27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി: ശൈത്യകാലം ആരംഭിച്ചതോടെ മരുഭൂമിയിലും മലമടക്കുകളിലും താല്‍ക്കാലിക ടെന്റ് നിര്‍മിക്കുന്ന വിനോദ സഞ്ചാരികളുടെ എണ്ണം കൂടുകയാണ്. എന്നാല്‍ പലരും രാജ്യത്തെ നിയമ വ്യവസ്ഥിതിയെ കുറിച്ച് അത്ര ബോധവാന്മാരല്ല എന്നതാണ് വസ്തുത. നിയമപരമായി അനുവദിച്ച സ്ഥലങ്ങളിലാണ് ടെന്റ് നിര്‍മിച്ചതെങ്കിലും തിരിച്ചുപോകുമ്പോള്‍ അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച് പിഴ ക്ഷണിച്ചു വരുത്തുന്നവര്‍ കുറവല്ല. എവിടെയൊക്കെ ടെന്റ് നിര്‍മിക്കാമെന്നും പൊളിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പല വിനോദ സഞ്ചാര സ്ഥലങ്ങളിലും അവിടെ പാലിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുന്ന സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
നിരോധിത സ്ഥലങ്ങളില്‍ ടെന്റ് പണിതാല്‍ ലഭിക്കുന്ന പിഴ തന്നെ,അനുവദനീയ സ്ഥലങ്ങളില്‍ അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുന്നവര്‍ക്കും ലഭിക്കും. മലമുകളിലും മരുഭൂമിയിലും നിരോധിത സ്ഥലങ്ങളില്‍ ടെന്റ് നിര്‍മിക്കുന്നവര്‍ക്ക് കുറഞ്ഞത് 2,000 ദിര്‍ഹമാണ് പിഴ. ടെന്റ് നിര്‍മിച്ച സ്ഥലത്ത് അവശിഷ്ടങ്ങള്‍ ഉപേഷിക്കുന്നവര്ക്കും സമാന പിഴ ലഭിക്കും. ജബല്‍ ജെയ്സില്‍ നിങ്ങള്‍ക്ക് അനുവദനീയമല്ലാത്ത സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്താല്‍ 1,000 ദിര്‍ഹമാണ് പിഴ ലഭിക്കുക. അതുപോലെ തന്നെ നിലത്തു തീയിടുന്നതും 500 ദിര്‍ഹം പിഴ കിട്ടാവുന്ന കുറ്റമാണ്. ഗാസല്ലസ്,അറേബ്യന്‍ ഒറിക്സ് എന്നിവയുടെ സംരക്ഷിത പ്രദേശങ്ങളില്‍ കടന്നുകയറുന്നതും അവയെ വേട്ടയാടുന്നതും 5000 ദിര്‍ഹം മുതല്‍ 15,000 ദിര്‍ഹം വരെ പിഴ ലഭിക്കുന്ന കുറ്റമാണ്. ശൈത്യ കാലത്ത് മരുഭൂമിയിലും മലമുകളിലും സഞ്ചാരത്തിന് പോകുന്നവര്‍ മുനിസിപ്പല്‍ നിയമം കര്‍ശനമായി പാലിക്കണമെന്ന് നഗരസഭാ അധികൃതര്‍ ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുന്നു.
യുഎഇ-ഒമാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജബല്‍ ഹഫീത്ത് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. യുനെസ്കോയുടെ ലോക പൈതൃക സൈറ്റും ഈ മേഖലയിലാണ്. ജബല്‍ ഹഫീത്തില്‍ നിന്നുള്ള വിദൂര കാഴ്ചയാണ് ഈ പര്‍വതശിഖരത്തെ അറിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിയത്. രാത്രി വെളിച്ചത്തില്‍ ജബല്‍ ഹഫീത്ത് മനോഹരമാണ്. യുഎഇയുടെ വടക്കന്‍ എമിറേറ്റുകളില്‍ നിന്നും നിരവധിപേരാണ് ശൈത്യ കാലത്ത് ടെന്റ് നിര്‍മിച്ചു രാത്രി തങ്ങാന്‍ ജബല്‍ ഹഫീത്തിലേക്ക് എത്തിച്ചേരുന്നത്.
27 പാര്‍ക്കുകള്‍, 253 ബാര്ബിക്യുപോയിന്റുകള്
എമിറേറ്റിലെ 27 പാര്‍ക്കുകളിലെ 253 സ്ഥലങ്ങളില്‍ ബാര്‍ബിക്യു ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് അബുദാബി മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. അനുമതിയുള്ള പാര്‍ക്കുകളില്‍ മാത്രമേ ബാര്‍ബിക്യു ചെയ്യാന്‍പാടുള്ളൂ. അബുദാബി ദ്വീപില്‍ 15 പാര്‍ക്കുകളിലും ഖലീഫ സിറ്റിയില്‍ 12 പാര്‍ക്കുകളിലും ബാര്‍ബിക്യുവിന് അനുമതിയുണ്ട്. പാര്‍ക്കുകളില്‍ നിരവധി കോണ്‍ക്രീറ്റ് ബാര്‍ബിക്യു സംവിധാനങ്ങള്‍ മുനിസിപ്പാലിറ്റി സ്ഥാപിച്ചിട്ടുണ്ട്. പൂന്തോട്ടങ്ങള്‍ക്കും മറ്റ് ഹരിതയിടങ്ങള്ക്കും ദോഷം വരുത്താതിരിക്കാന്‍ ബാര്ബിക്യുവിനുശേഷം മാലിന്യങ്ങളും കരിക്കട്ടകളും നീക്കംചെയ്യണം. മാലിന്യമിടാന്‍ പ്രത്യേക സൗകര്യങ്ങളും മുനിസിപ്പാലിറ്റി ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഉല്ലാസത്തിനായി എത്തുന്നവര്‍ വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും കൂടാതെ അധികൃതര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണ്.
ബാര്‍ബിക്യൂ സൗകര്യമുള്ളഅബുദാബിയിലെ പാര്‍ക്കുകള്‍
അബുദാബി ദ്വീപിലെ ഒഫീഷ്യല്‍ ഗാര്ഡന്,ഓള്‍ഡ് എയര്‍പോര്‍ട്ട് ഗാര്ഡന്,ഫാമിലിപാര്ക്ക് 1,2,ഹെറിറ്റേജ് പാര്‍ക്ക്,ഹെറിറ്റേജ് പാര്‍ക്ക് 4,5,അല്‍ സഫറാന ഗാര്ഡന്, ഡോള്‍ഫിന്‍ ഗാര്ഡന്,അല്‍ നഹ്ദ പാര്‍ക്ക്,അറേബ്യന്‍ ഗള്‍ഫ് പാര്‍ക്ക് 1,2,അല്‍ ബ്രൂം ഗാര്ഡന്,അല്‍ മസൂണ്‍ ഗാര്ഡന്,അല്‍ നൗഫല്‍ ഗാര്ഡന്,ഖലീഫാ സിറ്റിയില്‍ അല്‍ ജൗരി ഗാര്ഡന്,അല്‍ ഫാന്‍ പാര്‍ക്ക്,അല്‍ അര്ജ്വാന് പാര്‍ക്ക്,അല്‍ ഖാദി പാര്‍ക്ക്,ബൈറാഖ്,ബുര്‍ജീല്‍ ഗാര്ഡന്, അല്‍ ഷംഖ സ്ക്വയര്‍,അല്‍ ഫനൗസ് പാര്‍ക്ക്(ഷംഖ സിറ്റി), റബ്ദാന്‍ പാര്‍ക്ക്,അല്‍ റഹ്ബ സ്ക്വയര്‍,അല്‍ വത്ബ പാര്‍ക്ക്,അല്‍ സാല്‍മിയ പാര്‍ക്ക്.