27 മില്യണ് ഫോളോവേഴ്സ്
കുവൈത്ത് സിറ്റി : ഹൈവേകളിലുടനീളം വിപുലമായ സുരക്ഷാ, ട്രാഫിക് ക്യാമ്പയിനുകളുമായി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക സംഘം. നിയമലംഘകരെ കണ്ടെത്താനും പിടികൂടാനും ലക്ഷ്യമിട്ടുള്ള സുരക്ഷാ പരിശോധനയിലൂടെ 1,772 നിയമലംഘനങ്ങള് കണ്ടെത്തി. ക്യാമ്പയിനില് ട്രാഫിക് നിയമലംഘനങ്ങള് കൂടാതെ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുമായി മൂന്ന് കേസുകളില് അസാധാരണമായ അവസ്ഥയില് കണ്ടെത്തിയ ഏഴ് വ്യക്തികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റ് വാറണ്ടുണ്ടായിരുന്ന 28 വ്യക്തികളെയും ക്യാമ്പയിനിന്റെ ഭാഗമായി പിടികൂടി.
കാണാതായതായി റിപ്പോര്ട്ട് ചെയ്യപ്പെട്ട 18 പേരെ കണ്ടെത്താനും ഈ ഓപ്പറേഷന് സഹായിച്ചു. കാലാവധി കഴിഞ്ഞ റസിഡന്സി പെര്മിറ്റുള്ള 31 വ്യക്തികളെയും സുരക്ഷാ പരിശോധനയില് പിടികൂടി. ഗതാഗത നിയമലംഘനങ്ങള്ക്ക് കാരണമായ അഞ്ച് വാഹനങ്ങളും മോട്ടോര് സൈക്കിളുകളും അധികൃതര് കണ്ടുകെട്ടി. രാജ്യത്തിനകത്ത് സുരക്ഷയും സുസ്ഥിരതയും നിലനിര്ത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സമഗ്രമായ കാമ്പയിന് എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എല്ലാവരും നിയമപാലകരുമായി സഹകരിക്കാനും ഏതെങ്കിലും നിയമലംഘനങ്ങളും സംശയാസ്പദമായ പ്രവര്ത്തനങ്ങളും ശ്രദ്ധയില്പെട്ടാല് 112 എന്ന എമര്ജന്സി ഹോട്ട്ലൈനില് ബന്ധപ്പെട്ട്അധികാരികള്ക്ക് റിപ്പോര്ട്ട് ചെയ്യണം എന്നും മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും അഭ്യര്ത്ഥിച്ചു.