27 മില്യണ്‍ ഫോളോവേഴ്സ്
കുവൈത്ത് സിറ്റി : വിദേശത്തേക്കുള്ള പണമിടപാടിന് നികുതി ചുമത്തണമെന്ന് നിയമ വിദഗ്ധന്‍ അദ്ബി അല്‍ തഹ്നൂന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പണമിടപാടിന് ഉള്‍പ്പെടെ 5 ശതമാനം നികുതി ചുമത്തണമെന്ന നിര്‍ദ്ദേശമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. എല്ലാ മേഖലയിലും നികുതി ചുമത്തി കൂടുതല്‍ വരുമാന മാര്‍ഗം എണ്ണ ഇതര മേഖലയില്‍ കണ്ടെത്തണമെന്നാണ് അല്‍ തഹ്നൂന് നിര്‍ദ്ദേശിക്കുന്നത്. പൗരന്മാരില് നിന്നോ വിദേശികളില്‍ നിന്നോ കുവൈത്ത് സര്‍ക്കാര്‍ യാതൊരു വിധ നികുതിയും ഇപ്പോള്‍ പിരിച്ചെടുക്കുന്നില്ല. വരാനിരിക്കുന്ന ബജറ്റുകളില്‍ കമ്മി തടയാന്‍ കുവൈത്ത് സര്‍ക്കാരിന്റെ വരുമാന സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കണം. 2024/2025 സാമ്പത്തിക വര്‍ഷം 5.6 ബില്യണ്‍ ദീനാര്‍ കമ്മി അനുഭവപ്പെടുമെന്നാണ് കണക്കാക്കുന്നത്. അത്തരം കമ്മി ഭാവി സാമ്പത്തിക വര്‍ഷങ്ങളില്‍ നിലനില്ക്കാന് സാധ്യതയുണ്ടെന്ന് അല്‍ തഹ്നൂന് സൂചിപ്പിച്ചു. വ്യവസായങ്ങള്‍, മരുന്ന് , ഭക്ഷ്യ ഉല്പന്നങ്ങള്, കൃഷി, ടൂറിസം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലേക്ക് നികുതി വ്യാപിപ്പിക്കണം.
അടിസ്ഥാന സൗകര്യ വികസനം, റോഡ് അറ്റകുറ്റപ്പണികള്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പൗരന്മാര്ക്ക് നല്കുന്ന സേവനങ്ങള്‍ വര്‍ധിപ്പിക്കാന്‍ നികുതി വഴി വരുന്ന അധിക വരുമാനം കൊണ്ട് സാധിക്കും. ഇറക്കുമതിക്ക് പരോക്ഷ നികുതിക്കും കസ്റ്റംസ് ഫീസുകള്‍ക്കും പകരം ഉല്‍പ്പന്നങ്ങള്‍ക്ക് വ്യക്തമായ നികുതി ഏര്‍പ്പെടുത്തണം അല്‍ തഹ്നൂന് ആവശ്യപ്പെട്ടു. പണമിടപാടിനും സേവനങ്ങള്‍ക്കും ഉല്‍പ്പങ്ങള്‍ക്കും നികുതി വര്‍ധിപ്പിക്കാനുള്ള നീക്കം പ്രവാസികള്‍ ആശങ്കയോടെയാണ് നോക്കി കാണുന്നത്. കഷ്ടിച്ച് ജീവിതം മുന്നോട്ട് നയിക്കുന്ന ചെറിയ ശമ്പളക്കാരാണ് പ്രവാസികളിലധികവും. നികുതി ചുമത്തുമ്പോഴുണ്ടാകുന്ന വിലക്കയറ്റം പ്രവാസിയുടെ ജീവിത ബജറ്റുയര്ത്തും. പണമിടപാടില്‍ കൂടി നികുതി വരുമ്പോള്‍ നാട്ടിലേക്കുള്ള പണത്തിനും കൂടുതല്‍ തുക നീക്കിവെക്കേണ്ടി വരും. വിദേശത്തേക്കുള്ള പണമിടപാടില്‍ നികുതി ചുമത്തണെമെന്ന ആവശ്യം വര്‍ഷങ്ങളായി കുവൈത്തിലെ ചില സാമ്പത്തിക നിയമ വിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്.
എന്നാല്‍ ഈ ആവശ്യത്തോട് ധനമന്ത്രാലയം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. പശ്ചിമേഷ്യയില്‍ രാഷ്ട്രീയ സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക നടപടികള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.