27 മില്യണ് ഫോളോവേഴ്സ്
റിയാദ് : ഇന്ത്യയുടെ കലാ,സാംസ്കാരിക തനിമയും വൈവിധ്യവും കോര്ത്തിണക്കി സഊദി അറേബ്യയിലെ പ്രവാസികള്ക്കായി ഇന്ത്യന് എംബസി സംഘടിപ്പിക്കുന്ന ‘പ്രവാസി പരിചയ്’ സാംസ്കാരിക പരിപാടിക്ക് തുടക്കമായി. ഒരാഴ്ച നീണ്ടുനില്ക്കുന്ന പരിപാടി റിയാദിലെ ഇന്ത്യന് എംബസി ഓഡിറ്റോറിയത്തില് ഇന്ത്യന് അംബാസഡര് ഡോ.സുഹൈല് അജാസ് ഖാന് ഉദ്ഘാടനം ചെയ്തു. വിദേശകാര്യ സഹമന്ത്രി കീര്ത്തി വര്ധന് സിങ് പ്രസംഗിച്ചു. സഊദിയിലെ ഇന്ത്യന് പ്രവാസി സംഘടനകളുടെയും വിദേശ കാര്യ മന്ത്രാലയത്തിന്റെ ഡയസ്പോറ എന്ഗെജ്മെന്റ് വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് ഇന്ത്യന് എംബസി കഴിഞ്ഞ വര്ഷം മുതല് പ്രവാസി പരിചയ് പരിപാടിക്ക് തുടക്കം കുറിച്ചത്.
രാജ്യത്തിന്റെ സമ്പന്നമായ ഭാഷാ വൈവിധ്യം അനാവരണം ചെയ്യുന്ന ‘ഇന്ത്യയിലെ ക്ലാസിക്കല് ഭാഷകള്’ എന്ന പേരില് പ്രത്യേകം തയാറാക്കിയ പരിപാടിയോടെയണ് സാംസ്കാരികാഘോഷം ആരംഭിച്ചത്.
തമിഴ്,തെലുങ്ക്,മലയാളം,കന്നഡ,മറാഠി,ബംഗാളി,ആസാമീസ്,ഒഡിയ,പാലി,പ്രാകൃതം,സംസ്കൃതം എന്നിങ്ങനെ ഇന്ത്യയിലെ 11 ക്ലാസിക്കല് ഭാഷകളും പ്രദര്ശിപ്പിക്കുന്ന നാടകം ചടങ്ങില് അവതരിപ്പിച്ചു. ആഖ്യാനം,കവിതാലാപനം,സംഭാഷണങ്ങള്,നൃത്തങ്ങള്,പാട്ടുകള് എന്നിവയുടെ സമന്വയമായ നാടകം സഊദി അറേബ്യയിലെ ഇന്ത്യന് സമൂഹത്തിലെ അംഗങ്ങളാണ് അവതരിപ്പിച്ചത്. പാലിയിലും പ്രാകൃതത്തിലും നടന്ന കവിതാലാപനം സദസിന്റെ കയ്യടി നേടി. വനിതകളുടെ ക്വിസ്, പെയിന്റിങ് എക്സിബിഷന് എന്നിവയും ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി നടന്ന ഫാഷന് ഷോ ആകര്ഷകമായിരുന്നു. പരമ്പരാഗത വേഷങ്ങളില് വേദിയിലെത്തിയ കലാകാരന്മാര് ഇന്ത്യന് സംസ്കാരത്തിന്റെ പരിഛേദം അവതരിപ്പിച്ചു. സിബിഎസ്ഇ സ്കൂളുകളെ പങ്കെടുപ്പിച്ച് നടത്തിയ ക്വിസ് മത്സരത്തില് മോഡേണ് മിഡിലീസ്റ്റ് ഇന്റ ര്നാഷണല് സ്കൂള്,ഇന്റര്നാഷണല് ഇന്ത്യന് സ്കൂ ള്,യാരാ ഇന്റര്നാഷണല് സ്കൂള് എന്നിവര് യഥാക്രമ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള് നേടി.