
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
റിയാദ് : ഏഴാമത് ഗ്ലോബല്‍ ഹെല്‍ത്ത് എക്സിബിഷന് റിയാദില്‍ സമാപിച്ചു. 21 മുതല്‍ 23 വരെ റിയാദ് മല്‍ഹമിലെ ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററിലായിരുന്നു സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ മേള സംഘടിപ്പിച്ചത്. ‘ആരോഗ്യത്തില്‍ നിക്ഷേപിക്കുക’ എന്ന ശീര്‍ഷകത്തില്‍ നടന്ന മേളയില്‍ 40ലധികം രാജ്യങ്ങളില്‍ നിന്നായി 1200ലേറെ അന്താരാഷ്ട്ര കമ്പനികള്‍ പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധര്‍,സര്‍ക്കാര്‍ ഏജന്‍സികള്‍,ശസ്ത്രജ്ഞര്‍ തുടങ്ങി അഞ്ഞൂറിലധികം പ്രഭാഷകര്‍ പങ്കെടുത്ത വിവിധ സെഷനുകളും എക്സിബിഷനോടനുബന്ധിച്ച് നടന്നു.
2030 വിഷന്റെ ഭാഗമായി രാജ്യത്ത് നടന്ന ഏറ്റവും വലിയ ആരോഗ്യ മേള സഊദി ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജല്‍ ഉദ്ഘാടനം ചെയ്തു. ദേശീയ വികസനത്തിനും വൈവിധ്യവത്ക്കരണത്തിനുമുള്ള രാജ്യത്തിന്റെ വിഷന്‍ 2030 പദ്ധതിക്ക് കീഴിലുള്ള ആരോഗ്യ പരിവര്‍ത്തന പദ്ധതിയുടെ മാര്‍ഗനിര്‍ദേശ പ്രകാരം ആരോഗ്യ മേഖലയില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തി ആരോഗ്യ മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അതിജയിക്കാനാവുമെന്ന് പ്രതീക്ഷയുണ്ട്. അമ്പത് ബില്യണ്‍ റിയാല്‍ മൂല്യമുള്ള നിക്ഷേപ കരാറുകളാണ് മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചത്. ആരോഗ്യ പരിപാലന രംഗത്ത് നവീകരണം,ഗവേഷണം,കൂടുതല്‍ പ്രഫഷണലുകളെ വളര്‍ത്താനുതകുന്ന സര്‍വകലാശാലകള്‍,കൂടുതല്‍ ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ തന്ത്രപ്രധാനമായ പങ്കാളിത്തവും ഇതിലുള്‍പ്പെടും.
പ്രതിരോധ മന്ത്രാലയത്തിന്റെ ആരോഗ്യ സേവന വകുപ്പ് നൂതന ആരോഗ്യ പരിരക്ഷാ മാതൃകകളും അതിന്റെ ഡിജിറ്റല്‍ പരിവര്‍ത്തന രീതിയും മേളയില്‍ പ്രദര്‍ശിപ്പിച്ചു. ആഭ്യന്തര,അന്തര്‍ദേശീയ രോഗികളുടെ ഗതാഗതത്തെ സഹായിക്കുന്ന മെഡിക്കല്‍ എയര്‍ ഇവാക്വേഷന് പ്രോഗ്രാം ശ്രദ്ധേയമായി. മൊബൈല്‍ ആശുപത്രികള്‍,മിലിട്ടറി മെഡിക്കല്‍ സേവനങ്ങള്‍,മിലിട്ടറി നഴ്സിങ്ങില്‍ സ്ത്രീകളുടെ പങ്ക് എന്നിവയും മന്ത്രാലയം പ്രദര്‍ശിപ്പിച്ചു.
രാജ്യത്തെ മെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്‍സുലിന്‍ ഉത്പാദനം പ്രാദേശികവത്ക്കരിക്കാന്‍ നാഷണല്‍ യൂണിഫൈഡ് പ്രൊക്യുര്‍മെന്റ് കമ്പനിയുമായി കരാര്‍ ഉണ്ടാക്കി. പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്ന നൂതന ആംബുലന്‍സുകള്‍ പ്രദര്‍ശിപ്പിച്ച് സഊദി റെഡ് ക്രസന്റ് അതോറിറ്റിയും മേളയില്‍ പങ്കെടുത്തു. ബോര്‍ഡര്‍ ഗാര്‍ഡുകള്‍ മന്ത്രാലയത്തിന്റെ പവലിയനില്‍ സെര്‍ച്ച് ആന്റ്് റെസ്ക്യൂ സാങ്കേതിക വിദ്യകള്‍,എമര്‍ജന്‍സി ഡിസ്ട്രസ് ഉപകരണങ്ങള്‍,സ്മാര്ട്ട്് ലൈഫ് ബോയ്സ് എന്നിവയും അവതരിപ്പിച്ചു. മെഡിക്കല്‍ സേവനങ്ങളിലെ എ ഐ സാങ്കേതികവിദ്യകള്‍, മെഡിക്കല്‍ സിറ്റികള്‍ക്കായുള്ള പ്രോജക്ടുകള്‍, മൊബൈല്‍ ക്ലിനിക്ക് വാഹനങ്ങള്‍ എന്നിവ പവലിയന് സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രി അവലോകനം ചെയ്തു. ട്രാഫിക് സുരക്ഷ വര്‍ധിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്ത ലൂസിഡ് ഇലക്ട്രിക് സെക്യൂരിറ്റി വെഹിക്കിളും പരിസ്ഥിതി സംരക്ഷണത്തിനുള്ള ശ്രമങ്ങളും അദ്ദേഹം പരിശോധിച്ചു.