെ ലുലുവിന്റെ സേവനം വിയറ്റ്നാമില്‍ കൂടുതല്‍ സജീവമാക്കണമെന്ന് പ്രധാനമന്ത്രി ഫാം മിന് ചിന് ലുലു ഗ്രൂപ്പ് ചെയര്‍മാ ന് എംഎ യൂസഫലിയോട് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഉറപ്പ് നല്കിയ പ്രധാനമന്ത്രി,ലുലുവിന്റെ കൂടുതല്‍ നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് ക്ഷണിച്ചു. നിലവില്‍ ഹോചിമിന്‍ സിറ്റിയിലാണ് ലുലുവിന്റെ ഭക്ഷ്യസംസ്കരണ കേന്ദ്രമുള്ളത്. ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയിലൂടെ മിഡില്‍ ഈസ്റ്റിലെയും മറ്റ് രാജ്യങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് വിയറ്റ്നാമീസ് ഉത്പന്നങ്ങളുടെ ഗുണനിലവാരം ലുലു പരിചയപ്പെടുത്തുന്നു. രാജ്യത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് അടക്കം വലിയ കൈത്താങ്ങാണ് ലുലുവിന്റെ പിന്തുണ.
ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങളും കൂടുതല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളും വിയറ്റ്നാമില്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് എം.എ യൂസഫലിയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി ചൂണ്ടികാട്ടി. ജിസിസിയിലെ നിക്ഷേപകര്‍ക്ക് വിയറ്റ്നാമില്‍ ധൈര്യമായി നിക്ഷേപിക്കാന്‍ കരുത്തേകുന്നതാണ് രാജ്യത്തെ ലുലുവിന്റെ സാന്നിദ്ധ്യമെന്നും ലുലുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിയറ്റ്നാമില്‍ ലുലുവിന്റെ സാന്നിധ്യം വിപുലീകരിക്കുമെന്ന് യൂസഫലി വ്യക്തമാക്കി. വിയറ്റ്നാമിലെ ലുലുവിന്റെ ഭക്ഷ്യസംസ്കരണ കേന്ദ്രം വഴി രാജ്യത്തെ ഉത്പന്നങ്ങള്‍ ആഗോള വിപണിയില്‍ ലഭ്യമാക്കുന്നുണ്ട്. വിയറ്റ്നാമിലെ വിവിധ സര്‍ക്കാര്‍ സര്‍ക്കാരിതര ഏജന്‍സികളുമായി നല്ല ബന്ധമുള്ളതിനാല്‍ ഉത്പന്നങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കാനുമാകുന്നുണ്ട്. വിയറ്റ്നാം ഉത്പന്നങ്ങളുടെ ലഭ്യത ലുലുവിന്റെ സ്റ്റോറുകളില്‍ സജീവമാക്കുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.