27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ദീപ്തസ്മരണകളെ പ്രോജ്വലമാക്കാനും മഹിതമായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും ‘എര്‍ത്ത് സായിദ്’ ഫൗണ്ടേഷന് പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇന്നലെ യുഎഇയുടെ പുതിയ ഫൗണ്ടേഷന് പ്രഖ്യാപിച്ചത്. പൊതുസ്വകാര്യ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ വിവിധ മേഖലകളിലെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് ഇനി ‘എര്‍ത്ത് സായിദ് ഫിലാന്ട്രോപിസ്’ മേല്‍നോട്ടം വഹിക്കും. അബുദാബിയാണ് ഫൗണ്ടേഷന്റെ ആസ്ഥാനം. യുഎഇയുടെ സ്ഥാപക പിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പൈതൃകം ഉയര്‍ത്തിപ്പിടിക്കുകയും രാജ്യത്തിന്റെ ജീവകാരുണ്യ യാത്രയില്‍ ഒരു പുതിയ യുഗം അടയാളപ്പെടുത്തുകയും ചെയ്യുന്നതായിരിക്കും ഫൗണ്ടേഷന്. വര്‍ധിച്ചുവരുന്ന സങ്കീര്‍ണവും പരസ്പര ബന്ധിതവുമായ ലോകത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ആഗോള ജീവകാരുണ്യ മേഖലയില്‍ നായകത്വം വഹിക്കുന്ന രാഷ്ട്രമെന്ന നിലയില്‍ യുഎഇയുടെ യശസ്സ് ഉയര്‍ത്തുന്നതാകും ‘എര്ത്ത്് സായിദ് ഫിലാന്ട്രോപിസ്’.ആഗോള ആരോഗ്യം,വിദ്യാഭ്യാസം,ഭക്ഷ്യജല സുരക്ഷ, ഊര്‍ജം,കാലാവസ്ഥ,സുസ്ഥിരത,സാമൂഹിക നവീകരണം തുടങ്ങിയ പ്രാദേശിക-അന്തര്‍ദേശീയ പ്രാധാന്യമുള്ള മേഖലകളില്‍ ഉയര്‍ന്ന സ്വാധീനം ചെലുത്തുന്ന പ്രോജക്ടുകളുടെ വിശാലമായ പോര്‍ട്ട്ഫോളിയോ ഫൗണ്ടേഷന് നടപ്പിലാക്കുന്ന പരിപാടികളില്‍ ഉള്‍പ്പെടുത്തും. കൂടാതെ, സായിദ് ചാരിറ്റബിള്‍ ആന്റ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്,ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഫൗണ്ടേഷന്,എമിറേറ്റ്സ് ഫൗണ്ടേഷന്,മുഹമ്മദ് ബിന്‍ സായിദ് സ്പീഷീസ് കണ്‍സര്‍വേഷന്‍ ഫണ്ട്,സന്ദൂഖ് അല്‍ വതന്‍, ക്ലീന്‍ റിവേഴ്സ്,ദി ഗ്ലോബല്‍ സുലൈദ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയുള്‍പ്പെടെ നിലവിലുള്ള ജീവകാരുണ്യ സംരംഭങ്ങള്‍ ‘എര്‍ത്ത് സായിദു’മായി കൈകോര്‍ക്കും. ശൈഖ് സായിദ് പ്രൈസ്, വിദ്യാഭ്യാസത്തിനുള്ള ഖലീഫ അവാര്‍ഡ്, ഈന്തപ്പഴത്തിനും കാര്‍ഷിക നവീകരണത്തിനുമുള്ള ഖലീഫ ഇന്റര്‍നാഷണല്‍ അവാര്‍ഡ്,മികച്ച അധ്യാപകനുള്ള മുഹമ്മദ് ബിന്‍ സായിദ് അവാര്‍ഡ് എന്നിവയും എര്‍ത്ത് സായിദ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാകും നടക്കുക.
യുഎഇയുടെ നിലവിലെ ജീവകാരുണ്യ ഫൗണ്ടേഷനുകളുടെയും അവാര്‍ഡുകളുടെയും മേല്‍നോട്ടം ഇനി ‘എയര്‍ത്ത് സായിദ്’ ഫൗണ്ടേഷനായിരിക്കും. ജീവകാരുണ്യത്തോടുള്ള കാഴ്ചപ്പാടും സഹകരണപരമായ സമീപനവും വളര്‍ത്തുക, അതിന്റെ വിഭവങ്ങള്‍,നെറ്റ്വര്ക്കുകള്,അറിവ് എന്നിവ ഉപയോഗിച്ച് ലോകമെമ്പാടും ആവശ്യമുള്ള സമൂഹങ്ങളിലേക്ക് അത് എത്തിച്ചുനല്കുക എന്നിവയാണ് ഫൗണ്ടേഷന് ലക്ഷ്യമാക്കുന്നതെന്ന് വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു:
‘എര്‍ത്ത് സായിദ് ഫിലാന്ത്രോപീസിന്റെ തുടക്കം ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള യുഎഇയുടെ നിരന്തരമായ പ്രതിബദ്ധതയുടെ തെളിവാണ്. യുഎഇയുടെ മാനുഷിക സംരംഭങ്ങളെയും ജീവകാരുണ്യ സ്ഥാപനങ്ങളെയും ഒരു കുടക്കീഴില് കൊണ്ടുവരുന്നതിനുള്ള ശ്രമമാണിത്. ആഗോള തലത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നതിന് ഇത് ഗുണം ചെയ്യുമെന്ന് പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ ഡെവലപ്മെന്റ് ആന്റ് ഫാലന് ഹീറോസ് അഫയേഴ്സ് ഡെപ്യൂട്ടി ചെയര്‍മാനും ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ ആന്റ് ഫിലാന്ത്രോപിക് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു: ‘ജീവകാരുണ്യവും ദാനധര്‍മവും വളരെക്കാലമായി യുഎഇയുടെ മുഖമുദ്രയാണ്. രാജ്യത്തിന്റെ സ്ഥാപക പിതാവിന്റെ സ്ഥായിയായ പൈതൃകത്തിലും പ്രസിഡന്റിന്റെ അചഞ്ചലമായ പ്രതിബദ്ധതയിലും ആഴത്തില്‍ വേരൂന്നിയുള്ള പദ്ധതിയാണിത്.
ലോകമെമ്പാടുമുള്ള ജനതയുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലും ക്ഷേമം ഉറപ്പാക്കുന്നതിലും വ്യക്തികളെ ശാക്തീകരിക്കുന്നതിലും ഐശ്വര്യവും സുരക്ഷയും പരിപോഷിപ്പിക്കുന്നതിലും തുടര്‍ച്ചയായ ശ്രമങ്ങളായിരിക്കും ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുക. അന്തര്‍ദേശീയ തലത്തില്‍ തന്നെ മികച്ച സ്വാധീനമുണ്ടാക്കുന്നതായിരിക്കും ‘എര്‍ത്ത് സായിദ് ഫിലാന്ട്രോപിസ്’. വരും തലമുറകള്‍ക്ക് ഇത് അനുഭവിക്കാനാകും. ഐക്യദാര്‍ഢ്യത്തിന്റെ തത്വങ്ങള്‍ സമ്പന്നമാക്കുകയും സഹകരണവും സമാധാനവും ശക്തിപ്പെടുത്തുകയും ചെയ്യുന്നതകും ഫൗണ്ടേഷനെന്നും അദ്ദേഹം വ്യക്തമാക്കി.