27 മില്യണ്‍ ഫോളോവേഴ്സ്
ബെയ്റൂത്ത് : ‘യുഎഇ സ്റ്റാന്റ്സ് വിത്ത് ലെബനന്’ കാമ്പയിനിന്റെ ഭാഗമായി 2,000 ടണ്‍ സഹായ സാധനങ്ങളുമായി യുഎഇയുടെ അടിയന്തര കപ്പല്‍ ബെയ്റൂത്ത് തുറമുഖത്തെത്തി. ലബന് ജനതക്ക് സാന്ത്വനം പകരാന്‍ ഒക്ടോബര്‍ ആദ്യത്തില്‍ പുറപ്പെട്ട സഹായക്കപ്പലാണ് ഇന്നലെ ബെയ്റൂത്ത് തുറമുഖത്തില്‍ നങ്കൂരമിട്ടത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശ പ്രകാരം വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെയും പ്രസിഡന്‍ഷ്യല്‍ കോടതിയുടെ മന്ത്രിയും ചെയര്‍മാനുമായ ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും നേതൃത്വത്തിലാണ് ലൈബനന്‍ കൈത്താങ്ങാവുന്ന കാമ്പയിന് സജീവമാകുന്നത്. നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ ലെബനനുള്ള യുഎഇയുടെ മാനുഷിക പിന്തുണയുടെ തുടര്‍ച്ചയാണ് ഈ സഹായക്കപ്പല്‍.
യുഎഇയുടെ പുതിയ സഹായം നിലവിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ ലെബനന് ജനതയോടുള്ള യുഎഇയുടെ ഐക്യദാര്‍ഢ്യം പ്രകടമാക്കുന്നതാണെന്ന് വികസന,വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ അല്‍ ഷംസി പറഞ്ഞു. കപ്പലില്‍ 1,000 ടണ്‍ ഭക്ഷ്യ വിതരണങ്ങളും 1,000 ടണ്‍ ദുരിതാശ്വാസ,പാര്‍പ്പിട ഉപകരണങ്ങളുമാണുള്ളത്. ഇതോടെ യുഎഇയ ലബനനിലേക്ക് ആകെ 2,610 ടണ്‍ ആശ്വാസ വസ്തുക്കളാണ് എത്തിച്ചിട്ടുള്ളത്. മിഡിലീസ്റ്റിലെ ഗുരുതര സാഹചര്യങ്ങളില്‍ അടിയന്തര ഇടപെടലാണ് യുഎഇ നടത്തിക്കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ ഇടപെടല്‍ സജീവമാക്കുന്നതിന് വിപുലമായ ശ്രമങ്ങളും നടത്തിവരുന്നു. ദീര്‍ഘകലാമായി ലെബനന് ജനതയുമായി യുഎഇ പുലര്‍ത്തുന്ന സഹകരണത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് വിവേകപൂര്‍ണമായ നിലപാടാണ് യുഎഇ സ്വീകരിച്ചുവരുന്നത്.
നിലവിലുള്ള സാഹചര്യങ്ങളില്‍ ലെബനനിലെ ജനങ്ങള്‍ക്ക് യുഎഇ നല്കുന്ന പിന്തുണയുടെ ഭാഗമായാണ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശ പ്രകാരം ഒക്ടോബര്‍ നാലു മുതല്‍ ‘യുഎഇ സ്റ്റാന്റ്സ് വിത്ത് ലെബനന്’ കാമ്പയിന് ആരംഭിച്ചത്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ),യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് (യുനിസെഫ്),യുഎന്‍ അഭയാര്‍ത്ഥി ഹൈക്കമ്മീഷണര്‍(യുഎന്‍എച്ച്സിആര്‍), ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് റെഡ് ക്രോസ് ആന്റ് റെഡ് ക്രസന്റ് സൊസൈറ്റികള്‍ എന്നിവയുള്‍പ്പെടെയുള്ള സംഘടനകളുമായി സഹകരിച്ച് മൊത്തം 14 വിമാനങ്ങള്‍ യുഎഇ അയച്ചിട്ടുണ്ട്. യുഎഇയിലെ പൗരന്മാരുടെയും താമസക്കാരുടെയും ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടെ 24 എമിറാത്തി ഓര്‍ഗനൈസേഷനുകളില്‍ നിന്നുള്ള സംഭാവനകള്‍ ഉള്‍പ്പെടെ 1,300 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ യുഎഇ സമാഹരിക്കുകയും അത് ലബനനിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.